/sathyam/media/media_files/2025/11/23/panni-2025-11-23-13-44-34.webp)
കോട്ടയം: വന്യമൃഗ ശല്യം വീണ്ടും രൂക്ഷമായതോടെ ആശങ്കയിലായി പമ്പാവാലി നിവാസികൾ. വനം വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചില്ലങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ 71 കാരിയെ പാഞ്ഞുവന്ന കാട്ടുപന്നി ആക്രമിച്ചു പരുക്കേൽപ്പിച്ചിരുന്നു.
പമ്പാവാലി അഴുതമുന്നി ഏനാമറ്റത്തിൽ അന്നമ്മ ജോസഫ് (ലീലാമ്മ 71) നെയാണ് കാട്ടുപന്നി ആക്രമിച്ചു വീഴ്ത്തിയത്. പന്നിയുടെ മൂർച്ചയേറിയ തേറ്റ കാലിൽ തുളച്ചു കയറിയതോടെ നിലവിളിയോടെ മുറ്റത്ത് വീണുകിടന്ന വയോധിക രക്തം വാർന്ന നിലയിൽ അവശയായി ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു.
വയോധികയെ കുത്തി വീഴ്ത്തിയ ശേഷം പന്നി പാഞ്ഞുപോയി. ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വയോധികയെ ആദ്യം എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് കർഷകർ ദാരുണമായി കൊല്ലപ്പെട്ട സംഭവമുണ്ടായ പമ്പാവാലി കണമലയിൽ കഴിഞ്ഞയിടെയായി വന്യ മൃഗ ശല്യം കുറഞ്ഞിരുന്നു.
എന്നാൽ, രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന് മുമ്പ് പമ്പ മേഖലയിൽ നിന്നും കൂട്ടത്തോടെ കാട്ടുപന്നികളെ രഹസ്യമായി പമ്പാവാലി പ്രദേശങ്ങളിൽ എത്തിച്ചുവെന്നു നാട്ടുകാർ ആരോപിക്കുന്നു.
ഇതു സംബന്ധിച്ച് അന്വേഷണവും നടപടികളും വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. വയോധികയെ കാട്ടുപന്നി ആക്രമിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മുഖ്യ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us