/sathyam/media/media_files/L0QvCCvZDOG1m1ef8LJA.jpg)
കോട്ടയം: മഴയ്‌ക്കൊപ്പം എത്തുന്ന കൊടുങ്കാറ്റ് ജില്ലയില്‍ സൃഷ്ടിക്കുന്നത് വ്യാപക നാശനഷ്ടം. കാറ്റു ശക്തമായതോടെ മരങ്ങള്‍ കടപുഴകി വീടുകള്‍ക്കും വൈദ്യുതി ലൈനു മുകളിലേക്കും വീണു ലക്ഷങ്ങളുടെ നഷ്ടമാണ് കഴിഞ്ഞ നാലു ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. ഞായറാഴച മുതല്‍ ജില്ലയില്‍ ഉണ്ടായ കാറ്റിലും കെഎസ്ഇബിയ്ക്കു മാത്രം ലക്ഷങ്ങളുടെ നാശമുണ്ടായിട്ടുണ്ട്. കൃഷി നാശം കോടി കവിയും.
ഇത്തവണ കാലവര്‍ഷത്തിനൊപ്പം ശക്തമായ ഇടിമിന്നലും വ്യാപക നാശത്തിനു കാരണമായിരുന്നു. സാധാരണ കാലവര്‍ഷക്കാലത്ത് പതിവില്ലാത്ത മിന്നല്‍ വലിയതോതിലുള്ള നഷ്ടവും ജില്ലയ്ക്കു സമ്മാനിച്ചു. ജൂണ്‍ ഒന്നു മുതല്‍ പെയ്തിറങ്ങിയിരുന്ന ശാന്തമായ മഴകളെ കണ്ടു പരിചയിക്കുകയും ആസ്വദിക്കുകയും നനയുകയും ചെയ്തിരുന്നുവര്‍ എല്ലാം ഇന്നു മഴയെന്നു കേള്‍ക്കുമ്പോഴേ ഭയക്കുന്ന അവസ്ഥയിലാണ്.
ഹ്രസ്വസമയത്ത് പെയ്യുന്ന അതിതീവ്ര മഴയ്ക്കൊപ്പമാണു കാറ്റ് നാശം വിതയ്ക്കുന്നത്. തിങ്കളാഴ്ച പകല്‍ ജില്ലയില്‍ മണിക്കൂറുകളുടെ ഇടവേളകളില്‍ കാറ്റ് നാശം വിതച്ചിരുന്നു. അഗ്‌നിശമന സേന 25 സ്ഥലങ്ങളിലാണ് വഴിയില്‍ നിന്നു മാത്രം മരങ്ങള്‍ വെട്ടിനീക്കിയത്. മറ്റു നഷ്ടങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല.
കാലവര്‍ഷത്തിനൊപ്പം എന്താണ് ഇത്തരം പ്രാദേശിക മിന്നല്‍ ചുഴലി എന്നതിനു കാലാവസ്ഥാ നിരീക്ഷകര്‍ക്കും വ്യക്തമായ ഉത്തരമില്ല. മുമ്പൊക്കെ മലയോര മേഖലകളിലാണ് കാറ്റു നാശം വിതച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നഗരങ്ങളിലും കാറ്റ് ദുരന്തം വിതയ്ക്കുകയാണ്.
ചൂട് കൂടുന്നതിനു പിന്നാലെയാണ് ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നതെന്നു ഒരു വിഭാഗം വിദഗ്ദ്ധര്‍ പറയുന്നു. ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള പ്രദേശങ്ങള്‍ തമ്മില്‍ പോലും ചൂടിന്റെ അളവില്‍ അന്തരമുണ്ടാകും. ഇത്തരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചൂട് ശമിപ്പിക്കാന്‍ പ്രകൃതി ഒരുക്കുന്ന സ്വഭാവിക പ്രക്രിയയാണ് കാറ്റെന്ന് ഇവര്‍ പറയുന്നു.
ചൂടിന്റെ അളവിലെ വ്യത്യാസമാണ് കാറ്റ് തീവ്രമാകാന്‍ കാരണമാകുന്നത്. സമീപകാലത്തെ ഏറ്റവും ചൂടേറിയ വേനല്‍ക്കാലമാണു മേയില്‍ അവസാനിച്ചത്.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് വൈക്കം മേഖലയിലും അടുത്തിടെ കുമരകം, എരുമേലി മേഖലകളിലും സമാനമായ കാറ്റ് വീശി നഷ്ടം ഉണ്ടായിരുന്നു. മുമ്പൊക്കെ കിഴക്കന്‍ മേഖലയിലാണ് ഇത്തരം കാറ്റ് വീശിയിരുന്നതെങ്കില്‍ ഇപ്പോള്‍ സമതല മേഖലയിലാണു കാറ്റ് നാശം വിതയ്ക്കുന്നതെന്നതും ആശങ്കയ്ക്കു കാരണമാകുന്നു.