മണർകാട് : ഓടിക്കൊണ്ടിരുന്ന വാഹനം കത്തിയമർന്നു. മണർകാട് പെരുമാനൂർക്കുളത്തിന് സമീപം മിൽക്ക് സോസൈറ്റിക്ക് മുൻപിൽ ഞായറാഴ്ച രാത്രി 10.30നാണു സംഭവം. മാരുതി 800 കാർ ആണ് കത്തിയത്. കഞ്ഞിക്കുഴി സ്വദേശി ലിബിനും അമ്മയുമാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ നിന്നു പുക ഉയരുന്നതു കണ്ട് ഇരുവരും വാഹനത്തിൽ നിന്ന് ചാടി ഇറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല.
ഷോർട് സെർക്യൂട്ടാണ് അപകടകാരണമെന്നാണ് സംശയം. ആർക്കും പരുക്കില്ല. കോട്ടയം പിമ്പാടി ഫയർസ്റ്റേഷനുകളിൽ നിന്നും എത്തിയ ഫയർ എൻജിൻ ഉപയോഗിച്ചാണ് തീ അണച്ചത്. മണർകാട് പള്ളിയിൽ പെരുന്നാളിനോട് അനുബന്ധിച്ചു സജ്ജമാക്കിയ ഫയർ യൂണിറ്റ് സ്ഥലത്ത് എത്തിയിരുന്നെങ്കിലും വെള്ളം പമ്പു ചെയ്യുന്ന വാൽവിന് തകരാറു വന്നതോടെ തീ അണയ്ക്കാൻ മറ്റു ഫയർ എൻജിനുകളുടെ സഹായം തേടുകയായിരുന്നു.
കാർ പൂർണമായും കത്തി നശിച്ചു. തീ പിടുത്തത്തെ തുടർന്ന് ഏറ്റുമാനൂർ മണർകാട് ബൈപാസിൽ ഗതാഗതം തടസപ്പെട്ടു.