കോട്ടയം: വിരിപ്പു കൃഷി വിളവെടുപ്പിനു യന്ത്രങ്ങള്‍ കിട്ടാനില്ലാതെ നട്ടം തിരിഞ്ഞു കര്‍ഷകര്‍, പാടശേഖരസമിതിക്കു നല്‍കാമെന്നു ഏറ്റിരുന്ന അത്ര എണ്ണം യന്ത്രം പല ഏജന്‍സികളും നല്‍കുന്നില്ല. ഇതോടെ കൊയ്ത്ത് മന്ദഗതിയിലാണു നീങ്ങുന്നത്. മഴ ഭീഷണിയുള്ളതിനാല്‍ കൊയ്ത്തു മുടങ്ങുന്ന അവസ്ഥയുണ്ട്.
യന്ത്രത്തിന്റെ വാടക വര്‍ധിപ്പിക്കാന്‍ ഏജന്റുമാര്‍ നീക്കം നടത്തിയതിനെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. പിന്നാലെ വാടക വര്‍ധിപ്പിക്കാനുള്ള നീക്കം നടപ്പായില്ല.
കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളില്‍ യന്ത്രം ഇറക്കിയ വാടകയ്ക്കു ഇനി ഇറക്കാനാവില്ലെന്ന് ഏജന്റുമാരുടെ വാദം. കൂടുതൽ യന്ത്രം എത്തിക്കണമെങ്കിൽ ഏജന്റുമാര്‍ അധികമായി 500 രൂപ വരെ ചോദിക്കുന്നതായി കര്‍ഷകര്‍ പറയുന്നു.
വാടക 2000, ഏജന്റുമാര്‍ ചോദിക്കുന്നത് 2500
സാധാരണയായി കൊയ്ത്ത് ആംഭിക്കുന്നതിനു മുന്നോടിയായി അതാത് ജില്ലാ കലക്ടര്‍മാര്‍ മുന്‍കൈയെടുത്ത് കര്‍ഷകര്‍, പാടശേഖര സമിതിക്കാര്‍, ജില്ലാ കൃഷിവകുപ്പ് അധികൃതര്‍, കൊയത്ത് യന്ത്രത്തിന്റെ ഏജന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ത്താണ് യന്ത്രത്തിന്റെ വാടക നിശ്ചിയിച്ചിരുന്നത്.
പലപ്പോഴും ജില്ലാ കലക്ടര്‍മാര്‍ സ്ഥലം മാറി വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ബന്ധപ്പെട്ട കൃഷി വകുപ്പ് അധികൃതരാണ് ഇക്കാര്യം കലക്ടര്‍മാരെ അറിയിക്കുന്നതും യോഗം വിളിച്ചു ചേര്‍ക്കുന്നതിനാവശ്യമായി നടപടികള്‍ സ്വീകരിക്കുന്നതും.
ഈ യോഗത്തിലാണു യന്ത്ര വാടക സംബന്ധിച്ചു ഏജന്റുമാരും പാടശേഖര സമിതിയും ചേര്‍ന്നു കരാര്‍ ഉണ്ടാക്കുന്നത്.
എന്നാല്‍, ഇത്തവണ യോഗം ചേരുകയോ യന്ത്ര വാടക നിശ്ചയിക്കുകയോ ചെയ്യിക്കുകയോ ചെയ്തില്ലെന്നു കര്‍ഷകര്‍ പറയുന്നു. ഇതാണ് ഇപ്പോള്‍ നെല്‍കര്‍ഷകര്‍ക്കു തിരിച്ചടിയായി മാറിയത്. ഇത്തവണ വാഹനങ്ങള്‍ എത്തുന്ന സ്ഥലത്തുള്ള പ്രദേശത്തെ പാടശേഖരങ്ങളില്‍ ഇറക്കിയതു മണിക്കൂറിനു 1900 രൂപയ്ക്കും ഉള്‍പ്രദേശങ്ങളില്‍ 2000 രൂപയുമാണ് ധാരണയായിരുന്നത്.
