/sathyam/media/media_files/2026/02/04/1001637383-2026-02-04-13-08-32.webp)
കോട്ടയം: വേനല്‍ രൂക്ഷമാകുന്നു, വന്യജീവി ആക്രമണങ്ങളും വര്‍ധിക്കുന്നു.
പുതു വര്‍ഷത്തില്‍ മാത്രം നിരവധി വന്യജീവി ആക്രമണങ്ങളാണ് ഉണ്ടായത്. ഇന്നലെ വൈകിട്ട് തൃശൂര്‍ പീച്ചിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചിരുന്നു.
കൃഷി നശിപ്പിക്കുന്ന വന്യ ജീവികളെക്കൊണ്ട് ജനങ്ങളും പൊറുതിമുട്ടിയിരിക്കുകയാണ്.
വന്യജീവി സംഘര്‍ഷത്തിന് പരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പു നല്‍കി വോട്ടുവാങ്ങി വിജയിച്ചവര്‍ പോലും ഇപ്പോള്‍ വിഷയത്തിന് വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയമായിരുന്നു വന്യജീവി ആക്രമണങ്ങള്‍.
അതേസമയം, വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഒന്നും ചെയ്യുന്നില്ലെന്ന പരാതി നാട്ടുകാര്‍ക്കുണ്ട്.
സംസ്ഥാനത്തെ വന്യജീവി ആക്രമണ പ്രതിരോധത്തത്തിന് 100 കോടി രൂപ മാത്രമാണ് ബജറ്റില്‍ വക യിരുത്തിയിരിക്കുന്നത്.
ഈ തുക കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കല്ലെന്നും ജനം പറയുന്നു. കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങി കനത്ത നാശഷ്ടമാണു വരുത്തിവെക്കുന്നത്.
സ്വന്തം വീട്ടുമുറ്റത്തു നില്‍ക്കുമ്പോള്‍ പോലും ആനയും പുലിയുടെയും കടുവയുടെയതും കാട്ടുപോത്തിന്റെയുമെല്ലാം ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നു.
എന്നാല്‍, വന്യജീവി ആക്രമണം നേരിടാന്‍ സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
വന്യജീവികളുടെ എണ്ണം നിര്‍ണയിക്കാന്‍ കൃത്യമായ ശാസ്ത്രീയപഠനം നടത്തിയിട്ടുമില്ല.
ഭൂവിസ്തൃതിയുടെ 30 ശതമാനം വനമുള്ള സംസ്ഥാനത്ത് 273 പഞ്ചായത്തുകള്‍ വന്യമൃഗ ആക്രമണഭീതിയിലാണ്.
30 പഞ്ചായത്തുകള്‍ അതിതീവ്ര വന്യജീവി ആക്രമണമേഖലയിലുമാണ്.
സംസ്ഥാനത്ത് ആന, കടുവ, കാട്ടുപന്നി, പുലി, കുരങ്ങ്, കരടി, കാട്ടുപോത്ത് എന്നിവയുടെ ആക്രമണം വര്‍ധിച്ചു വരുകയാണ്.
മുന്‍കാലങ്ങളിലേതിനേക്കാള്‍ മൃഗങ്ങള്‍ കാടുവിട്ട് നാട്ടിന്‍പുറങ്ങളിലെത്തുന്നുണ്ട്.
വന്യജീവിശല്യംകൊണ്ട് ദുരിത മനുഭവിക്കുന്നവരില്‍ ഭൂരിഭാഗംവരുന്ന ആദിവാസികളും കര്‍ഷക ത്തൊഴിലാളികളും ചെറുകിട കര്‍ഷകരും ഉള്‍പ്പെടുന്നവരെ സംരക്ഷിക്കാന്‍പോലും ഫണ്ട് അപര്യാപ്തമാണ്.
10 വര്‍ഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കേരളത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ 13 മടങ്ങും പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 30 മടങ്ങും വര്‍ധനവാണുണ്ടായിട്ടുള്ളത്.
ശരാശരി നോക്കുമ്പോള്‍ സംസ്ഥാനത്ത് ഓരോ മൂന്നുദിവസം കൂടുമ്പോഴും ഒരാള്‍വീതം വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ട്.
ഓരോദിവസവും രണ്ടുപേര്‍ക്കു വീതം ആക്രമണങ്ങളില്‍ പരുക്കേല്‍ക്കുന്നുണ്ട്.
35,000-ത്തിലധികം വന്യജീവി ആക്രമണങ്ങളാണു കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മാത്രം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.
വന്യമൃഗങ്ങളുടെ ശല്യംമൂലം ആയിരക്കണക്കിനു ഹെക്ടര്‍ ഫലഭൂയിഷ്ഠമായ കൃഷി ഉപേക്ഷിക്കപ്പെട്ടു.
മനുഷ്യര്‍ക്കു നേരേയുള്ള വന്യമൃഗ ആക്രമണം കൂടിയിട്ടും വന്യജീവികളെ തടയാന്‍ വനം വകുപ്പ് പരിഹാരം കണ്ടെത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us