വേനല്‍ മഴ ചതിക്കുമോ, ആശങ്കയില്‍ നെല്‍ കര്‍ഷകര്‍. ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 23359 ടണ്‍ നെല്ല്

ആദ്യ വേനല്‍ മഴയ്ക്കു മുമ്പേ മിക്ക കര്‍ഷകരും കൊയ്ത നെല്ല് മൂടിയിരുന്നു. എന്നാല്‍, വരും ദിവസങ്ങളില്‍ മഴ തുടര്‍ന്നാല്‍ ഈ നെല്ല് ഉണക്കിയെടുക്കാന്‍ കഴിയാതെ വരുന്നതു കര്‍ഷകര്‍ക്കു തിരിച്ചടിയാകും. 

New Update
paddy field
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: വേനല്‍ മഴ ചതിക്കുമോ, ആശങ്കയില്‍ നെല്‍ കര്‍ഷകര്‍. പുഞ്ച കൊയ്ത്ത് സജീവമായതിനു പിന്നാലെ ശനിയാഴ്ചയും ഇന്നലെയുമായി ജില്ലയില്‍ ശക്തമായ മഴയാണ് പെയ്തിറങ്ങിയത്.

Advertisment

മഴ തുടര്‍ന്നാല്‍ നെല്‍ മണികളുടെ ഭാരത്തില്‍ ചെടികള്‍ ഒടിഞ്ഞു വീണു മണികള്‍ കിളിര്‍ത്തു നശിക്കും. തുടര്‍ച്ചയായ മഴയില്‍ പാടശേഖരങ്ങളില്‍ വെള്ളം കയറാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. 

മഴയ്‌ക്കൊപ്പം ശക്തമായ മിന്നലുമുള്ളതിനാല്‍ പെട്ടെന്നു നെല്ല് മൂടിയിടുകയെന്നതും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.


നൂറുകണക്കിനു പാടങ്ങളില്‍ കൊയ്ത് കൂട്ടിയ നെല്ല് മഴ നനയാതെ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണു കര്‍ഷകര്‍, അവശേഷിക്കുന്ന നെല്ല് വീഴാതെ കൊയ്‌തെടുക്കാന്‍ കഴിയണമെന്ന പ്രാര്‍ഥനയിലും. 


ഇതുവരെ 23359 ടണ്‍ നെല്ല് സംഭരിച്ചുവെന്നാണു സപ്ലൈകോയുടെ കണക്ക്. മൂന്നിരട്ടിയിലേറെ നെല്ല് വരുന്ന രണ്ടു മാസങ്ങളിലായി സംഭരിക്കേണ്ടതുമുണ്ട്. 

ആകെ 7180 കര്‍ഷകരില്‍ നിന്നായി 70.35 കോടി രൂപയുടെ നെല്ലാണ് ജില്ലയില്‍ ഇതുവരെ സംഭരിച്ചിരിക്കുന്നത്. സംഭരണ ഇനത്തില്‍ 49 കോടി രൂപ നല്‍കിയപ്പോള്‍ 21.30 കോടി രൂപ കുടിശികയാണ്.


പുഞ്ച കൃഷിയുടെ കൊയ്ത്ത് പാതിയിലെത്തി നില്‍ക്കുമ്പോഴാണു വേനല്‍ മഴയുടെ വരവ്. കോട്ടയം, ചങ്ങനാശേരി താലൂക്കുകളിലെ പ്രധാന പാടശേഖരങ്ങളിലെല്ലാം കൊയ്ത്ത് അവശേഷിക്കുകയാണ്. കൃഷിയുടെ തുടക്കത്തില്‍ മഴ ശല്യമില്ലാതിരുന്നതിനാല്‍ താരതമ്യേന മികച്ച വിളവ് ഇത്തവണ ലഭിച്ചിരുന്നു.


കൊയ്ത്തിന്റെ ആദ്യ ഘട്ടം സുഗമമായി മുന്നേറിയിരുന്നു. മഴ പ്രവചനമുണ്ടായിരുന്നതിനാല്‍ രണ്ടു ദിവസമായി കര്‍ഷകര്‍ പാടത്തു കരുതലിലായിരുന്നു. 

ആദ്യ വേനല്‍ മഴയ്ക്കു മുമ്പേ മിക്ക കര്‍ഷകരും കൊയ്ത നെല്ല് മൂടിയിരുന്നു. എന്നാല്‍, വരും ദിവസങ്ങളില്‍ മഴ തുടര്‍ന്നാല്‍ ഈ നെല്ല് ഉണക്കിയെടുക്കാന്‍ കഴിയാതെ വരുന്നതു കര്‍ഷകര്‍ക്കു തിരിച്ചടിയാകും. 


ഇപ്പോള്‍ തന്നെ ഈര്‍പ്പത്തിന്റെ പേരില്‍ സംഭരണത്തില്‍ തടസം സൃഷ്ടിക്കുന്ന മില്ലുകാര്‍ തര്‍ക്കം ശക്തമാക്കും. നിലവില്‍ മൂന്നും നാലും കിലോ കിഴിവില്‍ നെല്ലു നല്‍കുന്ന കര്‍ഷകര്‍ കിഴിവില്‍ വന്‍ വര്‍ധനവു വരുത്തേണ്ട സാഹചര്യവുമുണ്ടാകും.


പാതി വിളവ് എത്തിയതു മുതല്‍ പൂര്‍ണ വിളവെത്തിയതു വരെയായി നിരവധി പാടശേഖരങ്ങളാണ് ഇനി കൊയ്ത്തിന് അവശേഷിക്കുന്നത്.

Advertisment