മുക്കുപണ്ടം പണയംവെച്ചു പണം തട്ടിയ ബിജെപി നേതാവ് അറസ്റ്റില്‍. പണയം വെച്ചത് എട്ടു പവന്റെ തൂക്കം ഉണ്ടന്ന് വിശ്വസിപ്പിച്ച്. തട്ടിപ്പ് പൊളിഞ്ഞത് ബങ്കില്‍ പുതിയ അപ്രൈസര്‍ എത്തിയതോടെ

New Update
crime s manoj kumar

കടുത്തുരുത്തി: എട്ടു പവനെന്നു പറഞ്ഞു മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസില്‍ ബിജെപി പ്രാദേശിക നേതാവു പോലീസ് പിടിയില്‍. മിമിക്രി കലാകാരനും ബിജെപി വെള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റുമായ മേവെള്ളൂര്‍ ഓലിക്കരയില്‍ എസ് മനോജ് കുമാര്‍ (49) ആണ് പോലീസ് പിടിയിലായത്.

Advertisment

കടുത്തുരുത്തി അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്കിന്റെ വെള്ളൂര്‍ ശാഖയിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. സ്വര്‍ണം ആണെന്ന് വിശ്വസിപ്പിച്ച് 2023 ഓഗസ്റ്റില്‍ 48 ഗ്രാം വരുന്ന ആറ് വളകള്‍ പണയം വെച്ച് 185000 രൂപയും, 2023 നവംബറില്‍ 16 ഗ്രാം തൂക്കം വരുന്ന രണ്ട് വളകള്‍ പണയം വെച്ച് 63000 രൂപയും എടുത്തു.

രണ്ട് തവണയായി 8 പവന്റെ മുക്കുപണ്ടം വെച്ച് നടത്തിയ തട്ടിപ്പില്‍ 248000 രൂപയാണ് ഇയാള്‍ ബാങ്കിനെ കബളിപ്പിച്ച് കൈക്കലാക്കിയത്. ബാങ്കിന് പലിശയടക്കം 269665 രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

ബാങ്കിന്റെ പഴയ അപ്രൈസര്‍ക്ക് പകരം എത്തിയ പുതിയ അപ്രൈസര്‍ കഴിഞ്ഞ ദിവസം ബാങ്കിലെ സ്വര്‍ണം പരിശോധിക്കുന്നതിനിടെ മനോജ് പണയംവച്ച സ്വര്‍ണ്ണം മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ബാങ്കിന്റെ സെക്രട്ടറിയുടെ പരാതിയില്‍ വെള്ളൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പോലീസ് നടത്തിയ തെരച്ചിലില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Advertisment