/sathyam/media/media_files/ihJzEHFSzwzmbfONX4r6.jpeg)
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കമായി കാഹളമായി മുന്നണികളുടെ ജാഥകള്‍, എത്തുമ്പോൾ ജില്ലയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കാന്‍ പാര്‍ട്ടികളുടെ തിരക്കിട്ട നീക്കങ്ങൾ.
വിജയസാധ്യത മാത്രം പരിഗണിച്ച് കണ്ടെത്തുന്ന സ്ഥാനാര്‍ഥികളെ ജാഥാ വേദികളില്‍ അവതരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ജില്ലയിൽ മൂന്നു മുന്നണികളിലും സീറ്റു വിഭജന, വച്ചുമാറ്റ, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്.
എല്‍.ഡി.എഫില്‍ പാലായില്‍ ആരു മത്സരിക്കുമെന്നതാണ് സസ്‌പെന്‍സ് എങ്കില്‍, യു.ഡി.എഫില്‍ ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമോ എന്നതാണ് രാഷ്ട്രീയ ആകാംക്ഷ.
ലോക്‌സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ ടെമ്പോ നിലനിര്‍ത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് യു.ഡി.എഫ്.
പ്രാദേശിക തലത്തില്‍ പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസ് തദ്ദേശ സ്ഥാപന അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന ജാഥ ജില്ലയില്‍ എത്തുന്നതിനു മുമ്പേ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രീതിയിലാണ് യു.ഡി.എഫ്. പ്രവര്‍ത്തനങ്ങള്‍.
യു.ഡി.എഫിനായി കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും പാലായില്‍ മാണി സി. കാപ്പനും വീണ്ടും മത്സരിക്കും.
ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകളില്‍ കോണ്‍ഗ്രസ് - കേരളാ കോണ്‍ഗ്രസ് തര്‍ക്കവും, ഈ സീറ്റുകളില്‍ മത്സരിക്കാനായി ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ തമ്മിലും തര്‍ക്കം നിലനില്‍ക്കുന്നു.
കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും കോണ്‍ഗ്രസിനായി സ്ഥാനാര്‍ഥി മോഹികളുടെ നീണ്ട നിരയാണ്.
എല്‍.ഡി.എഫില്‍ ചങ്ങനാശേരിയില്‍ ജോബ് മൈക്കിളും ഏറ്റുമാനൂരില്‍ വി.എന്‍. വാസവനും പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലും കാഞ്ഞിരപ്പള്ളിയില്‍ എന്‍.ജയരാജും വീണ്ടും സ്ഥാനാര്‍ഥികളാകും.
പാലാ, കടുത്തുരുത്തി സീറ്റുകളില്‍ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് കേരളാ കോണ്‍ഗ്രസ് -എമ്മിന്റെ പ്രചാരണം നടക്കുന്നത്.
വൈക്കത്ത് വീണ്ടുമൊരിക്കല്‍ കൂടി സി.കെ. ആശയെ മത്സരിപ്പിക്കാനുള്ള സി.പി.ഐ. നീക്കത്തില്‍ പ്രാദേശിക എതിര്‍പ്പുകള്‍ ശക്തമായിട്ടുണ്ട്.
പുതുപ്പള്ളിയിലും കോട്ടയത്തൂം പുതുമുഖങ്ങള്‍ സ്ഥാനാര്‍ഥികളായേക്കാം. ജോസ് കെ. മാണി നയിക്കുന്ന എല്‍.ഡി.എഫ്. മേഖലാ ജാഥയ്ക്കു പിന്നാലെ സ്ഥാനാർഥി നിർണയത്തിന് വേഗത കൂടും.
എൻ.ഡി.എയിൽ പി.സി. ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബി.ജെ.പിയ്ക്കായി മത്സരംഗത്തുണ്ടാകുമോ എന്നതും ചോദ്യമായി നിലകൊള്ളുന്നു.
പൂഞ്ഞാറിൽ പി.സി ജോർജും പാലായിൽ ഷോണും മത്സരിച്ചേക്കും. മറ്റു സീറ്റുകളിലും സ്ഥാനാർഥിയെ സംബന്ധിച്ച് എൻഡിഎയിൽ ചർച്ച സജീവമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us