വീണ്ടും ഒരിക്കല്‍ കൂടി അവഗണന. കേരളത്തില്‍ എയിംസ് ഇക്കൊല്ലവുമില്ല. എയിംസ് നല്‍കുമെന്ന കേന്ദ്ര ഉറപ്പ് പാഴ് വാക്കായി

കേരളത്തിന് എയിംസ് അനുവദിക്കുമെന്ന്2014ലാണ് അന്നത്തെ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ പ്രഖ്യാപിച്ചത്.

New Update
suresh-gopi-kerala-.1.3120630

കോട്ടയം: വീണ്ടും ഒരിക്കല്‍ കൂടി അവഗണന.കേരളത്തില്‍ എയിംസ് ഇക്കൊല്ലവുമില്ല. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് 2014 ലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Advertisment

സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് കിനാലുരില്‍ എയിംസിനായി ഭൂമി കണ്ടെത്തുകയും ചെയ്തു. എന്നാല്‍, പ്രഖ്യാപിച്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും എയിംസ് യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.


സംസ്ഥാനത്ത് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സ്ഥാപിക്കുന്നതിനായി കോഴിക്കോട് കിനാലൂരില്‍ ഭൂമിയടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടും എയിംസെന്നത് സ്വപ്നമായി തുടരുകയാണ്. കേരളം കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷം 12 കഴിഞ്ഞു.


കേന്ദ്ര സര്‍ക്കാറിന്റെ ബജറ്റിലൊന്നും എയിംസ് ഇതുവരെയും ഇടംപിടിച്ചില്ല. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന്2014ലാണ് അന്നത്തെ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ കിനാലൂരില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. കേന്ദ്രം ആവശ്യപ്പെട്ടതു പ്രകാരം മൂന്നു സ്ഥലങ്ങളാണ് ആദ്യം സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

പിന്നീട് ഇതു ഒരു സ്ഥലം മാത്രമാക്കി നിജപ്പെടുത്തണമെന്നും സ്ഥലം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതു സംസ്ഥാന സര്‍ക്കാര്‍ പാലിക്കുകയും ചെയ്തു.

എയിംസിനായി 200 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഇതില്‍ 150ഏക്കര്‍ ഭൂമി ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഡയർക്ടര്‍ക്ക് കൈമാറിയത്. ഭാവി വികസനം കണക്കിലെടുത്ത് 100 ഏക്കര്‍ ഭൂമി സ്വകാര്യവ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

ജനങ്ങള്‍ പൂര്‍ണ്ണമനസ്സോടെയാണ് എയിംസിനായി ഭൂമി വിട്ടു നല്‍കിയത്. കിനാലൂര്‍, കാന്തലാട് വില്ലേജുകളില്‍പ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്.

മാത്രവുമല്ല റോഡ് മാര്‍ഗവും റെയില്‍മാര്‍ഗവും കിനാലൂരിലെത്താനും എളുപ്പത്തില്‍ കഴിയുമെന്നതും അനുകൂല ഘടകങ്ങളാണ്.


കാര്യങ്ങള്‍ ഇത്രയൊക്കെ പുരോഗമിച്ചിട്ടും എയിംസ് അനുവദിക്കാന്‍ കേന്ദ്രം ഇതു വരെ തയ്യാറായിട്ടില്ല. രാജ്യത്ത് പുതിയ 22എയിംസുകള്‍ പ്രഖ്യാപിച്ചപ്പോഴും ആരോഗ്യ രംഗത്ത് മാതൃകയായ കേരളത്തെ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. 


കഴിഞ്ഞ തവണ അവഗണിച്ചതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയെക്കണ്ടു വിഷയം അവതരിപ്പിച്ചിരുന്നു. അന്ന് അടുത്ത ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന മറുപടിയായിരുന്നു നല്‍കിയിരുന്നത്.

എയിംസ് അവിടെ വരും ഇവിടെ വരും എന്നു പറഞ്ഞു നടന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയടക്കമുള്ളവര്‍ അവഗണനയില്‍ മറുപടി നല്‍കേണ്ടി വരും.

വിഷയം രാഷ്ട്രീയ ആരോപണമായി തന്നെ എല്‍.ഡി.എഫ് ഉയര്‍ത്തിക്കഴിഞ്ഞു. യു.ഡി.എഫും കേന്ദ്രം അവഗണിച്ചു എന്ന ആക്ഷേപം ഉയര്‍ത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം ബി.ജെ.പിക്കു ക്ഷീണം ഉണ്ടാക്കും.

Advertisment