സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ നിര്‍ദ്ദിഷ്ഠ പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂവുടമകളുടെ സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടുത്തി ഇറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യം. സർക്കാർ ഉത്തരവ് കാരണം ഭൂമി പണയപ്പെടുത്തി ലോൺ പോലും എടുക്കാനാവാതെ ഭൂ ഉടമകൾ. യുഡിഎഫ് സര്‍ക്കാര്‍ വന്നാൽ പ്രഥമ പരിഗണന സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി ഇറക്കിയ വിജ്ഞാപനവും പിന്‍വലിക്കാൻ ആയിരിക്കുമെന്നു കോൺഗ്രസ്

യുഡിഎഫ് സര്‍ക്കാര്‍ പ്രഥമ പരിഗണന കൊടുത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയും പദ്ധതിക്കുവേണ്ടി സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടുത്തി ഇറക്കിയ വിജ്ഞാപനവും പിന്‍വലിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉറപ്പു നൽകിയിട്ടുണ്ടെന്നും സമരക്കാർ പറയുന്നു.

New Update
1001687956

കോട്ടയം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ കേരളം പദ്ധതി ഉപേക്ഷിച്ച് ആര്‍.ആര്‍.ടി.എസ് പദ്ധതിക്കു വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയതിനാല്‍ സില്‍വര്‍ ലൈന്‍ സാമൂഹിക പഠനത്തിനുവേണ്ടി നിര്‍ദ്ദിഷ്ഠ പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂവുടമകളുടെ സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടുത്തി ഇറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കണ മെന്നാണ് ആവശ്യം.

Advertisment

സംസ്ഥാന സർക്കാരിന്റെ കെ–റെയിൽ പദ്ധതിക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദായെന്ന വിവരം അറിഞ്ഞെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇല്ലാത്തതിനാൽ ആശങ്ക മാറുന്നില്ലെന്ന് ഭൂവുടമകൾ പറയുന്നു.

ആർആർടിഎസ് പോലുള്ള പുതിയ അതിവേഗ റെയിൽ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതും കെ–റെയിൽ അലൈൻമെന്റ് സ്ഥലം ഇതിനായി ഉപയോഗിച്ചേക്കാമെന്ന അഭ്യൂഹവും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

പദ്ധതിക്കു വേണ്ടി 2022ൽ സ്ഥലമളന്ന് തിട്ടപ്പെടുത്തി അതിരുകളിൽ മഞ്ഞക്കുറ്റി സ്ഥാപിക്കുമ്പോൾ എല്ലാ സ്ഥലങ്ങളിലും ഭൂവുടമകളുടെ വൻ പ്രതിഷേധം ഉണ്ടായിരുന്നു.

 പദ്ധതിക്കുവേണ്ടി പോലീസ് കാവലിലടക്കം കുറ്റി സ്ഥാപിച്ച മിക്ക സ്ഥലങ്ങളിൽ നിന്നും നാട്ടുകാർ കുറ്റി പിഴുതെറി‍ഞ്ഞിരുന്നു.

പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച കുറ്റികൾ മാത്രമാണ് അവശേഷിച്ചത്. സമരവും പ്രതിഷേധവും നടത്തിയവർക്കെതിരെ പോലീസ് കേസുമെടുത്തിരുന്നു. പ്രതിഷേധക്കാർ ഇന്നും കോടതി കയറി ഇറങ്ങുന്നു.

അലൈൻമെന്റ് തീരുമാനിച്ച സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങളോ ക്രയ വിക്രയങ്ങളോ നടത്താൻ ഭൂവുടമകൾക്ക് സാധിച്ചിട്ടില്ല.

സ്വത്ത് ഭാഗം വയ്ക്കുമ്പോൾ പ്രസ്തുത സ്ഥലം കുടുംബാംഗങ്ങൾ ആരും എടുക്കാൻ തയാറായില്ല. ഈ സ്ഥലം ബാങ്കുകൾ പോലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്താനോ സാധ്യമാകാത്ത അവസ്ഥയിലായിരുന്നു ഉടമകൾ.

പദ്ധതി ഉപേക്ഷിച്ചെന്ന സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനവും സമരം നടത്തിയവർക്കെതിരെയുള്ള കേസുകൾ പിൻവലിച്ചെന്നതടക്കമുള്ള അറിയിപ്പും ലഭിക്കാതെ തങ്ങളുടെ ഭൂമി ഉപയോഗിക്കാനാവില്ലെന്ന് ഉടമകൾ പറയുന്നു.

സില്‍വര്‍ ലൈന്‍ സാമൂഹിക പഠനത്തിനുവേണ്ടി നിര്‍ദ്ദിഷ്ഠ പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂവുടമകളുടെ സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടുത്തി ഇറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും, സില്‍വര്‍ ലൈന്‍ പ്രതിഷേധക്കാരുടെമേല്‍ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നുമാണ് ആവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ആവശ്യപ്പെടുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ പ്രഥമ പരിഗണന കൊടുത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയും പദ്ധതിക്കുവേണ്ടി സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടുത്തി ഇറക്കിയ വിജ്ഞാപനവും പിന്‍വലിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉറപ്പു നൽകിയിട്ടുണ്ടെന്നും സമരക്കാർ പറയുന്നു.

Advertisment