/sathyam/media/media_files/2026/01/30/1001626632-2026-01-30-11-58-25.jpg)
കോട്ടയം: തദ്ദേശ വികസനത്തിന് ബജറ്റിലെ പൊടിക്കെ ഉതകുമോ എന്നതില്‍ ആകാംഷ.
വന്‍കിട വികസന പദ്ധതികള്‍ക്കുള്ള പണം വിപണിയില്‍ നിന്നും കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുവദിക്കുമെന്നാണു പ്രഖ്യാപനം.
പദ്ധതികള്‍ ഫണ്ടില്ലാതെ നീണ്ടുപോകുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം ധനമന്ത്രി മുന്നോട്ടുവെക്കുന്നത്.
ഇതിനായി കേരളത്തിലെ നഗരസഭകളേയും കോര്‍പറേഷനുകളെയും മുനിസിപ്പല്‍ ബോണ്ടുകള്‍ പുറപ്പെടുവിക്കാന്‍ അനുവദിക്കും.
നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വായ്പയെടുക്കാന്‍ ഗ്രാമപഞ്ചായത്തുകളെയും അനുവദിക്കുമെന്നും ബജറ്റിലുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ കടബാധ്യത തുടര്‍ച്ചയായി വര്‍ധിക്കുന്നതിന്റെയും പ്രതീക്ഷിച്ചതുപോലെ തനതുവരുമാനം ഉയരാത്തതിന്റേയും പശ്ചാത്തലത്തില്‍, തദ്ദേശ സ്ഥാപനങ്ങളുടെ വികസന ചെലവിന്റെ ബാധ്യതയുടെ ഒരുഭാഗം ഒഴിവാക്കിയെടുക്കാനുള്ള ശ്രമമാണിതെന്നാണ് വിലയിരുത്തല്‍.
അതുപോലെ വികസന പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിന് ഫണ്ട് ഒരു തടസമാകാതെ നോക്കുവാന്‍ തദ്ദേശ സ്ഥാപനങ്ങളേയും ഇത് പ്രാപ്തമാക്കുന്ന നടപടിയാണെന്നു എല്‍.ഡി.എഫ് വാദിക്കുന്നത്.
നികുതി-നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിനും വിപണിയില്‍ നിന്നും വായ്പ എടുക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുമായി ലോക്കല്‍ ഗവണ്‍മെന്റ് ബോര്‍ഡ് ഓഫ് ഫിനാന്‍സ് രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിച്ചതായും ബജറ്റിലുണ്ട്
അതുപോലെ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കാനും ബോര്‍ഡ് ഓഫ് ഫിനാന്‍സ് മുന്‍കയ്യെടുക്കും.
കൂടാതെ പ്രാദേശിക സര്‍ക്കാരുകളുടെ വികസന പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതികമികവും ഉറപ്പുവരുത്താന്‍ ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും.
ഇതിനായി ജില്ലാ ആസൂത്രണ സമിതികള്‍ക്ക് പ്രതിവര്‍ഷം 10 കോടി രൂപ വീതം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 2026-27 സാമ്പത്തിക വര്‍ഷത്തിലേക്ക് അനുവദിച്ചിട്ടുള്ള ജനറല്‍ പര്‍പ്പസ് ഫണ്ട് ഇനത്തില്‍ 3,236.76 കോടി രൂപയും മെയിന്റനന്‍സ് ഫണ്ട് ഇനത്തില്‍ 4315.69 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഇത് 2025-26 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 786.96 കോടി രൂപ അധികമാണ്.
2026-27ലേക്കുള്ള സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം വരുന്ന 10,189 കോടി രൂപ പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള വികസന ഫണ്ടായി നീക്കിവെക്കുന്നു.
ഇതിലൂടെ വികസന ഫണ്ട് 9,100 കോടി രൂപയില്‍ നിന്ന് 10,189 കോടി രൂപയായി വര്‍ധിക്കും.
അതേസമയം, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് വേതനം കൂട്ടുമെന്ന് ബജറ്റിൽ പ്രഖ്യാപനവുമണ്ട്.
ത്രിതലപഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍, മേയര്‍ തുടങ്ങിയ പ്രധാനഭാരവാഹികള്‍ക്ക് നിലവിലുള്ളതിന്റെ ഇരട്ടി വേതനം നല്‍കണമെന്നാണ് സംസ്ഥാന ധനകാര്യകമ്മിഷന്റെ ശിപാര്‍ശ.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ് 75 ശതമാനവും കൗണ്‍സിലര്‍/അംഗങ്ങള്‍ക്ക് 50 ശതമാനവും കൂടും.
കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചെന്നും ഏപ്രിലില്‍ പുതുക്കിയവേതനം നല്‍കിത്തുടങ്ങുമെന്നാണ് ബജറ്റ് പ്രഖ്യാപനം. 2021-ലാണ് മുന്‍പ് പരിഷ്‌കരിച്ചത്.
മുന്‍ ജനപ്രതിനിധികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് ക്ഷേമനിധി. ഇതിന് ഇക്കൊല്ലംതന്നെ 250 കോടി രൂപ സമാഹരിക്കുമെന്നാണ് പ്രഖ്യാപനം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us