കൊയ്ത്ത് അടുത്ത ഘട്ടത്തിലേക്കു കടന്നതോടെ മെഷീന്‍ വാടക 2500 രൂപയാക്കണമെന്ന് ഏജന്റുമാര്‍ നിര്‍ബന്ധം പിടിച്ചു. ഇപ്പോള്‍ യന്ത്രം ആവശ്യപ്പെടുന്ന കര്‍ഷകരോട് യന്ത്രം ലഭിക്കാനില്ലെന്ന തന്ത്രമാണ് ഏജന്റുമാര്‍ പറയുന്നത്. വാടക 2500 രൂപ നല്‍കിയാല്‍ തമിഴ്നാട്ടില്‍ നിന്നും എത്തിക്കാമെന്ന് വാഗദാനവും നല്‍കും.
കൊയ്യാനുള്ളത് 130 ദിവസം കഴിഞ്ഞ നെല്‍ ചെടികള്‍
110 ദിവസമാകുമ്പോള്‍ കൊയ്ത്ത് നടത്താന്‍ കഴിയുന്ന പാടശേഖരങ്ങളില്‍ 130 ദിവസത്തിലേറെയായിട്ടും കൊയ്ത്തു തുടങ്ങാന്‍ പോലുമായില്ല.
പന്നയക്കത്തടം, വലിയപുതുശേരി, സ്വാമി ബ്ലോക്ക്, അച്ചിനകം, തെക്കേവലം, വടക്കേവലം, ഇട്ടിയാടന്‍കരി, വട്ടക്കായല്‍ തട്ടേപ്പാടം, കേളക്കരി വട്ടക്കായല്‍, പുതിയാട് പൂങ്കശേരിമങ്കുഴികരീത്ര, തുടങ്ങിയ പാടശേഖരങ്ങളിലാണ് യന്ത്രത്തിന്റെ ക്ഷാമം മൂലം കൊയ്ത്ത് പ്രതിസന്ധിയിലായത്.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നാണു ജില്ലയില്‍ യന്ത്രം എത്തിച്ചിരുന്നത്. ഇക്കുറി ഏത്തിച്ചതാകട്ടേ എഴുപതോളം യന്ത്രങ്ങള്‍ മത്രം. കോട്ടയം ജില്ലയില്‍ മാത്രം ഇതിന്റെ ഇരട്ടി യന്ത്രങ്ങള്‍ ഉണ്ടെങ്കിലെ സമയബന്ധിതമായി കൊയ്ത്തു പൂര്‍ത്തിയാക്കാനാവൂ.
യന്ത്രങ്ങള്‍ എവിടെ പോയി?.
കാര്‍ഷിക മേഖലയിലെ യന്ത്രവത്കരണം പ്രോല്‍സാഹിപ്പിക്കുന്ന സ്മാം പദ്ധതി വഴി സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ അനുവദിക്കപ്പെട്ടത് കൊയ്ത്ത് യന്ത്രങ്ങള്‍, എന്നാല്‍ ആ യന്ത്രങ്ങളൊന്നും പാടത്തു കാണാനില്ലെന്ന് ആക്ഷേപം..
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ 80 ശതമാനം സബ്സിഡി ആനുകൂല്യങ്ങള്‍ നല്‍കിയാണു കര്‍ഷക ഗ്രൂപ്പുകള്‍ക്കു പദ്ധതി വഴി കാര്‍ഷികോപകരണങ്ങള്‍ നല്‍കിയിരുന്നത്.
പദ്ധതി വഴി ഭൂരിഭാഗം യന്ത്രങ്ങളും വാങ്ങിക്കൂട്ടിയതു ഏജന്റുമാരാണെന്നും ആരോപണം ശക്തമാണ്.
സൊസൈറ്റികള്‍ ഉള്‍പ്പെടെ സ്വന്തമാക്കിയ യന്ത്രങ്ങള്‍ ഏജന്റുമാരില്‍ നിന്നും പണം വാങ്ങി അവര്‍ക്കു നല്കിയതായും കര്‍ഷകര്‍ പരാതിപ്പെടുന്നു. കൃഷി വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഏജന്റുമാര്‍ ഇത്തരത്തില്‍ മെഷീനുകള്‍ കൈക്കലാക്കിയതെന്നും ആരോപണമുണ്ട്.
കൈക്കലാക്കിയ പുതിയ യന്ത്രങ്ങള്‍ ഏജന്റുമാര്‍ തമിഴ്നാട്ടില്‍ എത്തിച്ചതായും പകരം അവിടെ നിന്നു പഴയ യന്ത്രങ്ങളാണു കൊണ്ടുവരുന്നതെന്ന ആരോപണവും ശക്തമാണ്.