Advertisment

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം എന്ന് പുനരാരംഭിക്കും?. ഒന്നരമാസമായി ജില്ലാ ആശുപത്രിയിൽ ചെയ്യേണ്ട പോസ് മോർട്ടം ചെയ്യുന്നത് കോട്ടയം മെഡിക്കല്‍ കോളജിൽ. പോസ്റ്റ് മോർട്ടം നിലച്ചത് മരം വീണു കെട്ടിടം തകർന്നതോടെ.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
8d8f4fd4-ce65-4e7d-8339-63959f5e611a

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം എന്നു പുനരാരംഭിക്കും.  ഒന്നരമാസമായി ജില്ലാ ആശുപത്രിയിൽ ചെയ്യേണ്ട പോസ്മോർട്ടം ചെയ്യുന്നത്  കോട്ടയം  മെഡിക്കല്‍ കോളജിൽ. കഴിഞ്ഞ ജൂലൈ 16നാണു ശക്തമായ കാറ്റിനെ തുടര്‍ന്നു മരംവീണു മോര്‍ച്ചറി കെട്ടിടത്തിനു കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതേത്തുടര്‍ന്നു പോസ്റ്റ്‌മോര്‍ട്ടം താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

Advertisment

മരംവീണതോടെ കെട്ടിടത്തിലെ ഓടുകളും  പട്ടികകളും തകര്‍ന്നു. മോര്‍ച്ചറി ജീവനക്കാരുടെ മുറിയുടെയുടെയും പോസ്റ്റ്‌മോര്‍ട്ടം ടേബിളിന്റെയും മുകള്‍ ഭാഗമാണു മരംവീണ് തകര്‍ന്നത്.


മഴ പെയ്യുമ്പോള്‍ ഭിത്തിയിലെ വിള്ളലിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ഓട് തകര്‍ന്നു ഫ്രീസറിന്റെ  മുകളിലേക്കു വെള്ളം വീഴുന്നത് ഒഴിവാക്കുന്നതിനായി പടുത കെട്ടിമറച്ചിരിക്കുകയാണ്. മോര്‍ച്ചറിയുടെ കെട്ടിടത്തിനും ബലക്ഷയമുണ്ട്. ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം തടസപ്പെട്ടതോടെ നടപടികള്‍ക്കായി പോലീസ് നേരിട്ടു മെഡിക്കല്‍ കോളജിലേക്കാണു മൃതദേഹങ്ങള്‍ അയക്കുന്നത്.

ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഒരേസമയം ആറു മൃതശരീരങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കാനാവും. എന്നാല്‍ മോര്‍ച്ചറി പ്രവര്‍ത്തനരഹിതമായതോടെ ആവശ്യഘട്ടങ്ങളില്‍ മൃതദേഹം സൂക്ഷിക്കാനാകുന്നില്ല. ജില്ല ആശുപത്രിയില്‍നിന്നും മൃതദേഹങ്ങള്‍ അയക്കുന്നതോടെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും നിലവില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു തിരക്കേറി. ജില്ല പഞ്ചായത്തില്‍നിന്നും തുക അനുവദിക്കുന്നതിനനുസരിച്ചാകും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍.


ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ജില്ല പഞ്ചായത്തില്‍ നിന്ന് കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ക്കായി എസ്റ്റിമേറ്റ് എടുത്തിരുന്നു. മോര്‍ച്ചറിയുടെ ചുറ്റുമുള്ള മറ്റു മരങ്ങള്‍ വെട്ടിമാറ്റിയിരുന്നു.


കെട്ടിടത്തിലെ ഓട് മാറ്റി പകരം ഷീറ്റ് സ്ഥാപിക്കുന്നതിനും പൊട്ടിയ ഭിത്തിയ്ക്കു പകരം ഭിത്തി നിര്‍മിക്കുന്നതിനും നടപടികള്‍ ആരംഭിക്കുമെന്നും അറിയിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീണ്ടു പോകുകയാണ്.

 

 

Advertisment