കോട്ടയം: കോട്ടയത്തെ വായൂ അത്ര ശുദ്ധമല്ല, വായൂഗുണനിലവാരം 87 മാത്രം. കോട്ടയത്തെ അന്തരീക്ഷ മലിനീകരണം അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന ഘടകങ്ങളായ പിഎം (പാര്‍ട്ടിക്യുലേറ്റ് മാറ്റര്‍) 10, പിഎം 2.5 എന്നിവ പലപ്പോഴും പരിധിക്കപ്പുറമാണ്.
പ്രത്യേകിച്ച് തിരക്കേറിയ റോഡുകളിലും മാലിന്യം കത്തിക്കുന്ന സ്ഥലങ്ങളിലും മലിനീകരണത്തിൻ്റെ അളവ് കൂടുതലാണ്. ലോകത്തിലെ വിവിധ നഗരങ്ങളിലെ വായൂ ഗുണനിലവാരത്തെക്കുറിച്ചു പഠിക്കുന്ന ഐക്യൂ എയറിൻ്റെ കണക്കുകളാണിത്.
വര്‍ധിച്ചുവരുന്ന വായു മലിനീകരണത്തിന് ഒരു കാരണം വാഹനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവായതാണ്. ഇതോടൊപ്പം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കല്‍, ഫാക്ടറികൾ പുറതള്ളുന്ന പുക എന്നിവ അന്തരീക്ഷ മലിനീകരണത്തിന് കാരണമായി.
അന്തരീക്ഷ മലിനീകരണത്തിന് മറ്റൊരു തെളിവാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത്. അന്തരീക്ഷ മലിനീകരണം കൂടുതലായി ബാധിക്കുന്നത് തെരുവ് കച്ചവടക്കാരെയും ട്രാഫിക് പോലീസുകാരെയുമാണെന്ന് മുന്‍പു നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തന സൂചിക 2025 പ്രകാരം ഇന്ത്യ റാങ്കിങ്ങില്‍ പിന്നോട്ട് പോയി എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. 2024 ലെ സൂചിക പ്രകാരം ഏഴാം റാങ്കിലുണ്ടായിരുന്ന ഇന്ത്യ ഈ വര്‍ഷം മൂന്ന് റാങ്ക് താഴ്ന്ന് പത്താം സ്ഥാനത്തെത്തിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ദില്ലിയിലെ വായുമലിനീകരണത്തെ കുറിച്ചുള്ള ആശങ്കകരമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതും ഇതേസമയത്ത് തന്നെ. അതേസമയം 2024 നവംബര്‍ 22-ന് സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് രേഖപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പുതിയ റിപ്പോര്‍ട്ടില്‍ ദില്ലിയിലെ വായുവിന്റെ ഗുണനിലവാരത്തില്‍ നേരിയ പുരോഗതി കൈവരിച്ചെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 'കഠിനമായ' വിഭാഗത്തില് നിന്ന് 'വളരെ മോശം' വിഭാഗത്തിലേക്കാണ് ദില്ലിയുടെ വായുവിന്റെ നിലവാരം മാറിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ഇന്ത്യയിലെ വടക്കുകിഴക്കന്‍ നഗരങ്ങളായ ഐസ്വാള്‍, ഷില്ലോംഗ് എന്നീ നഗരങ്ങള്‍ ഉയര്‍ന്ന ഭൂപ്രകൃതിയും സമൃദ്ധമായ പച്ചപ്പും ഉള്ളതിനാല്‍ വായുവില്‍ നിന്നുള്ള മലിനീകരണത്തെ ഫലപ്രദമായി നീക്കം ചെയ്യുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ആദ്യത്തെ പത്ത് നഗരങ്ങളില്‍ കര്‍ണാടകയില്‍ നിന്നും നാലും കേരളത്തില്‍ നിന്നും രണ്ടും തമിഴ്‌നാട്ടില്‍ നിന്നും ഒരു നഗരവും ഇടംപിടിച്ചത് തെക്കേ ഇന്ത്യയിലെ വായു ഗുണനിലവാരത്തിന്റെ മികവ് എടുത്ത് കാട്ടി. ബാക്കി മൂന്ന് നഗരങ്ങള്‍ മിസോറാം, മേഘാലയ, അസം തുടങ്ങിയ കിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ്