ചങ്ങനാശേരി: അതിരൂപതയുടെ ഒമ്പതാമത് മേലധ്യക്ഷനും അഞ്ചാമതു മെത്രാപ്പോലീത്തായുമായി മാര്‍ തോമസ് തറയിലില്‍ അഭിഷിക്തനായി. ഇന്നു രാവിലെ 8.45ന് ആര്‍ച്ചുബിഷപ്‌സ് ഹൗസില്‍ നിന്നു ബിഷപ്പുമാര്‍ മെത്രാപ്പോലീത്തന്‍ പള്ളിയിലേക്കു പുറപ്പെട്ടതോടെ ചടങ്ങുകള്‍ക്കു തുടക്കമായി.
തുടര്‍ന്നു പള്ളിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഒമ്പതിനു സ്ഥാനാരോഹണശുശ്രുഷകള്‍ ആരംഭിച്ചു. തിരുവസ്ത്രങ്ങളണിഞ്ഞ മെത്രാന്‍മാരും വൈദികരും അടങ്ങുന്ന സംഘം ആദ്യം വേദിയിലേക്കെത്തി. പ്രാര്‍ഥനയോടെയും വാദ്യമേളങ്ങയുടെയും അകമ്പടിയോടെ മാര്‍ തോമസ് തറയിലിനെ വിശ്വാസ സമൂഹം വേദിയിലേക്ക് വരവേറ്റു.
തുടര്‍ന്നു സീറോ മലബാര്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ കാര്‍മികത്വത്തില്‍ സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കു തുടക്കമായി. മാര്‍ ജോസഫ് പെരുന്തോട്ടം,മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
മാര്‍ തോമസ് തറയില്‍ ആധുനിക ലോകത്തോട് സംവദിക്കാന്‍ കഴിവുള്ള ഇടയനാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. തന്റെ പിന്‍ഗാമിയെക്കുറിച്ച് അഭിമാനം മാത്രമാണെന്നും മാര്‍ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി. ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദേഹം. ചങ്ങനാശേരിയുടെ ചരിത്രവും സിറോമലബാര്‍ സഭയുടെ ചരിത്രവും പറഞ്ഞാണ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വാഗത പ്രസംഗത്തിനു തുടക്കം കുറിച്ചത്.
മാര്‍ റാഫേല്‍ തട്ടില്‍ സന്ദേശം നല്‍കി. തുടര്‍ന്നു മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാനയര്‍പ്പണം നടന്നു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാപ്പോലീത്താ റവ. ഡോ. തോമസ് ജെ. നെറ്റോ സന്ദേശം നല്‍കും. വി. കുര്‍ബാനയ്ക്കുശേഷം ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് റവ. ലെയോപോള്‍ഡോ ജിറേല്ലി പ്രസംഗിച്ചു.
വത്തിക്കാന്‍ പ്രതിനിധിയും യൂറോപ്യന്‍ സഭാപ്രതിനിധികളും ഇതരസഭകളുടെ മേലധ്യക്ഷന്‍മാരും ഉള്‍പ്പെടെ അമ്പതിലേറെ മെത്രാന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. ചങ്ങനാശേരി അതിരൂപതയിലെ മുഴുവന്‍ വൈദികരും സാമന്തരൂപതകളിലെ വികാരി ജനറാള്‍മാരും വൈദിക പ്രതിനിധികളും മറ്റു വൈദികരും കുര്‍ബാനയര്‍പ്പിക്കും. മാര്‍ തറയിലിന്റെ അമ്മയും സഹോദരങ്ങളും കുടുബാംഗങ്ങളും സമര്‍പ്പിതരും അല്‍മായരുമടക്കം രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ പതിനായിരത്തില്‍പരം വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.