/sathyam/media/media_files/2026/02/18/1001669401-2026-02-18-14-37-30.jpg)
കോട്ടയം: ഒരു വശത്ത് ക്രൈസ്ത സഭകളെ അനുനയിപ്പിക്കാൻ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ മറുവശത്ത് സർക്കാരിന്റെ മദ്യനയത്തിനെതിരെ ക്രൈസ്തവ സഭകൾ രംഗത്തു വന്നു.
ഇതോടെ സർക്കാരിൻ്റെ സോഷ്യൽ എൻജിനിയറിങ്ങ് പാളുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഭിന്നശേഷി അധ്യാപക നിയമനത്തിൽ സർക്കാരും സഭകളും ഏറെക്കാലമായി അകൽച്ചയിലാണ്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സഭകളെ അനുനയിപ്പിക്കേണ്ടതിൻ്റെ ആവശ്യകത എൽ.ഡിഎഫിനുണ്ട്.
മധ്യകേരളത്തിൽ എൽ.ഡി.എഫിനു പിടിച്ചു നിൽക്കണമെങ്കിൽ സഭകളുടെ പിന്തുണ കൂടിയേ തീരു.
കഴിഞ്ഞ ദിവസം കത്തോലിക്കാ സഭയുടെ അധ്യാപക സംഘടന സംസ്ഥാന സമ്മേളനം ചേർന്നപ്പോഴും സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വന്നിരുന്നു.
ഇതോടെയാണ് ഭിന്നശേഷി സംവരണത്തിൽ എൻ.എസ്.എസിന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ ഒരുങ്ങുന്നത്.
ഇതുസംബന്ധിച്ച അനുകൂല നിയമോപദേശം സർക്കാരിന് ലഭിച്ചു. സഭയുടെ രോഷം തണുപ്പിക്കാൻ സർക്കാർ ഉടൻ തന്നെ ഉത്തരവിറക്കും. അന്തിമ തീരുമാനം സുപ്രീം കോടതി വിധി പ്രകാരമെന്ന ഉപാധി വെച്ചായിരിക്കും ഉത്തരവ് ഇറക്കുക.
ഇതിനിടെയാണു ബാറുകളുടെ പ്രവർത്തന സമയം നീട്ടാനുള്ള സർക്കാരിൻ്റെ വഴിവിട്ട നീക്കത്തിനെതിരെ സഭകൾ പ്രതിഷേധം ശക്തമാക്കിയത്.
സംസ്ഥാനത്തെ മദ്യത്തില്‍ മുക്കികൊല്ലുന്ന നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു.
അസാധാരണ വിജ്ഞാപനത്തിലൂടെ രാത്രിയും പകലും മദ്യമൊഴുക്കാനുള്ള നീക്കം പ്രതിരോധിക്കുമെന്നു മറ്റു സഭകളും പ്രഖ്യാപിച്ചു കഴിഞ്ഞു.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തിടുക്കത്തില്‍ ഈ ബില്‍ കൊണ്ടുവന്നതിന് പിന്നിലെ താല്‍പര്യം വ്യക്തമാണ്.
പുതിയ തീരുമാനം സാമൂഹിക ആരോഗ്യത്തിനും പൊതുജന ക്ഷേമത്തിനും ഗൗരവമായ ഭീഷണിയുണ്ടാക്കുമെന്നും സഭകൾ ഓർമ്മപ്പെടുത്തുന്നു.
2025-26 വര്‍ഷത്തെ കരട് മദ്യനയം അനുസരിച്ച് ടൂറിസം മേഖലകളില്‍ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയം നേരത്തെ അംഗീകരിക്കപ്പെട്ടിരുന്നു.
ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ഡ്രൈഡേയില്‍ മദ്യം നല്‍കാമെന്ന അവസ്ഥയുണ്ട്.
മദ്യനയത്തിന് പുറമേ കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാര്‍ സമീപനത്തിലും ക്രൈസ്തവ സഭകള്‍ സര്‍ക്കാരിനോട് കടുത്ത അമര്‍ഷത്തിലാണ്.
കര്‍ഷകരോട് ചിറ്റമ്മ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് സഭകളുടെ ആക്ഷേപം.
ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് സർക്കാരിനെതിരെ സഭകൾ തെരുവിൽ ഇറങ്ങേണ്ടി വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us