കോട്ടയം: നഗരത്തിലെ ആകാശപ്പാതയുട ഇരുമ്പു പൈപ്പുകള്‍ തുരുമ്പെടുത്തു, പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഒരിടവേളയ്ക്കു ശേഷം ആകാശപാത വീണ്ടും വിവാദങ്ങളില്‍ നിറയുന്നു.
തുരുമ്പെടുത്ത പൈപ്പുകള്‍ വേഗം നീക്കം ചെയ്യണമെന്നും കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച് സെന്റര്‍ എന്നിവര്‍ നടത്തിയ ബലപരിശോധനാ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. അടിസ്ഥാന തൂണുകള്‍ ഒഴികെ മേല്‍ക്കൂര മുഴുവന്‍ നീക്കണമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015 ഡിസംബര്‍ 22ന് ആണ് ആകാശപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്. പദ്ധതിക്ക് 5.18 കോടി രൂപ അനുവദിച്ചു. ഒരുകോടിയിലധികം ചിലവിട്ടു തൂണുകള്‍ സ്ഥാപിച്ചു. എന്നാല്‍, പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ആകാശപാതയില്‍ അത്ര താല്‍പര്യം കാട്ടിയില്ല. സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ വന്നതോടെ നിര്‍മാണം നിലക്കുകയായിരുന്നു.
ഇതിനിടെ ആകാശപാത പൊളിച്ചു മാറ്റണമെന്നു മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിയമസഭയില്‍ അറിയിച്ചതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി. ആകാശപാത യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തെ അഴിമതിയുടെ തെളിവാണെന്നു ചൂണ്ടിക്കാട്ടി സി.പി.എമ്മും പ്രതിഷേധ സമരം നടത്തിയിരുന്നു.
ഇതേസമയം, ആദ്യഘട്ടം നിര്‍മാണം നടത്തിയ കിറ്റ്‌കോയെ ഒഴിവാക്കി പകരം ഊരാളുങ്കല്‍ സൊസൈറ്റിയെ പണിയേല്‍പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം നടക്കാതെ വന്നതോടെയാണ് ബലപരിശോധനയിലൂടെ ആകാശപ്പാതയ്ക്കു തടയിട്ടതാണെന്ന് യു.ഡി.എഫ്. ആരോപിക്കുന്നത്. ആകാശപാത പൊളിക്കുന്നതു സംബന്ധിച്ച സ്വകാര്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ട്.