/sathyam/media/media_files/Bpsg6oWfYxhXG88PpfvV.jpg)
കോട്ടയം: വയനാടിന് പുനരധിവാസം സർക്കാരും സുമനുസുകളും പ്രഖ്യാപിക്കുമ്പോൾ അതു വീട് വെച്ചു നൽകുന്നതുമാത്രമാക്കി ഒതുക്കരുതെന്ന് കൂട്ടിക്കലുകാർ. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം പല വാഗ്ദാനങ്ങൾ കൂട്ടിക്കലുകാരും കണ്ടിരുന്നു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർകാരും വിവിധ രാഷ്ട്രീയ പാർട്ടികൾ സന്നദ്ധ സംഘടനകൾ എല്ലാവരും ചേർന്നു നിർമിച്ചു നൽകിയിരുന്നു. എന്നാൽ, ഈ മേഖലയിൽ കഴിയുന്ന ജനങ്ങൾ എങ്ങനെയാണ് കഴിയുന്നതെന്ന് ഇന്ന് ആരും ചിന്തിക്കാറില്ല.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് ഈ നാടിന് ഇതുവരെ മോചിതരാകാൻ കഴിഞ്ഞിട്ടില്ല. നിരവധി പേർക്കാണ് ഉറ്റവരെയും ജീവിതകാലം മുഴുവൻ ഉണ്ടാക്കിയ സമ്പാദ്യവും നഷ്ടമായത്. മിക്കവരും ഇപ്പോഴും വാടക വീടുകളിലാണ് താമസം. വാടക നൽകാൻ കാശില്ലാത്തവർ ഉരുൾപൊട്ടൽ മേഖലയിൽ സ്വന്തം ജീവൻ പണയം വെച്ച് ഇപ്പോഴും ജീവിക്കുന്നു.
തുടരുന്ന ജപ്തിഭീഷണികളും പൂർത്തിയാകാത്ത പാലങ്ങളും ഇന്നും ഈ നാട്ടിൽ ഉരുളിനേക്കാൾ വേദനയോടെ നിൽക്കുന്നു. ഉരുളും പ്രളയവും വരുമാന മാർഗം കവർന്നതിനാൽ ലോൺ തിരിച്ചടയ്ക്കാൻ കഴിയാതെ നിസഹായവരെയാണ് ബാങ്കുകൾ ജപ്തി നോട്ടീസുമായി ഭീഷണിപ്പെടുത്തുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി എടുത്ത ലോണുകളാണ് ഏറെയും കുടിശികയായത്.
ദുരന്ത കാലത്തെ സഹായപ്രവാഹവും ആശ്വാസ വാക്കുകളും വാഗ്ദാനങ്ങളുമൊക്കെ, ഉരുൾപ്പൊട്ടലിൽ ഒഴുകുന്ന വെള്ളത്തേക്കാൾ വേഗത്തിൽ ഒഴുകും, പിന്നെ ഒപ്പമുണ്ടാകുക ദുരന്തം ഉണ്ടാക്കിയ ആഘാതവും വേദനകളും മാത്രമെന്നും കൂട്ടിക്കൽ സ്വദേശികൾ നിറകണ്ണുകളോടെ പറയുന്നു.
2021 ഒക്‌ടോബർ 16നു പകലാണു കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലായി ഉരുളുകൾ പൊട്ടിയത്. കൂട്ടിക്കലിലെ കാവാലി, പ്ലാപ്പള്ളി, ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചി എന്നിവിടങ്ങളിലായുണ്ടായ ഉരുൾപ്പൊട്ടലിൽ മരിച്ചത് 21 പേർ. കൂടുതൽ ജീവൻ നഷ്ടമായ സ്ഥലങ്ങളെല്ലാം പ്രേതഭൂമി പോലെ ഇപ്പോഴും കാടുപിടിച്ചു കിടക്കുകയാണ്. സമീപ സ്ഥലത്തുണ്ടായിരുന്ന പലരും കിട്ടിയ വിലയ്ക്കു സ്ഥലം വിറ്റും വിൽക്കാതെയുമൊക്കെ സുരക്ഷിത സ്ഥാനങ്ങളിലേക്കു താമസം മാറി. പതിറ്റാണ്ടുകൾ അധ്വാനിച്ചുണ്ടാക്കിയ കൃഷി പൂർണമായി ഉപേക്ഷിച്ചു നാടുവിട്ടവർ നിരവധി. എന്തും വരട്ടെയെന്ന ധൈര്യത്തിൽ ജനിച്ച നാട്ടിൽ തുടരുന്നുവരുമുണ്ട്.
