/sathyam/media/media_files/2025/09/02/coconut-2025-09-02-12-53-25.jpg)
കോട്ടയം: നാളികേര കൃഷിക്ക് കേന്ദ്ര ബജറ്റിൽ പ്രോത്സാഹന പ്രഖ്യാപനം, പിന്നാലെ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുറയുന്നു.
രാജ്യത്ത് നാളികേര കൃഷി ശക്തിപ്പെടുത്തുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ആധുനിക കൃഷിരീതികൾ വ്യാപിപ്പിക്കുന്ന തിനുമായാണ് കേന്ദ്ര സർക്കാർ കോക്കനട്ട് പ്രൊമോഷൻ സ്കീം വിഭാവനം ചെയ്തിരിക്കുന്നത്.
പ്രധാനമായും കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ തെങ്ങ് കൃഷിക്ക് പ്രാധാന്യമുള്ള സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് ഇത് നടപ്പിലാക്കുക.
പദ്ധതി പ്രഖ്യാപനം വന്ന ശേഷം തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലയിൽ കുറവ് വന്നിട്ടുണ്ട്.
കിലോക്ക് 350 രൂപക്ക് മുകളിലെത്തിയിരുന്ന വെളിച്ചെണ്ണ വില ഇപ്പോൾ നേരിയതോതിൽ കുറഞ്ഞത് കുടുംബങ്ങൾക്കും ഹോട്ടൽ മേഖലക്കും ആശ്വാസമായിരിക്കുകയാണ്.
സംസ്ഥാനത്തെ വിവിധ ഹോൾസെയിൽ വിപണികളിൽ വെളിച്ചെണ്ണയുടെ വില ലിറ്ററിന് കഴിഞ്ഞ ഒരുമാസത്തിനിടെ ശരാശരി 20-40 രൂപ വരെ കുറഞ്ഞതായി വ്യാപാരികൾ വ്യക്തമാക്കുന്നു.
സബ്സിഡി നിരക്കിൽ 289രൂപയാണ് ചൊവ്വാഴ്ച മുതൽ സപ്ലൈകോ ഔട്ലറ്റുകളിലെ വെളിച്ചെണ്ണ വില.
നോൺ സബ്സിഡിക്കാകട്ടെ 309 രൂപയുമാണ് സപ്ലൈകോ ഔട്ലറ്റുകളിലെ പുതിയ വില.
കഴിഞ്ഞ കഴിഞ്ഞ തിങ്കളാഴ്ച വരെ സപ്ലൈകോയിൽ സബ് സിഡി വെളിച്ചെണ്ണക്ക് ലിറ്ററിന് 309 രൂപയും നോൺ സബ്‌സിഡിക്ക് 329 രൂപയുമായിരുന്നു വില.
ചില്ലറ വിപണിയിൽ ലൂസ് വെളിച്ചെണ്ണക്ക് 260 രൂപവരെ ചൊവ്വാഴ്‌ച വില താഴ്ന്നിട്ടുണ്ട്.
തേങ്ങയുടെ വിപണി വരവ് വർധിച്ചതും, ഉൽപാദനം കൂടിയതും, പകരം ഭക്ഷ്യഎണ്ണകളുടെ കുറഞ്ഞ വിലയും ചേർന്നതാണ് വില താഴാൻ കാരണമായത്.
വിലക്കുറവ് സാധാരണ കുടുംബങ്ങൾക്കും ചെറുകിട ഹോട്ടൽ-ബേക്കറി വ്യാപാരികൾക്കും വലിയ ആശ്വാസമാണ്.
പദ്ധതി പ്രഖ്യാപിച്ചതും വില കുറയാൻ കാരണമായിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
കാലപ്പഴക്കം ചെന്നതും ഉൽപ്പാദനക്ഷമത കുറഞ്ഞതുമായ തെങ്ങുകൾ മാറ്റി പകരം ഉയർന്ന ഗുണമേന്മയുള്ളതും വേഗത്തിൽ ആദായം നൽകുന്നതുമായ തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കുക എന്നതാണ് കോക്കനട്ട് പ്രൊമോഷൻ സ്കീം പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കശുവണ്ടി, കൊക്കോ തുടങ്ങിയ ഉയർന്ന മൂല്യമുള്ള വിളകൾക്ക് നൽകുന്ന പ്രാധാന്യത്തിന് സമാനമായാണ് തെങ്ങ് കൃഷിയെയും സർക്കാർ പരിഗണിച്ചിരിക്കുന്നത്.
ആധുനിക കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും വലിയ നാളികേര ഉൽപ്പാദകരായ ഇന്ത്യയുടെ സ്ഥാനം നിലനിർത്താനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
രാജ്യത്ത് ഏകദേശം 30 മില്യൺ ആളുകൾ നാളികേര മേഖലയിൽ നിന്ന് ഉപജീവനം കണ്ടെത്തുന്നുണ്ട്, ഇതിൽ 10 മില്യൺ പേർ കർഷകരാണ്.
ഈ വലിയൊരു വിഭാഗത്തിന് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
കൂടാതെ, വെളിച്ചെണ്ണ, കരിക്കിൻ വെള്ളം, മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യവസായങ്ങൾക്കും മികച്ച അസംസ്കൃത വസ്തുക്കൾ ലഭ്യമാകാൻ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us