/sathyam/media/media_files/2026/03/02/jamkaran-iran-red-flag-jpg-2026-03-02-11-35-32.webp)
കോട്ടയം: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഖ്വാമിലെ ജംകരാന്‍ പള്ളിയുടെ മിനാരത്തില്‍ ചുവന്ന കൊടി ഉയര്‍ത്തി ഇറാന്‍.
പ്രതികാരത്തിന്റെയും ക്രോധത്തിന്റെയും അടയാളമായാണ് പള്ളിമിനാരത്തിന് മുകളില്‍ ചെങ്കൊടി ഉയര്‍ത്തുന്നത്. ഷിയാ പാരമ്പര്യം അനുസരിച്ച് ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കുമെന്നതിന്റെ മതപരവും സൈനികവുമായ പ്രതീകമാണ് ചുവന്ന പതാക.
നിലവിലെ സംഘര്‍ഷങ്ങള്‍ കടുത്ത യുദ്ധത്തിലേക്കു പോകുമോ എന്ന ആശങ്കയാണ് ജനങ്ങള്‍ക്കുള്ളത്. അറബ് മേഖലയിലെ യുദ്ധഭീതിയില്‍ ആശങ്കയിലായിരിക്കുന്നതു ആയിരക്കണക്കിനു കുടുംബങ്ങളാണ്.
തൊഴില്‍, വ്യാപാര ആവശ്യങ്ങള്‍ക്കായി കുടുംബമൊന്നാകെയോ, മക്കളോ, പിതാവോ, മാതാവോ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ കേരളത്തില്‍ ഉണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ നഴ്സുമാര്‍ വലിയൊരു വിഭാഗമാണ്. കൂടാതെ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ടെക്കികള്‍, വിവിധ കമ്പനികളില്‍ മാനേജ്മെന്റ് വിദഗ്ധര്‍, നിര്‍മാണ-സേവന മേഖലകളിലെ വിദഗ്ദ്ധ തൊഴിലാളികള്‍ തുടങ്ങി വിവിധ രംഗങ്ങളിലായി ആയിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്നു.
പലരും കുടുംബസമേതം വര്‍ഷങ്ങളായി അവിടെ സ്ഥിരതാമസമാക്കിയവരാണ്. ബിസിനസ് ചെയ്യുന്നവരുമേറെ. ഇവരും ആശങ്കയിലാണ്.
യുദ്ധസാഹചര്യം നീണ്ടുപോയാല്‍ തൊഴില്‍, വിദ്യാഭ്യാസം, യാത്രാസൗകര്യം എന്നിവയെല്ലാം ബാധിക്കുമോയെന്ന ആശങ്കയും പ്രവാസികള്‍ക്കുണ്ട്. സി.ബി.എസ്.ഇ പരീക്ഷകള്‍ തത്കാലം മാറ്റിവച്ചെങ്കിലും മുന്നോട്ട് എന്താകുമെന്ന് വിദ്യാര്‍ഥികളും മാതാപിതാക്കളും നാട്ടിലുള്ള ബന്ധുക്കളെയും അസ്വസ്ഥരാക്കുന്നു.
ദുബായ്, ഷാര്‍ജ, കുവൈറ്റ്, അബുദബി, സൗദി അടക്കമുള്ള രാജ്യങ്ങളില്‍ രണ്ടു ദിവസങ്ങളിലായി രാത്രിയും പകലും സ്ഫോടന ശബ്ദങ്ങളാല്‍ മുഖരിതമാണ്. ആര്‍ക്കും പരുക്കോ മറ്റു പ്രശ്നങ്ങളോ ഇല്ലെങ്കിലും യുദ്ധ ഭീതി നിലനില്‍ക്കുന്നത് ഇവരെ ആശങ്കയിലാക്കുന്നു.
യുദ്ധഭീതി നീണ്ടാല്‍ അവശ്യ വസ്തുക്കള്‍ക്കുള്‍പ്പെടെ ക്ഷാമം നേരിടുമെന്നതും തിരിച്ചടിയാണ്. പെട്ടെന്നുള്ള യുദ്ധരാംഭമായിരുന്നതിനാല്‍ പലര്‍ക്കും സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
വിമാനത്താവളങ്ങള്‍ പൂട്ടുകയും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതോടെ രാജ്യത്തെയും വിദേശത്തെയും വിമാനത്താവളങ്ങളില്‍ കുടുങ്ങിയവരിയാണ്. കൊച്ചിയിൽ നിന്ന് 44 വിമാനങ്ങളാണ് റദ്ദാക്കിയത്.
അവധിയ്ക്കു നാട്ടിലെത്തി, വിസ കാലാവധി തീരും മുമ്പേ തിരികെ എത്താന്‍ കഴിയാതെ ആശങ്കയിലാരിക്കുന്നവരും താത്കാലിക വിസയ്ക്ക് അറേബ്യന്‍ രാജ്യങ്ങളിലേക്ക് പോയി, എന്നു തിരിച്ചുവരാന്‍ കഴിയുമെന്നറിയാതെ അരക്ഷിതാവസ്ഥയിലായിരിക്കുന്നവരുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us