/sathyam/media/media_files/2026/02/23/chatgpt-image-2026-02-23-13-43-06.png)
കോട്ടയം : കോട്ടയത്ത് എന്‍.ഡി.എയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവം. പൂഞ്ഞാര്‍ സീറ്റ് ബി.ജെ.പിക്കു വിട്ടുകൊടുക്കും, പകരം സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് ബി.ഡി.ജെ.എസ്. രണ്ട് ടേമിലായി ബി.ഡി.ജെ.എസാണ് പൂഞ്ഞാറില്‍ മത്സരിക്കുന്നത്.
എന്നാല്‍, പകരം സീറ്റ് കിട്ടുമോ എന്നതില്‍ ബി.ഡി.ജെ.എസിന് ഉറപ്പില്ല. പൂഞ്ഞാര്‍ സീറ്റ് വിട്ടു കൊടുത്ത് മറ്റൊരു സീറ്റ് ഏറ്റെടുക്കുമെന്നും ഏത് സീറ്റെന്നതില്‍ ധാരണയായിട്ടില്ലെന്നുമാണ് ബി.ഡി.ജെ.എസ് നേതാക്കള്‍ പറയുന്നത്.
ചങ്ങനാശേരി സീറ്റിന് ബി.ഡി.ജെ.എസിന് താല്‍പര്യമുണ്ട്. പക്ഷേ, ചങ്ങനാശേരിയില്‍ മുതിര്‍ന്ന നേതാവ് രാധാകൃഷ്ണ മേനോന്റെ പേരാണ് പരിഗണനയില്‍. ഇതോടെ വൈക്കം സീറ്റിലേക്കു മാത്രമായി ബി.ഡി.ജെ.എസ് ഒതുങ്ങിയേക്കും.
അതേസമയം, സ്ഥാനാര്‍ഥികളുടെ കാര്യത്തിലും എന്‍.ഡി.എയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന റെജി ലൂക്കോസിനെ കടുത്തുരുത്തിയില്‍ പരിഗണിച്ചേക്കും.
പുതുപ്പള്ളിയില്‍ യുവാക്കളെ പരിഗണിക്കും. ഏറ്റുമാനൂരില്‍ ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാൽ മത്സരിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ കടുത്തുരുത്തിയിലാണ് ലിജിൻ മത്സരിച്ചത്. കോട്ടയത്ത് ആര് മത്സരിക്കുമെന്നതിൽ തീരുമാനമായിട്ടില്ല.
അതേസമയം പൂഞ്ഞാര്‍, പാലാ മണ്ഡലങ്ങളില്‍ പി.സി.ജോര്‍ജിനെയും, മകന്‍ ഷോണ്‍ ജോര്‍ജിനെയും മത്സരിപ്പിക്കുന്നതില്‍ ബി.ജെ.പിയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
പൂഞ്ഞാറില്‍ ജോര്‍ജ് വന്നാല്‍ പാലായില്‍ ഷോണിനു കൂടി അവസരം കൊടുക്കുന്നതിൽ എതിര്‍സ്വരം ഉയരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു കുടുംബത്തില്‍ നിന്നു രണ്ടു പേര്‍ മത്സരിക്കുന്നതില്‍ എൻഡിഎയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.
അന്നും പാലായില്‍ മത്സരിക്കാന്‍ ഷോണ്‍ ജോര്‍ജ് ശ്രമിച്ചെങ്കിലും സീറ്റ് ജെ. പ്രമീളാദേവിക്കു കൊടുക്കുകയായിരുന്നു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും നടക്കാത്തതിലുള്ള അതൃപ്തിയുണ്ട് പി.സി.ജോര്‍ജിന്. ഈ സാഹചര്യത്തില്‍ സീറ്റ് ഏറ്റെടുത്ത് പകരം മറ്റൊന്ന് കൊടുക്കുന്നതില്‍ ബി.ജെ.പിയ്ക്കും താത്പര്യമുണ്ട്.
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഭരണം പിടിക്കുകയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതുമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അതേസമയം, പാലായിലും പൂഞ്ഞാറിലും ക്രൈസ്തവ സ്ഥാനാര്‍ഥികള്‍ വന്നാല്‍ കാഞ്ഞിരപ്പള്ളിയില്‍ സാമുദായിക സന്തുലനം പാലിക്കേണ്ടിവരും. കളിഞ്ഞ തവണ കാഞ്ഞിരപ്പള്ളിയില്‍ മത്സരിച്ച നോബിള്‍ മാത്യുവിനും ഇത് പ്രഹരമാകും. ഇതോടെ പാര്‍ട്ടി എന്‍. ഹരിയെ കാഞ്ഞിരപ്പള്ളിയില്‍ മത്സരിപ്പിച്ചേക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us