/sathyam/media/media_files/2026/02/23/2799437-untitled-1-2026-02-23-11-00-22.webp)
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം നല്‍കിയ കൊല്ലം വിജിലന്‍സ് കോടതി വിധിക്കെതിരെ വൈകാതെ തന്നെ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കാന്‍ എസ്.ഐ.ടി.
തന്ത്രിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനായില്ലെന്ന കൊല്ലം വിജിലന്‍സ് കോടതി നിരീക്ഷണം നീക്കണമെന്നാകും എസ്.ഐ.ടി.യുടെ പ്രധാന ആവശ്യം.
തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കും. വിജിലന്‍സ് കോടതി വിധി വിചാരണയെ ബാധിക്കുമെന്നാണ് എസ്ഐടി വിലയിരുത്തല്‍.
സ്വര്‍ണപ്പാളികള്‍ അടക്കമുള്ളവ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണെന്നും ആചാരപരമായ കാര്യങ്ങളാണ് തന്ത്രിയുടെ ചുമലില്‍ വരുന്നതെന്നുമാണ് വിജിലന്‍സ് കോടതി ജാമ്യവിധിയില്‍ വ്യക്തമാക്കുന്നത്.
അതേസമയം ശബരിമല യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് സ്വര്‍ണ്ണക്കൊള്ളക്കേസിലെ അറസ്റ്റ് എന്നാണ് തന്ത്രി കണ്ഠരര് രാജീവര് ജാമ്യാപേക്ഷയില്‍ പറയുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായുള്ള ബന്ധം പിന്നീട് സ്വര്‍ണക്കൊള്ളയിലേക്ക് എത്തിച്ചുവെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍.
തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടെ എസ്.ഐ.ടി കോടതിയില്‍ ഹാജരാക്കിയിരുന്നു.
തന്ത്രിയുടെ പേരില്‍ രണ്ട് കോടി അഞ്ച് ലക്ഷം രൂപയാണ് സ്വകാര്യബാങ്കില്‍ നിക്ഷേപമായി ഉള്ളത്. ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും.
ദേവസ്വം ബോര്‍ഡില്‍ നിന്ന് തന്ത്രി ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും എസ്.ഐ.ടി വാദിച്ചിരുന്നു. എന്നാല്‍, കോടതി ഇതൊന്നും അംഗീകരിച്ചില്ല.
മാര്‍ച്ച് 31 നകം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് തന്ത്രിയുടെ അറസ്റ്റ് തെളവില്ലായെന്ന കോടതി നിരീക്ഷണം. വിഷയം രാഷ്ട്രീയ വിവാദമായി മാറിയതോടെയാണ് തിടുക്കപ്പെട്ട നീക്കത്തിന് എസ്.ഐ.ടി. ഒരുങ്ങുന്നത്.
ശബരിമല യുവതീ പ്രവേശനത്തിന് തടസം നിന്നതിന് സര്‍ക്കാരിന്റെ പ്രതികാരമാണ് തന്റെ അറസ്‌റ്റെന്നാണ് തന്ത്രി വാദിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us