Advertisment

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻ്റെ പരാക്രമം.കെട്ടിടത്തിൻ്റെ മുകളിൽ കയറി ഭീഷണി മുഴക്കിയത് പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി. പ്രതിയെ താഴെ എത്തിച്ചത് തന്ത്രപരമായ നീക്കത്തിലൂടെ.

New Update
5004e15d-1a0c-4407-93b4-d953657705a3

കാഞ്ഞിരപ്പള്ളി:  ജനറൽ ആശുപത്രിയിൽ മെഡിക്കൽ വാർഡ് കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻ്റെ പരാക്രമം. അയൽ വാസികളായ രണ്ട് സ്ത്രീകളെ മർദ്ദിച്ച കേസിൽ പൊൻകുന്നം പോലീസ് കസ്റ്റഡിയിലെടുത്ത കത്തലാങ്കൽപ്പടി സ്വദേശി ഇഞ്ചക്കാട് ജ്യോതിഷ് കുമാറാണ്(43)ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി ആളുകളെ  ഭീതിയിലാഴ്ത്തിയത്.

Advertisment

കസ്റ്റഡിയിലെടുത്ത ശേഷം ഇയാൾക്ക്  വൈദ്യ പരിശോധന നടത്തിയിരുന്നു. എന്നാൽ സ്റ്റേഷനിൽ വച്ച്മൊഴിയെടുക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുന്നുവെന്ന് അറിയിക്കുകയും തുടർന്ന് വീണ്ടും വൈദ്യ പരിശോധന നടത്താൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

ഇതിനിടെയാണ് പോലീസിനെ കബളിപ്പിച്ച് ഇയാൾ കെട്ടിടത്തിന് സമീപം ഇരുന്ന ഗോവണി വഴി മുകളിൽ കയറിയത്. തനിയ്ക്കെതിരെയുള്ള പരാതി വ്യാജമാണന്നും,കള്ളക്കേസെടുക്കാൻ ശ്രമിക്കുകയാണന്നുമായിരുന്നു ഇയാളുടെ ആക്ഷേപം. ഫയർഫോഴ്സും,പോലീസും,നാട്ടുകാരും ചേർന്ന് പല തവണ താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ വഴങ്ങിയില്ല.

അവസാനം മുകളിലേയ്ക്ക് കയറിയ ഏണി വഴി തന്നെ പകുതി ദൂരം താഴേയ്ക്കിറങ്ങിയ ശേഷം വിളിക്കുന്നതിനായി ഫോൺ  ആവശ്യപ്പെട്ടു. ഈ സമയം ഫോൺ നൽകാനെന്ന വ്യാജേന ഏണി വഴി കയറി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തി. തുടർന്ന് പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി.

സ്ത്രീകളെ മർദിച്ച സംഭവത്തിൽ നാട്ടുകാർ ചേർന്നാണ് ഇയാളെ പിടികൂടി ഏൽപിച്ചതെന്നും സ്ത്രീകളുടെ മൊഴിയെടുത്ത ശേഷം ഇവരെ മർദ്ദിച്ചതിന് കേസെടുക്കുമെന്നും  പോലീസ് അറിയിച്ചു

Advertisment