സഹായഹസ്തങ്ങളും വാഗ്ദാനങ്ങളും ഏറെയെത്തിയെങ്കിലും വാഗ്ദാനങ്ങൾ പൂർണമായി പാലിക്കപ്പെട്ടിട്ടില്ലെന്ന ആരോപണമുണ്ട്. ഭാഗികമായി നഷ്ടമുണ്ടായ പലർക്കുമാണു സഹായ വാഗ്ദാനങ്ങൾ പൂർണമായി ലഭിക്കാതെ പോയത്. കൊക്കയാർ പഞ്ചായത്തിലെ പുല്ലുമറ്റം സണ്ണിയുടെ വീടിന്റെ മുൻ ഭാഗം ഇടിഞ്ഞുപോയെങ്കിലൂം പഞ്ചായത്തിൽ നിന്നു ചെറിയ സഹായം ലഭിച്ചതൊഴിച്ചാൽ, പ്രളയദുരിതാശ്വാസമായി ഒന്നും ലഭിച്ചില്ല. ഇത്തരം നിരവധി കുടുംബങ്ങൾ മേഖലയിലുണ്ട്.
മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ വില്ലേജുകളിലായി 255 വീടുകൾ അന്ന് ഉരുൾപ്പൊട്ടലിലും മിന്നൽ പ്രളയത്തിലുമായി തകർന്നുവെന്നാണു കണക്ക്. വീടും സ്ഥലവും നഷ്ടമായവർക്ക് ആകെ 7.8 കോടി രൂപ സർക്കാർ ധനസഹായം നൽകി. മരിച്ചവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ വീതവും വീടു നഷ്ടമായ ഓരോ കുടുംബങ്ങൾക്കും ആറു ലക്ഷം രൂപ വീതവും ധനസഹായം നൽകി. നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളും പുനരധിവാസത്തിന്റെ ഭാഗമായി വീടു നിർമിച്ചു നൽകിയിരുന്നു.
നിരവധി പാലങ്ങൾ ഉരുൾ എടുത്തത്തിനാലുണ്ടായ ദുരിതം ഇനിയും മേഖലയിൽ നിന്നു പൂർണമായി മാറിയിട്ടില്ല. പ്രധാന പാലങ്ങളിൽ ഇളംകാട് മ്ലാക്കര പാലത്തിന്റെ നിർമാണം മാത്രമാണ് പൂർത്തിയായത്. ഇളംകാട് ചപ്പാത്ത്, കൊക്കയാർ, ഏന്തയാർ മുക്കുളം, വെള്ളനാടി പാലങ്ങളുടെ നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല.
വയനാട് ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ പുനരധിവാസം എത്രയും പെട്ടന്ന് പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പുനരധിവാസം നടത്തുമ്പോൾ ജനങ്ങൾക്കു മുന്നോട്ട് ജീവിക്കാൻ തൊഴിൽ, അവർ ഭാവിയിൽ നേരിടാൻ സാധ്യതയുള്ള ബാങ്കിൽ നിന്നുള്ള ജപ്തി ഭീഷണി എന്നിവ ഉൾപ്പടെ മുന്നിൽ കണ്ടു വേണം നടപടികൾ സ്വീകരിക്കാനെന്നു കൂട്ടിക്കൻ നിവാസികൾ സർക്കാരിനോട് അഭ്യർഥിക്കുന്നു.