/sathyam/media/media_files/2026/02/21/1001676181-2026-02-21-12-23-51.jpg)
കോട്ടയം: തുടര്‍ച്ചയായി ആരോഗ്യ രംഗത്തെ പിഴവുകള്‍ പുറത്തു വന്നതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ കണുക്കുകള്‍ നിരത്തി സി.പി.എമ്മും എല്‍.ഡി.എഫും.
ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ യു.ഡി.എഫും കോൺഗ്രസും തയാറെടുക്കുകയാണ്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ് ഉണ്ടായി എന്നു സി.പി.എം ഉയർത്തിക്കാട്ടുന്നു.
യു.ഡി.എഫ് ഭരണകാലത്ത് തകര്‍ന്നുതരിപ്പണമായ പൊതുജനാരോഗ്യ മേഖലയെ അത്യാധുനിക സൗകര്യങ്ങളോടെയും ഉന്നത നിലവാരമുള്ള ചികിത്സയിലൂടെയുമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നേട്ടത്തിലെത്തിച്ചതെന്നുമാണ് സി.പി.എം വാദം.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ദുരവസ്ഥ മാറി. നൂതനമായ ഉപകരണം, വിപുലമായ ലാബ് സൗകര്യം, സൗജന്യ മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കി സര്‍ക്കാര്‍ ആശുപത്രികളെ വികസനത്തിന്റെ മാതൃകകളാക്കി.
മികച്ച ചികിത്സ ഉറപ്പാക്കാന്‍ തസ്തിക സൃഷ്ടിച്ചു ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവു പരിഹരിച്ചതു വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു.
സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സേവനം സര്‍ക്കാര്‍ ചെലവില്‍ ലഭ്യമായതോടെ വിശ്വസ്തമായ അഭയകേന്ദ്രമായി പൊതുജനാരോഗ്യ സംവിധാനം മാറിയെന്നും സി.പി.എം നേതാക്കള്‍ പറയുന്നത്.
2025ല്‍ സംസ്ഥാനത്ത് 12.63 കോടി പേരാണ് സര്‍ക്കാര്‍ ആശുപത്രികളിലെ ഒപിയിലെത്തിയത്.
12.76 ലക്ഷം പേര്‍ക്ക് കിടത്തിച്ചികിത്സയും 2.47 ലക്ഷം പ്രധാന ശസ്ത്രക്രിയകളും പൂര്‍ത്തിയാക്കി.
യു.ഡി.എഫ് അധികാരത്തിലിരുന്ന 2015ല്‍ വെറും എട്ടുകോടി പേര്‍ക്കാണ് ഒ.പി ചികിത്സ നല്‍കാനായത്. അന്ന് രോഗികള്‍ കുറവായതുകൊണ്ടല്ല, മറിച്ച് സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സാ സൗകര്യങ്ങളില്ലാതെ നശിച്ചതു കൊണ്ടായിരുന്നു ഈ കുറവ്.
ഡോക്ടര്‍മാരുടെ തസ്തികകള്‍ നികത്താതെയും അടിസ്ഥാന സൗകര്യം ഒരുക്കാതെയും പൊതുജനാരോഗ്യ മേഖലയെ യു.ഡി.എഫ് സര്‍ക്കാര്‍ തളച്ചിട്ടു. അന്ന് ആശുപത്രി കെട്ടിടങ്ങള്‍ തകര്‍ന്നുവീഴാറായ നിലയിലും മരുന്നുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും കടുത്ത ക്ഷാമവുമായിരുന്നു.
ചികിത്സയ്ക്കായി എത്തുന്ന സാധാരണക്കാരന്‍ വന്‍തുക കൈക്കൂലി നല്‍കേണ്ടി വരുന്നതും ഒടുവില്‍ നിവൃത്തിയില്ലാതെ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് ഇരയാകേണ്ടി വരുന്നതുമായ ഗതികേടിലായി എന്നും സി.പി.എം കേന്ദ്രങ്ങള്‍ സൈബറിടത്തും അല്ലാതെയുമായി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us