4ജിയിലേക്കു മാറിയിട്ടും രക്ഷയില്ലാതെ ബി.എസ്.എന്‍.എല്‍. കോള്‍ കട്ടാകുന്നതും വിളിച്ചാല്‍ കിട്ടാത്തതും തിരിച്ചടി. രാജ്യത്ത് 2.06 ലക്ഷം വരിക്കാരുടെ കുറവാണുണ്ടായത്. 5ജിക്കായുള്ള കാത്തിരിപ്പു നീണ്ടു പോകുന്നതിലും ഉപഭോക്താക്കൾ നിരാശർ

നമ്പര്‍ സ്വിച്ച് ഓഫ് എന്നു പറയുന്നതാണ് വരിക്കാര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നം.

New Update
bsnl-968x538

കോട്ടയം: 4ജിയിലേക്കു മാറിയിട്ടും രക്ഷയില്ലാതെ ബി.എസ്.എന്‍.എല്‍. സമീപകാലത്ത് വരിക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് സെപ്റ്റംബറില്‍ ബി.എസ്.എന്‍.എലിലേക്ക് 5.24 ലക്ഷം വരിക്കാരാണ് പുതിയതായി എത്തിയതെന്നാണ് ട്രായ് റിപ്പോര്‍ട്ട്.

Advertisment

ഒക്ടോബറില്‍ 2.69 ലക്ഷവും നവംബറില്‍ 4.21 ലക്ഷവും. എന്നാല്‍, ഏറ്റവും അവസാനം വന്ന ഡിസംബറിലെ റിപ്പോര്‍ട്ടില്‍ 2.06 ലക്ഷം വരിക്കാരുടെ കുറവാണുണ്ടായത്. 4ജി സേവനത്തിന്റെ പോരായ്മയാണു ബി.എസ്.എന്‍.എല്ലിനു തിരിച്ചടിയായത്. കോളുകള്‍ കട്ടാവുന്നതും വിളിക്കുമ്പോള്‍ കിട്ടാതിരിക്കുന്നതുമായ പരാതിയാണെങ്ങും.

നമ്പര്‍ സ്വിച്ച് ഓഫ് എന്നു പറയുന്നതാണ് വരിക്കാര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. ഡയല്‍ ചെയ്യുന്നയാളിന് റിങ് കേള്‍ക്കുകയും അവിടെ ബെല്ലടിക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ടാവുകയും ചെയ്യുന്നുണ്ട്.

സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഏതെങ്കിലും ഒരാള്‍ക്ക് ഒട്ടും കേള്‍ക്കാതിരിക്കുന്നതാണ് മറ്റൊരു പ്രശ്നം. നല്ല റെയ്ഞ്ചുള്ള സ്ഥലത്തുപോലും ഔട്ട് ഓഫ് റെയ്ഞ്ച് എന്ന് പറയും. എന്നാല്‍, ഡേറ്റയില്‍ വലിയ പ്രശ്നം ഉണ്ടാകുന്നില്ല.
വരിക്കാര്‍ മാറാന്‍ കാരണവും ഇതാണ്. വന്‍ കിട കമ്പനികളോട് പിടിച്ചു നില്‍ക്കാന്‍ ബി.എസ്.എന്‍.എല്ലിന് സാധിക്കുന്നില്ല.

കഴിഞ്ഞ വര്‍ഷങ്ങളിലെ സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്കു വര്‍ധനയും, ബിഎസ്എന്‍എല്ലിന്റെ 4ജി വരവും പൊതുമേഖല കമ്പനിക്ക് രാജ്യത്ത് ഒരു അനുകൂല തരംഗം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ബിഎസ്എന്‍എല്ലിന്റെ മെല്ലേപ്പോക്ക് ലഭിച്ച ലൈഫ്‌ലൈന്‍ നഷ്ടപ്പെടുത്തുമെന്ന് തോന്നിപോകുന്നതാണ്. 

 5ജി എന്നു വരുമെന്നതും ഉപഭോക്താക്കൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്), ടാറ്റയുടെ അനുബന്ധ സ്ഥാപനമായ തേജസ് നെറ്റ്‌വര്‍ക്കും ബിഎസ്എന്‍എല്ലിനു വേണ്ടി തദ്ദേശിയമായി പ്രത്യേകം തയ്യാറാക്കിയ 4ജി ചട്ടക്കൂട്, ഒരു നിസാര അപ്‌ഡേറ്റ് കൊണ്ട് 5ജിയിലേയ്ക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. എന്നിട്ടും എന്തുകൊണ്ട് അതിന് സാധിക്കുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം.

അതേസമയം ബിഎസ്എന്‍എല്ലിന്റെ ഈ മൊല്ലേപ്പോക്ക് ഒരു സര്‍ക്കാര്‍ തന്ത്രമായി വിലയിരുത്തപ്പെടുന്നവരും ഉണ്ട്. ബിഎസ്എന്‍എല്‍ ഉടന്‍ 3ജി സേവനങ്ങള്‍ അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം. രാജ്യത്തെ മുക്കിലും മൂലയിലും 4ജി എത്തിച്ച് ഡിജിറ്റല്‍ ഭാരതം കെട്ടിപ്പടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

ഇതിന്റെ ഭാഗമായുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ തിരക്കിലാണ് ബി.എസ്.എന്‍.എല്‍. അതേസമയം വിളിച്ചാൽ കിട്ടുന്നില്ലെന്ന  ഉപഭോക്താകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം കാണണമെന്ന  ആവശ്യം ശക്തമാണ്.

Advertisment