യു.എ.ഇയിലെ പ്രധാന വിമാനത്താവളങ്ങള്‍ എല്ലാം ഇന്ന് മുതല്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുന്നു. പ്രതീക്ഷയില്‍ പ്രവാസികള്‍. ടിക്കറ്റ് നിരക്കില്‍ ആശങ്ക. വരും ദിവസങ്ങളില്‍ നിരക്ക് ഒന്നര ലക്ഷം രൂപ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവാസികളുടെ ആശങ്ക

യാത്രാക്ലേശം പരിഹരിക്കുന്നതിനായി യുഎഇയിലെ വിമാന കമ്പനികള്‍ പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്

New Update
FLIGHT

കോട്ടയം: യുഎഇയിലെ പ്രധാന വിമാനത്താവളങ്ങള്‍ എല്ലാം ഇന്ന് മുതല്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുന്നു, പ്രതീക്ഷയില്‍ പ്രവാസികള്‍.  

Advertisment

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ വ്യോമാക്രമണം തുടരുന്നത് വ്യോമഗതാഗതത്തെ അടിമുടി തളര്‍ത്തിയിരിക്കുകയാണ്.

എങ്കിലും പ്രത്യേക സര്‍വീസുകള്‍ തുടങ്ങാനുള്ള തീരുമാനം വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് നേരിയ ആശ്വാസം പകരുന്നുണ്ട്.

കുടുങ്ങി കിടക്കുന്നവര്‍ക്കു പുറമേ വിസിറ്റിങ് വിസയില്‍ എത്തി കുടുങ്ങിയവരെയും തിരികെ അയക്കാന്‍ ബന്ധുക്കള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

വിസ കാലാവധി തീരും മുമ്പേ തിരികെ എത്താന്‍ കഴിയാതെ ആശങ്കയിലാരിക്കുന്നവര്‍ക്കും ആശ്വാസ വാർത്തയാണിത്.

കുടുങ്ങി കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് മുന്‍ഗണന നല്‍കിയാകും വിമാനങ്ങള്‍ സര്‍വീസ് നടത്തുക.

പ്രമുഖ യു.എ.ഇ വിമാനകമ്പനികള്‍ സാധാരണ സര്‍വീസ് ആരംഭിക്കാന്‍ ഇനിയും സമയമെടുക്കുമെന്നും പ്രവാസികള്‍ പറയുന്നു.

 അതേസമയം,വിമാന ടിക്കറ്റ് നിരക്ക് പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. യുദ്ധസാഹചര്യം രൂക്ഷമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു.

ഒമാന് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മസ്‌കത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്ക് നിലവില്‍ 1,30,000 രൂപ കടന്നു.

 യുഎഇ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരും ഈ റൂട്ടിനെ ആശ്രയിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ നിരക്ക് ഒന്നര ലക്ഷം രൂപ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവാസികളുടെ ആശങ്ക.

യുദ്ധഭീതിയെത്തുടര്‍ന്ന് അടിയന്തരമായി നാട്ടിലെത്താന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് ഈ അമിത നിരക്ക് വലിയ തിരിച്ചടിയാണ്.

നിലവില്‍ ദുബായ്, അബുദാബി, ദോഹ, ഷാര്‍ജ, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ പ്രധാന വിമാനത്താ വളങ്ങളെല്ലാം ഭാഗികമായോ പൂര്‍ണ്ണമായോ നിശ്ചലമായ അവസ്ഥയിലാണ്.

ഇതിനിടെ കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. ഒമാന്‍ എയര്‍വെസിന്റെ വിമാനങ്ങള്‍ ഇന്ന് രാവിലെ 8.10 ന് പുറപ്പെട്ടു.

ഇതോടൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസും പുനരാംഭിച്ചു.

എയര്‍ ഇന്ത്യയുടെ ആദ്യം സര്‍വീസ് തിരിച്ചിറപ്പള്ളിയില്‍ നിന്നും മസ്‌കത്തിലേക്കാണ് സര്‍വീസ് നടത്തുന്നത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ശേഷം അബുദബിയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രി 10 മണിയോടെ കൊച്ചിയിലെത്തിയത്.

ഇത്തിഹാദ് എയര്‍വേഴ്‌സ് വിമാനമാണ് കൊച്ചിയിലെത്തിയത്.

അതേസമയം, യുദ്ധം തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്നും വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു.

കണ്ണൂരില്‍ നിന്നും 7.05 ന് പുറപ്പെടേണ്ട അബുദാബി ,8.50 ന് പുറപ്പെടേണ്ട ദുബൈ എയര്‍ ഇന്ത്യ വിമാനങ്ങളും 9.35 ന് പുറപ്പെടേണ്ട അബുദാബി ഇന്‍ഡിഗോ എന്നിങ്ങനെ നിരവധി വിമാനങ്ങളാണ് റദ്ദ് ചെയ്തത്.

കരിപ്പൂരില്‍ നിന്നുള്ള 40 സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. മൂന്ന് വിമാനങ്ങളാണ് ഇന്ന് സര്‍വീസ് നടത്തിയത്.

യാത്രാക്ലേശം പരിഹരിക്കുന്നതിനായി യുഎഇയിലെ വിമാന കമ്പനികള്‍ പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

എമിറേറ്റ്സ് എയര്‍ലൈന്‍സ് ഭാഗികമായി സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. നിലവില്‍ ബുക്കിംഗ് ഉള്ളവര്‍ക്കാണ് ഈ സേവനം ലഭ്യമാകുക.

ദുബായ് വിമാനത്താവളവും അല്‍ മക്തും വിമാനത്താവളവും ഉടന്‍ പൂര്‍ണ്ണമായി തുറക്കുമെന്ന സൂചനകളുണ്ടെന്നും പ്രവാസികൾ പറയുന്നു.

Advertisment