/sathyam/media/media_files/iGZtfyS6Gf3URCQGQ6qh.jpg)
കോട്ടയം: മുണ്ടക്കയത്ത് ബസ് കത്തി നശിച്ച സംഭവത്തിനു പിന്നാലെ കന്നുകാലിയുമായി പോയ ലോറിക്കും തീപിടിച്ചു. സേലത്തുനിന്ന് എരുമേലിയിലേക്കു കന്നുകാലികളുമായി വന്ന ലോറിക്കാണ് തീപിടിച്ചത്.
മുണ്ടക്കയം 35-ാം മൈലിന് സമീപം ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിന്‍ചക്രത്തിനു തീപിടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം റോഡരികിലേക്കു മാറ്റി നിര്‍ത്തുകയായിരുന്നു. ലോറിയുടെ ടയറില്‍ നിന്നു പടര്‍ന്ന തീ നിമിഷങ്ങള്‍ക്കകം ആളിപ്പടര്‍ന്നു.
വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ തന്നെ തീ പൂര്‍ണമായും അണച്ചതിനാല്‍ വലിയൊരു അപകടം ഒഴിവായി. ലോറിയിലുണ്ടായിരുന്ന കന്നുകാലികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ടയര്‍ ചൂടായതിനെത്തുടര്‍ന്നുണ്ടായ ഘര്‍ഷണമാകാം തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
സമാന രീതിയില്‍ മുണ്ടക്കയത്ത് ബസും കത്തി നശിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു സംഭവം. മധുരയില്‍ നിന്ന് എറണാകുളത്തേയ്ക്കു പോവുകയായിരുന്ന ബസിലാണു തീപിടിത്തമുണ്ടായത്. സ്ത്രീകളും കുട്ടികളും, അടക്കം 45 അംഗ വിനോദയാത്ര സംഘമാണ് ബസിലുണ്ടായിരുന്നത്.
ബസ് നിര്‍ത്തിയ ശേഷം ആളെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയര്‍ പൊട്ടുകയും തീ പടരുകയുമായിരുന്നു.
വാഹനത്തിന്റെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ വസ്തുവകകളെല്ലാം കത്തിനശിച്ചു. കാഞ്ഞിരപ്പള്ളിയില്‍ നിന്നു ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേയ്ക്കും സമീപത്തെ ഇന്റര്‍നെറ്റ് കേബിളുകള്‍ ഉള്‍പ്പടെ കത്തി നശിച്ചിരുന്നു.
മലയോര മേഖലയുടെ കവാടം എന്ന് അറിയപ്പെടുന്ന മുണ്ടക്കയത്തു ഫയര്‍ സ്‌റ്റേഷന്‍ ഇല്ല എന്നതാണു ഏറെ നിരാശാജനകമാണ്.. എന്തെങ്കിലും അപകടം ഉണ്ടായാല്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നോ ഇടുക്കി ജില്ലയില്‍ നിന്നോ ഫയര്‍ എന്‍ജിനുകള്‍ എത്തണം. അപ്പോഴേയ്ക്കും തീ പിടുത്തത്തിന്റെ വ്യാപ്തി പല മടങ്ങ് വര്‍ധിച്ചിരിക്കും.
മുണ്ടക്കയത്തിനു ഫയര്‍ സ്‌റ്റേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ ഇപ്പോഴും ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us