പശ്ചിമേഷ്യയിലെ  യുദ്ധം ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തുകയാണെന്ന് കാതോലിക്കാ ബാവാ. സമാധാനത്തിൻ്റെ മാർഗം തുറക്കാൻ ഏവരുടെയും പ്രാർത്ഥനയുണ്ടാകണം. പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായും കാതോലിക്കാ ബാവാ

സമാധാനത്തിൻ്റെ മാർഗം തുറക്കാൻ ഏവരുടെയും പ്രാർത്ഥനയുണ്ടാകണം. ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്തണം

New Update
Baselios-Marthoma-Mathews-III-Catholicos

കോട്ടയം : പശ്ചിമേഷ്യയിലെ  യുദ്ധം ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തുകയാണെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ കാതോലിക്കാ ബാവാ. 

Advertisment

കോട്ടയം പഴയസെമിനാരിയിൽ ചേർന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

സമാധാനത്തിൻ്റെ മാർഗം തുറക്കാൻ ഏവരുടെയും പ്രാർത്ഥനയുണ്ടാകണം. ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്തണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായും കാതോലിക്കാ ബാവാ പറഞ്ഞു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 2026 – 2027 ലെ 1125 കോടി രൂപയുടെ ബജറ്റ് അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അവതരിപ്പിച്ചു.   യുവ സമൂഹത്തെ സഭയോട് ചേർത്ത് നിർത്തുന്നതിനായി ഇൻഫോപാർക്കിന് സമീപം ചാപ്പലും കൗൺസിലിംഗ് സെൻ്ററും നിർമ്മിക്കും. 

സഭയുടെ വയോജന ശ്രദ്ധാ പദ്ധതിയായ ചാരെ പ്രവർത്തകർക്ക് ശാസ്ത്രീയവും ഏകീകൃതവുമായ പരിശീലനം നൽകാൻ 10 ലക്ഷം രൂപ വകയിരുത്തി. 

കുണ്ടറ മതിലകത്തെ 13 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന ക്യാമ്പ് സെൻ്ററിന് 1.50 കോടി രൂപയും, കാരാപ്പുഴയിൽ നിർമ്മിക്കുന്ന വെൽനെസ് പാർക്കിന് 50 ലക്ഷവും വകയിരുത്തി. 

പഴയ സെമിനാരിയിലെ ചരിത്ര പ്രാധാന്യമുള്ള നാലുകെട്ടിൻ്റെ പുനരുദ്ധാരണത്തിന് 75 ലക്ഷം. സ്വയംഭരണ പദവി സ്വന്തമാക്കിയ ബസേലിയസ് കോളജിന് പ്രത്യേക ഗ്രാൻ്റായി 2 കോടി രൂപ എന്നിവയും ബജറ്റിൽ വകയിരുത്തി.  

സഭയ്ക്കായി ജീവൻ ബലിയർപ്പിച്ച സഹദേൻമാരുടെ ഓർമ്മ ഡിസംബർ 6 ന് മലങ്കര രക്തസാക്ഷി ദിനമായി ആചരിക്കുമെന്ന് തൻ്റെ 10-ാം ബജറ്റ് പ്രഭാഷണത്തിൽ ബിജു ഉമ്മൻ പറഞ്ഞു.    പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ അധ്യക്ഷത വഹിച്ചു.

Advertisment