/sathyam/media/media_files/2026/02/28/leopard-found-in-kokkayar-2026-02-28-13-27-59.jpg)
കോട്ടയം: പുലിപേടിയിലാണ് മലയോര ഗ്രാമങ്ങള്‍. വന്യമൃഗങ്ങള്‍ കുറവുള്ള കോട്ടയത്തിന്റെ വനമേഖലയില്‍ പോലും ഇന്നു പുലിയുടെ സാന്നിധ്യം വര്‍ധിച്ചു.
കൂട്ടിക്കല്‍ പഞ്ചായത്തിലും അയൽ ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തിലും പുലയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, പുലിയെ പിടികൂടാന്‍ വനം വകുപ്പ് ആര്‍ജവം കാണിക്കുന്നില്ല. ഒരു വര്‍ഷം മുന്‍പു മാത്രമാണ് കൂട്ടിക്കലില്‍ പുലിയുടെ സാന്നിധ്യം ഉണ്ടാകുന്നത്.
മലയോര മേഖലയില്‍ കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങളും പറമ്പുകളുമാണ് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുമ്പോള്‍ താവളമാകുന്നത് ഇത്തരം കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങളാണ്. മുന്‍പു ഇത്തരം പ്രദേശങ്ങള്‍ വൃത്തിയാക്കാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതു ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല.
ആദ്യം തീറ്റതേടി കാട്ടുപന്നികള്‍ വരും. പിന്നാലെ പുലിയും കടുവയുമെല്ലാം വരുമെന്നു പുലിപ്പേടിയില്‍ കഴിയുന്ന കൂട്ടിക്കല്‍ നിവാസികള്‍ പറയുന്നു.
പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഞര്‍ക്കാട് ഗുരുമന്ദിരം ഭാഗത്തേക്ക് പോകുന്ന റോഡില്‍ പുലിയെ കണ്ടതായും പറയപ്പെടുന്നു.
ഒരാഴ്ച മുമ്പ് മേലേത്തടം ഭാഗത്ത് കേഴമാന്റെ അസ്ഥികൂടം കണ്ടിരുന്നു. പിന്നീട് കൂടുതല്‍ പഴക്കമുള്ള പന്നിയുടെ തലയോട്ടിയും കണ്ടിരുന്നു. ഇവയെ പുലി പിടിച്ചതാകാമെന്ന നിഗമനത്തിലാണ് നാട്ടുകാര്‍.
അയല്‍ ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികള്‍ക്ക് ഭീതി കൂടിയിട്ടുണ്ട്. മറ്റത്തില്‍ സുരേഷ് എന്നയാളുടെ വീടിന്റെ പിന്‍വശത്താണ് പുലികളെ കണ്ടതായി പറയുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്ന കൂട്ടില്‍ കെട്ടിയിരുന്ന ആടുകളുടെ തുടര്‍ച്ചയായുള്ള നിലവിളികേട്ടാണ് സുരേഷും, ഭാര്യയും എഴുന്നേറ്റത്. ലൈറ്റ് തെളിച്ച് ജനലിലൂടെ നോക്കുമ്പോള്‍ കൂടിന് സമീപം ഒരു പുലിയെ കണ്ടു. മറ്റൊരു പുലി തൊട്ടടുത്ത തോട്ടില്‍ പാറപ്പുറത്തും നില്‍ക്കുന്നതും കണ്ടതായി പറയുന്നു.
/filters:format(webp)/sathyam/media/media_files/2026/02/28/leopard-foot-print-2026-02-28-13-28-25.jpg)
ഇവര്‍ ബഹളം വച്ചതോടെ ആട്ടിന്‍ കൂടിന് സമീപം നിന്ന പുലി ആറ്റിലക്ക് ചാടി. പിന്നീട് രണ്ടു പുലിയും നടന്നു നീങ്ങി. പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ ഇവിടെയുണ്ട്.
മൂന്നാഴ്ച മുന്‍പ് ഇതിന് സമീപം പുളിക്കത്തടത്ത് പുലിയെ കണ്ടിരുന്നു. അന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലിയെ കണ്ട ഭാഗത്ത് വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി ക്യാമറ സ്ഥാപിക്കുമെന്ന് അറിയിച്ചതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ വനം വകുപ്പ് കൂട് സ്ഥാപിക്കണമെന്നും ജനങ്ങൾ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us