മഹാത്മാഗാന്ധി സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അട്ടിമറിക്കാനുള്ള സംഘപരിവാർ നീക്കത്തിൽ പ്രതിഷേധവുമായി എകെപിസിടിഎ. പറവൂർ കേസരി ഗവ. കോളജിലെ അധ്യാപകൻ അധ്യാപകരെ വിളിച്ച് സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്യുന്നെന്നാരോപണം. അധാർമികവും ജനാധിപത്യവിരുദ്ധമായ നടപടികളിൽ നിന്ന് സംഘപരിവാർ സംഘടനകളും ചാൻസലറുടെ ഓഫീസും പിന്മാറണമെന്നും എകെപിസിടിഎ

ഈ ഒത്തുകളിയുടെ ഭാഗമായാണ് സർവ്വകലാശാല ചാൻസലർക്ക് നൽകിയ പട്ടികയിൽ നിന്ന് 250 ഓളം പേരെ ഒഴിവാക്കിയതും എന്നാൽ അബദ്ധങ്ങൾ ഏറെ നിറഞ്ഞതുമായ ഒരു ഉത്തരവ് ചാൻസലറുടെ ഓഫീസിൽ നിന്ന് വന്നത്

New Update
mg university kottayam

കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഡീൻ നിയമനത്തിലും സിൻഡിക്കേറ്റ് നിയമനത്തിലും നടത്തിയ ജനാധിപത്യ വിരുദ്ധമായ നടപടികൾക്ക് പിന്നാലെ ബോർഡ് ഓഫ് സ്റ്റഡീസുകളിലേക്കും സംഘപരിവാർ അനുകൂലികളായ അധ്യാപകരെ അക്കാദമിക് മാനദണ്ഡങ്ങളാകെ അട്ടിമറച്ച് നാമനിർദ്ദേശം ചെയ്യാനുള്ള ശ്രമങ്ങളിൽ നിന്ന് ചാൻസലറുടെ ഓഫീസും സങ്കുചിത താൽപര്യക്കാരും പിന്മാറണം എന്ന് എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

Advertisment

നേരിട്ട് സംഘപരിവാർ ബന്ധമുള്ള അധ്യാപകരെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ സംഘപരിവാർ ബന്ധമുള്ള അധ്യാപക സംഘടനയുടെ നേതാവ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ ബോർഡ് ഓഫ് സ്റ്റഡീസുകളിൽ ഉൾപ്പെടുത്തിത്തരാം എന്ന വാഗ്ദാനങ്ങളുമായി മറ്റുള്ള അധ്യാപകരെ സമീപിച്ചിരിക്കുകയാണ്.    

ഏറ്റവും ഉന്നതമായ നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മഹാത്മാഗാന്ധി സർവ്വകലാശാലയുടെ മുന്നേറ്റങ്ങളെ പിന്നോട്ടടിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടുകൂടിയാണ് ഈ ഇടപെടലുകൾ എന്നത് വ്യക്തമാണ്.

ജനാധിപത്യപരമായി ഈ സമിതികളിൽ എത്തിച്ചേരാൻ യാതൊരുവിധ നിർവാഹവും ഇല്ലാത്തതിനാലാണ് ഇത്തരത്തിലുള്ള ഒളിച്ചു കടത്തലുകൾക്കായി അധ്യാപകരെ കണ്ടെത്താൻ സംഘപരിവാർ സംഘടനകൾ ഇറങ്ങിയിരിക്കുന്നത്. 

മഹാത്മാഗാന്ധി സർവകലാശാലയുടെ ബോർഡ് ഓഫ് സ്റ്റഡീസിന്റെ നിയമന ഉത്തരവ് ചാൻസലർ കൂടിയായ ഗവർണറുടെ ഓഫീസിൽ നിന്നാണ്.

അതിനാൽ തന്നെ സംഘപരിവാർ അനുകൂല സംഘടനയിൽ അംഗമായ പറവൂർ കേസരി ഗവ. കോളജിലെ അധ്യാപകൻ ഇത്തരത്തിൽ അധ്യാപകരെ വിളിച്ച് സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ചാൻസലറുടെ ഓഫീസിന് ഉള്ള പങ്കും ഇതിനാൽ വ്യക്തമാണ്. 

ഈ ഒത്തുകളിയുടെ ഭാഗമായാണ് സർവ്വകലാശാല ചാൻസലർക്ക് നൽകിയ പട്ടികയിൽ നിന്ന് 250 ഓളം പേരെ ഒഴിവാക്കിയതും എന്നാൽ അബദ്ധങ്ങൾ ഏറെ നിറഞ്ഞതുമായ ഒരു ഉത്തരവ് ചാൻസലറുടെ ഓഫീസിൽ നിന്ന് വന്നത്.

ഇത് തിരുത്താൻ സർവ്വകലാശാലയിൽ നിന്ന് ഔദ്യോഗികമായി ചാൻസലറോട് ആവശ്യപ്പെടുമ്പോൾ വീണ്ടും ചിലരെ പകരക്കാരായി ഉൾപ്പെടുത്താനാകാം ഈ ശ്രമം. 

അതിനാൽ ഇത്തരത്തിലുള്ള അധാർമികവും ജനാധിപത്യവിരുദ്ധമായ നടപടികളിൽ നിന്ന് സംഘപരിവാർ സംഘടനകളും ചാൻസലറുടെ ഓഫീസും പിന്മാറണമെന്നും, എം ജി സർവ്വകലാശാലയുടെ അക്കാദമിക് വളർച്ചയെ ഇല്ലാതാക്കരുതെന്നും എ കെ പി സി ടി എ സംസ്ഥാന പ്രസിഡൻ്റ് എ നിശാന്ത്, ജനറൽ സെക്രട്ടറി ഡോ ബിജുകുമാർ കെ എന്നിവർ ആവശ്യപ്പെട്ടു.

Advertisment