കണക്കുകൾ ഒന്നും അങ്ങ് ഒക്കുന്നില്ലല്ലോ.. സര്‍ക്കാര്‍ ജോലി കിട്ടിയവരുടെ കണക്കെടുപ്പില്‍ വൈരുധ്യം. നിയമന ശിപാര്‍ശളെല്ലാം നിയമനമായി വ്യാഖ്യാനിച്ച് സര്‍ക്കാര്‍. ഹയർസെക്കൻഡറിയിൽ പി.എസ്.സി. റാങ്ക് പട്ടികയിൽ നിന്നും നിയമനം പേരിനു മാത്രം. ലോവര്‍ പ്രൈമറി സ്കൂള്‍ അധ്യാപകനിയമനവും വഴിമുട്ടി

ലോവര്‍ പ്രൈമറി സ്കൂള്‍ അധ്യാപകനിയമനം വഴിമുട്ടിയ അവസ്ഥയി‍ലാണ്

New Update
psc

കോട്ടയം: പിഎസ്‌സി നിയമനങ്ങളിൽ സർക്കാർ കൊട്ടിഘോഷിക്കുന്നത് അത്ര ശരിയായ കണക്കല്ല.

Advertisment

വിവിധ വകുപ്പുകളിൽ ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വെന്‍റ് ഉൾപ്പെടെ പിഎസ്‌സി പരീക്ഷനടത്തിയ 20 പ്രധാന തസ്തികകളില്‍ 38,102 പേര്‍ക്കാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് നിയമന ശിപാര്‍ശ നല്‍കിയത്.

പി.എസ്.സിയുടെ നിയമന ശുപാര്‍ശ ലഭിച്ചവരെല്ലാം ജോലിയില്‍ പ്രവേശിക്കില്ല. ആ തസ്തികകള്‍ ഒഴിഞ്ഞുകിടക്കും.

ജോയിനിങ് ഡ്യൂട്ടി അഥവാ എന്‍.ജെ.ഡി തസ്തികയായി ഈ ഒഴിവകള്‍ മാറും . വീണ്ടും ഇതേ തസ്തികകള്‍ക്ക് നിയമന ശുപാര്‍ശ അയയ്ക്കും.

ഇങ്ങനെ ഒരേ ഒഴിവിൽ ഒന്നിലധികം പേരെ നിയമന ശുപാർശ ചെയ്യുമ്പോൾ അഡ്വൈസ് മെമ്മോകളുടെ എണ്ണം വർധിക്കുമെന്നല്ലാതെ നിയമനം വർധിക്കുന്നില്ലെന്നു പി.എസ്.സി ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിൽ 9579 എണ്ണം എന്‍.ജെ.ഡി തസ്തികകളാണ്.

ഇത് കുറയ്ക്കുമ്പോള്‍ ശരിക്കുള്ള നിയമനം 28523 ആണെന്നും ഉദ്ദോ ഗാർഥികൾ പറയുന്നു. 

ഹയർസെക്കൻഡറിയിൽ പി.എസ്.സി. റാങ്ക് പട്ടികയിൽനിന്ന് പോലും നിയമനം പേരിനു മാത്രമാണ് നടന്നത്.

ഇക്കൊല്ലം കാലാവധി പൂർത്തിയാകുന്ന 13 പട്ടികകളിൽനിന്ന് നിയമനശിപാർശ നൽകിയത് 260 പേർക്കുമാത്രമാണ്. 

2025-ൽ കാലാവധിതീർന്ന മൂന്ന് വിഷയങ്ങളുടെ റാങ്ക്പട്ടികയിൽനിന്ന് ആകെ 17 പേർക്കാണ് നിയമനശുപാർശ ലഭിച്ചത്. മിക്കവിഷയങ്ങളിലും റാങ്ക് പട്ടികകളുള്ളപ്പോഴും ഗസ്റ്റ് അധ്യാപകരെ നിയമിക്കുകയാണ് പതിവ്.

തസ്തികനിർണയം പൂർത്തിയായിട്ടും നിയമനം നടത്താൻ നടപടികളുണ്ടാവുന്നില്ലെന്നാണ് പരാതി. ഇംഗ്ലീഷിന് അധ്യാപകർ കൂടുതലാണെന്ന നിലപാടാണ് വകുപ്പിന്.

റാങ്ക് പട്ടിക നിലവിലിരിക്കേ എല്ലാ വർഷവും ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത് അധ്യാപകർ കൂടുതലായതിനാലാണോ എന്ന ചോദ്യത്തിന് ഉത്തരമില്ല.

ലോവര്‍ പ്രൈമറി സ്കൂള്‍ അധ്യാപക നിയമനം വഴിമുട്ടിയ അവസ്ഥയി‍ലാണ്. 

കഴിഞ്ഞ വര്‍ഷം മേയ് 31 ന് നിലവില്‍ വന്ന ആറായിരത്തിലേറേപ്പേര്‍ ഉള്‍പ്പെട്ട എല്‍.പി സ്കൂള്‍ റാങ്ക് പട്ടികയില്‍ നിന്ന് 109 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് , പാലക്കാട്, ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളില്‍ നിന്ന് ഒരാളെപ്പോലും നിയമിച്ചിട്ടില്ല.

Advertisment