പാലാ: മൂന്നു മാസത്തിനിടെ അഞ്ചു തവണ തകരാര്‍... ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി കെണിയിലായി യുവതി.. ഒടുവില്‍ സഹികെട്ടു സ്‌കൂട്ടര്‍ തിരികെ നല്‍കി. പ്രവിത്താനം ചാത്തമലയില്‍ വി.എസ്. കാവ്യക്കാണ് ഓല സ്‌കൂട്ടര്‍ പണി തന്നത്..
ജൂലൈയില്‍ വാങ്ങിയ സ്‌കൂട്ടര്‍ മൂന്നു മാസത്തിനിടെ 5 തവണ തകരാറിലായതിനെത്തുടര്‍ന്നു യാത്ര മുടക്കിയതായി കാവ്യ പറയുന്നു. കഴിഞ്ഞമാസം തകരാറിലായ വാഹനം നന്നാക്കാന്‍ വീട്ടിലെത്തിയ ടെക്‌നീഷ്യന്‍ തകരാര്‍ പരിഹരിക്കാതെ സ്ഥലം വിട്ടതായും യുവതി ആരോപിച്ചു.
ഓല സ്‌കൂട്ടര്‍ കമ്പനിക്കെതിരെയാണ് കാവ്യ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. പണം വാങ്ങി സ്‌കൂട്ടര്‍ കമ്പനി തന്നെ കബളിപ്പിച്ചുവെന്നു കാട്ടി കാവ്യ പാലാ ഡിവൈ.എസ്.പിക്ക് പരാതിയും നല്‍കി. ഒരു ലക്ഷത്തി ഇരുപതിനായിരത്തില്‍പരം രൂപയാണ് ഈ സ്‌കൂട്ടറിന് ചിലവായത്.
ഈ സ്‌കൂട്ടര്‍ വാങ്ങിയതു മുതല്‍ 5 തവണ തകരാറിലായി. ടെക്‌നീഷ്യന്‍ വന്ന് നന്നാക്കി തന്ന് ഒരാഴ്ച കഴിയും മുമ്പേ വീണ്ടും തകരാറിലാവും. പിന്നീട് റിക്കവറി വാഹനം ഉപയോഗിച്ചു ഷോറൂമില്‍ എത്തിച്ചാലെ നന്നാക്കി നല്‍കൂ എന്ന് ഷോറൂം അധികൃതര്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച തകരാറിലായ വാഹനം നന്നാക്കാനായി വന്നവര്‍ അഴിച്ചിട്ടശേഷം എന്നോട് വാഹനം ഷോറൂമില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. താന്‍ തയ്യാറാകാതെ വന്നപ്പോള്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് എന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അഴിച്ചിട്ടഭാഗങ്ങള്‍ വെറുതെ കൂട്ടിയോജിപ്പിച്ച ശേഷം തിരികെ പോയി.
ബ്രാന്റ് ന്യൂ സ്‌കൂട്ടര്‍ എന്ന് പറഞ്ഞ് നല്‍കിയ വാഹനം ഇപ്പോള്‍ ആഴ്ചകളായി ഉപയോഗശൂന്യമായി വീട്ടില്‍ ഇരിക്കുകയാണെന്നും യുവതി പറയുന്നു. ഓല സ്‌കൂട്ടര്‍ കമ്പനിക്കെതിരെ കാവ്യ കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.