/sathyam/media/media_files/2026/03/06/pj-joseph-2026-03-06-16-43-18.jpg)
കോട്ടയം: കോണ്‍ഗ്രസ് സീറ്റുകള്‍ ഹൈജാക്ക് ചെയ്യുമോ എന്നു ഭയത്തില്‍ കോണ്‍ഗ്രസിനെ മറികടക്കാന്‍ കുതന്ത്രം പയറ്റി കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. കൂടിയാലോചനകള്‍ ഇല്ലാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാനാണു ജോസഫ് ഗ്രൂപ്പിന്റെ നീക്കം.
കാസര്‍കോട് തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് മത്സരിക്കുമെന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസ് കടുത്ത അതൃപ്തിയിലാണ്.
കോണ്‍ഗ്രസ് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സീറ്റുകളില്‍ ഒന്നാണു തൃക്കരിപ്പൂര്‍. ഇവിടെ കൂടിയാലോചനകള്‍ ഇല്ലാതെ സ്ഥാനാര്‍ഥിയെ ജോസഫ് ഗ്രൂപ്പ് സ്വയം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് കട്ടകലിപ്പിലാണ്.
ഇതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതു യു.ഡി.എഫ് സംസ്ഥാന നേതൃത്വവും കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുമാണ്.
എന്നാല്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ചു പലയിടങ്ങളിലും നടക്കുന്ന പ്രചരണങ്ങള്‍ നല്ല ഉദ്ദേശത്തോടെ അല്ലെന്നും ഇത്തരം അനാവശ്യ പ്രചരണങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി ശക്തമായി നേരിടുമെന്നും സ്ഥാനാര്‍ഥിയായി ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ജെറ്റോ ജോസഫും വിശദീകരണവുമായി രംഗത്തു വന്നു.
ഏറ്റുമാനൂരും സമാന നീക്കങ്ങള്‍ ജോസഫ് ഗ്രൂപ്പ് നടത്തുന്നുണ്ട്. പലയിടത്തും യുഡിഎഫ് ബുക്കിഡ് ചുവരെഴുത്തുകള്‍ക്കു ജോസഫ് ഗ്രൂപ്പ് തുടക്കമിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും ഒന്നും ഇല്ലെങ്കിലും തങ്ങൾ തന്നെ മത്സരിക്കുമെന്ന സൂചനയാണു ജോസഫ് ഗ്രൂപ്പ് നല്‍കുന്നത്.
കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ഉറപ്പു പറഞ്ഞ സീറ്റുകളില്‍ ഒന്നാണ് ഏറ്റുമാനൂര്‍. ഇതോടൊപ്പം ഇടുക്കിയും കുട്ടനാടും കോതമംഗലവും ചങ്ങനാശേരിയും കോണ്‍ഗ്രസ് ചോദിക്കുന്നുണ്ട്. ജോസഫ് ഗ്രൂപ്പിന് അണികള്‍ ഇല്ല, കൊള്ളാവുന്ന നേതാക്കളുമില്ല ഇതു വിജയ സാധ്യതയെ വല്ലാതെ ബാധിക്കും.
കഴിഞ്ഞ തവണ മത്സരിച്ച പത്തില്‍ എട്ടിലും ജോസഫ് ഗ്രൂപ്പ് തോറ്റു. ഇക്കുറിയും ജോസഫ് ഗ്രൂപ്പിനു വഴങ്ങുന്നത് എല്‍.ഡി.എഫിന്റെ തുടര്‍ ഭരണ സാധ്യതകള്‍ വര്‍ധിപ്പിക്കുക കൂടി ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഈ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ വിജയ സാധ്യത ഉറപ്പെന്നുമാണു കോണ്‍ഗ്രസ് വാദം.
കടുത്ത സമ്മര്‍ദത്തിലാണു ജോസഫ് ഗ്രൂപ്പ്. മത്സരിച്ച സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വന്നാല്‍ പാര്‍ട്ടിയുടെ അടിത്തറ തന്നെ തകര്‍ന്നു പോകുമെന്നു പോലും ജോസഫ് ഗ്രൂപ്പ് ഭയപ്പെടുന്നു. ഇതോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ പോലും പേരിനു മാത്രമാണു ജോസഫ് ഗ്രൂപ്പ് നേതാക്കളുടെ സാന്നിധ്യം.
കോണ്‍ഗ്രസ് വിളിച്ച ചര്‍ച്ചയ്ക്കും പി.ജെ. ജോസഫ് പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ല. പ്രതിഷേധം ഉണ്ടാകുമെങ്കിലും ജോസഫ് ഗ്രൂപ്പില്‍ നിന്നു സീറ്റുകള്‍ വേണമെന്ന നിലപാടില്‍ ഉറച്ചു കോണ്‍ഗ്രസും നില്‍ക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us