/sathyam/media/media_files/2026/02/23/old-buildings-kottayam-2026-02-23-18-31-43.jpg)
കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പഴയകെട്ടിടങ്ങള്‍ സുരക്ഷക്കു ഭീഷണി ഉയര്‍ത്തുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഭാഗമായ കെട്ടിടങ്ങള്‍ പോലും തകര്‍ച്ചയുടെ വക്കിലാണ്.
കോട്ടയം നഗരസഭയുടെ കീഴില്‍ ഉള്ള കെട്ടിടങ്ങള്‍ക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജീവന്‍ പണയംവെച്ചാണു ജനങ്ങളും ജീവനക്കാരും ഇവിടെ എത്തുന്നത്. പലതവണ കെട്ടിടത്തിന്റെ പ്ലാസ്റ്റര്‍ ഇളകി വീണു. ഇതില്‍ ജീവനക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2026/02/23/kottayam-market-2026-02-23-18-35-10.jpg)
കോട്ടയം മാര്‍ക്കറ്റിലെ നഗരസഭയുടെ ഉടമസ്ത്ഥയിലുള്ള കെട്ടിടങ്ങള്‍, നാഗമ്പടം സ്റ്റേഡിയത്തിനു കീഴെയുള്ള കടമുറികള്‍, കുമാരനല്ലൂര്‍ സോണല്‍ ഓഫീസ് കെട്ടിടം, കച്ചേരിക്കടവ് ഭാഗത്തെ കൃഷി ഓഫീസ്, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ പഴയ കെട്ടിടങ്ങള്‍ എന്നിങ്ങനെ നിരവധി കെട്ടിടങ്ങളാണ് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്.
സുരക്ഷാ മാനദണ്ഡങ്ങളെ നോക്കുകുത്തിയാക്കിയാണു നഗരത്തില്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നത്. നഗരത്തില്‍ കെട്ടിട സുരക്ഷാസംവിധാന മാനദണ്ഡങ്ങള്‍ പാലിക്കുന്ന കെട്ടിടങ്ങളും കുറവാണ്.
/filters:format(webp)/sathyam/media/media_files/2026/02/23/nagampadam-stadium-2026-02-23-18-35-29.jpg)
വര്‍ഷാവര്‍ഷം എന്‍.ഒ.സി പുതുക്കുന്ന കെട്ടിടങ്ങള്‍ നഗരത്തിലെ ആകെ കെട്ടിടങ്ങളുടെ നാലിലൊന്നു മാത്രമാണ്. സ്‌കൂള്‍ തുറപ്പിനോടനുബന്ധിച്ചാണ് കെട്ടിടങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നത്.
കെട്ടിടത്തിന് മതിയായ സുരക്ഷയില്ലാത്തത് സംബന്ധിച്ചു നോട്ടീസയച്ച കെട്ടിടങ്ങള്‍ നഗരത്തില്‍ നിരവധിയാണു സ്ഥിതി ചെയ്യുന്നത്. കലക്ടറേറ്റ് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന രജിസ്ട്രേഷന്‍ ഓഫീസ് കെട്ടിടത്തിനു നിബന്ധനകള്‍ വെച്ചു സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കി.
നഗരത്തിലെ ഫ്ളാറ്റുകള്‍, മാളുകള്‍, വിവിധ ബഹുനില കെട്ടിടങ്ങള്‍ തുടങ്ങിയവയില്‍ ലിഫ്റ്റുകളുടെ സുരക്ഷ, അഗ്നിബാധയെ ചെറുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍, കെട്ടിടത്തിന്റെ വിശദമായ ബ്ലൂപ്രിന്റ് എന്നിവ കര്‍ശനമായി പാലിച്ചാല്‍ മാത്രമേ എന്‍.ഒ.സി ലഭിക്കു.
/filters:format(webp)/sathyam/media/media_files/2026/02/23/kumaranalloor-sonal-office-2026-02-23-18-35-56.jpg)
കാലപ്പഴക്കം ചെന്ന സര്‍ക്കാര്‍ കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നു. വെള്ളമിറങ്ങി കെട്ടിടങ്ങള്‍ക്ക് ബലക്ഷയം ഭൂരിഭാഗം കെട്ടിടങ്ങളിലും വിള്ളലുകള്‍ എല്ലാം കെട്ടിടങ്ങളില്‍ പ്രകടനമാണ്.
കഴിഞ്ഞ വര്‍ഷമാണ് മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു രോഗിയുടെ അമ്മ മരിച്ചത്. മൂന്നു വര്‍ഷം മുന്‍പ് തിരുനക്കരയിലെ കെട്ടിടത്തിലെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് പായിപ്പാട് സ്വദേശിയായ ലോട്ടറി ജീവനക്കാരന്‍ മരിച്ചിരുന്നു.
/filters:format(webp)/sathyam/media/media_files/2026/02/23/kottayam-medical-college-building-2026-02-23-18-46-28.jpg)
രണ്ടു വര്‍ഷം മുന്‍പ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചത്. കാന്‍സര്‍ വാര്‍ഡിനു പിന്നിലെ എട്ടുനില കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്.
കുമാരനല്ലൂര്‍ നഗരസഭ കെട്ടിടത്തില്‍ നിന്നു കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് സംക്രാന്തി സ്വദേശിയായ യുവാവിന്റെ തലയ്ക്ക് പരുക്കേറ്റു. കഴിഞ്ഞ വര്‍ഷം മാര്‍ക്കറ്റ് റോഡില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞുവീണു.
ഹോള്‍സെയില്‍ പച്ചക്കറി കട പ്രവര്‍ത്തിക്കുന്ന കടയുടെ ഷട്ടര്‍ ഉള്‍പ്പെടെയുള്ള ഭാഗം നിലംപതിച്ചു. ഇത്രയധികം സംഭവങ്ങള്‍ ഉണ്ടായിട്ടും ജീവനുകളും പൊലിഞ്ഞിട്ടും അധികൃതര്‍ ചെറുവിരല്‍ അനക്കിയിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us