/sathyam/media/media_files/GoJ4LeunArNTMO0Mn3Oq.jpg)
കോട്ടയം: മാര്‍ച്ച് പകുതി വരെ ജില്ലയില്‍ ചൂട് കൂടും. അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു അള്‍ട്രാവയലറ്റ് സൂചിക. നിലവില്‍, ഈ മാസം പകുതി വരെ ശക്തമായ മഴ പ്രവചനമില്ല.
തെക്കേ ഇന്ത്യയ്‌ക്കൊപ്പം മധ്യ ഇന്ത്യയ്ക്കും ചൂടേറുന്നതോടെ ചൂടുകാറ്റിന്റെ പ്രവാഹം വര്‍ധിക്കുന്നതും പകല്‍ താപനില വര്‍ധനവിനു കാരണമാകും.
ഏതാനും വര്‍ഷങ്ങളായി ജില്ലയില്‍ റെക്കോര്‍ഡ് ചൂട് അനുഭവപ്പെടുന്നതു മാര്‍ച്ചിലാണ്. ഇത്തവണയും വരും ദിവസങ്ങളില്‍ സമാന അന്തരീക്ഷമുണ്ടാകാനാണു സാധ്യതയെന്നും വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അനൗദ്യോഗികമായി പകല്‍ താപനില ജില്ലയില്‍ 40 ഡിഗ്രി വരെ രേഖപ്പെടുത്തിയിരുന്നു.
പകല്‍ താപനില ഉയര്‍ന്നു തുടങ്ങിയതോടെ ജനജീവിതം ദുസഹമായി. അള്‍ട്രാവയലറ്റ് സൂചിക അപകടകരമായ നിലയിലേക്ക് ഉയരുന്നതു ഗുരുതര ആരോഗ്യം പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ഈ മാസം പകുതി വരെ സാധാരണ നിലയിലുള്ള ചൂടാണു പ്രവചനമെങ്കിലും മഴയ്ക്കു ശേഷമുള്ള വേനലായതിനാല്‍ അസ്വസ്ഥതയേറുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഒരു ദിവസം 37.5 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയെങ്കിലും സാധാരണയില്‍ കുറഞ്ഞ ചൂടു ദിനങ്ങള്‍ മാത്രമായിരുന്നു ജില്ലയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അവസാന ദിവസങ്ങളില്‍ പൊള്ളുന്ന ചൂടായിരുന്നുവെങ്കില്‍ ഇത്തവണ മഴ ദിനങ്ങളായിരുന്നു. അപ്രതീക്ഷിത മഴ എത്തിയില്ലായിരുന്നുവെങ്കില്‍ ചൂട് റെക്കോര്‍ഡ് മറികടക്കുമായിരുന്നുവെന്നു നിരീക്ഷകര്‍ പറയുന്നു.
അതേസമയം അള്‍ട്രാവയലറ്റ് വികിരണത്തോതു വര്‍ധിക്കുന്നത് ആശങ്കയ്ക്കു കാരണമാകുന്നുണ്ട്. ജില്ലയില്‍ വികിരണത്തോട് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതോടെ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന വികിരണത്തോതു രേഖപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്നായി ചങ്ങനാശേരി മാറിയിരിക്കുകയാണ്, കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ സൂചിക ഏഴായിരുന്നു.
ഇതോടെ, തുടര്‍ച്ചയായ സൂര്യപ്രകാശമേല്‍ക്കുന്നതു ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു ഡോക്ടമാര്‍ പറയുന്നു. സൂര്യാതപം, ചര്‍മ രോഗങ്ങള്‍ എന്നിവയ്ക്കു കാരണമായേക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us