/sathyam/media/media_files/IUodHpqNZWiYJ3IOwPPf.jpg)
കോട്ടയം: ശക്തമായ ഒറ്റ മഴയ്ക്കു തന്നെ ജില്ലയിലെ പ്രധാന ജല സ്രോതസ്സുകളായ മീനച്ചിലാറും മണിമലയാറും മൂവാറ്റുപുഴയാറുമെല്ലാം നിറയുന്നു. തുടർച്ചയായുള്ള വെള്ളപ്പൊക്കങ്ങൾക്ക് ഒരു പരിധിവരെ കാരണം ആറുകളുടെ ആഴം കുറഞ്ഞതാണ്.
ജില്ലയുടെ തീര പ്രദേശങ്ങളിൽൽ 60 ഇടങ്ങളിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നു സ്‌റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ തയാറാക്കിയ വിവിധ ദുരന്ത സൂചികാ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വെള്ളപ്പൊക്ക ഭീഷണി കിഴക്കും പടിഞ്ഞാറും ഒരുപോലെയാണ്. മീനച്ചിലാർ, മണിമലയാർ തീരപ്രദേശങ്ങളെയാണ് വെള്ളപ്പൊക്കം കൂടുതലായും ബാധിക്കുക. മൂവാറ്റുപുഴയാറിലെ ജലം വൈക്കം, കടുത്തുരുത്തി മേഖലകളെ വെള്ളത്തിനടിയിലാക്കുന്നു.
2018ലും 2019ലും ഉണ്ടായ പ്രളയവും കഴിഞ്ഞ നാലു വർഷങ്ങളിലെ വെള്ളപ്പൊക്കവും മൂലം വൻതോതിലുള്ള മണലും എക്കലും ആറുകളിൽ അടിഞ്ഞു കൂടിയിരിക്കുന്നത്. ഇതാണ് തീരപ്രദേശങ്ങൾ മഴ ശക്തമായാൽ ഉടൻ തന്നെ വെള്ളത്തിനടിയിലാവാൻ കാരണം.
ഇതിൽ മീനച്ചിലാറ്റിൽ മാത്രമാണ് പ്രളയത്തിൽ അടിഞ്ഞു കൂടിയ കല്ലും മണ്ണും നീക്കുന്ന നടപടികൾ പേരിനെങ്കിലും നടക്കുന്നത്. മുവാറ്റുപുഴയാറിലാകട്ടെ വൻതോതിൽ മണൽ ഒഴുകിയെത്തിയിട്ടും മണൽ ഖനനം പുനരാരംഭിക്കാൻ സാധിക്കുന്നുമില്ല.
വർഷങ്ങൾക്ക് മുൻപ് മണൽ ഖനനം സജീവമായിരുന്ന സമയത്ത് വെള്ളപ്പൊക്കമെന്ന ഭീതി പുഴയെ ബാധിച്ചിരുന്നില്ല. വൈക്കം താലൂക്ക് പരിധിയിൽ മണൽ ഖനനം ആരംഭിച്ചാൽ വെള്ളൂർ, മുളക്കുളം, തലയോലപ്പറമ്പ്, മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഉപജീവനത്തിന് വഴിയൊരുക്കും.
മൂവാറ്റുപുഴയാറ്റിലെ മണൽ ഖനന നിരോധനം വെള്ളൂർ, മുളക്കുളം, തലയോലപ്പറമ്പ്, മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ ആയിരക്കണക്കിന് തൊഴിലാളികളെ ഇന്നും വലയ്ക്കുകയാണ്. ഖനനം നിരോധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ട് മാറ്റിയെടുക്കാൻ പഞ്ചായത്തുകൾ അശാന്ത പരിശ്രമം നടത്തിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ആശാസ്ത്രീയമായ പഠന റിപ്പോർട്ടാണ് വെള്ളൂർ, മുളക്കുളം, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ മുവാറ്റുപുഴയാറിൽ നിന്നുള്ള മണൽ ഖനനം നിരോധനത്തിനുള്ള പ്രധാന കാരണമെന്നു നാട്ടുകാർ പറയുന്നു.
ഖനനം നിലച്ചതോടെ വെള്ളൂർ പഞ്ചായത്താണ് ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നത്. പഞ്ചായത്തിൽ ആറു കടവുകളാണ് ഉണ്ടായിരുന്നത്. കടവുകൾ പ്രവർത്തിച്ചിരുന്ന സമയത്ത് ദിവസേന ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് പഞ്ചായത്തിന് ലഭിച്ചിരുന്നത്.
എന്നാൽ കടവുകൾക്ക് പുട്ടുവീണതോടെ വലിയ സാമ്പത്തിക നഷ്ടമാണ് പഞ്ചായത്തിന് ഉണ്ടായത്. ഇതി നുപുറമെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് പണിയും ഇല്ലാതായി.
മീനച്ചിലാറ്റിൽ മാത്രമാണ് പേരിനെങ്കിലും മണ്ണു നീക്കം ചെയ്യുന്നത്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്ന് തീരപ്രദേശങ്ങളിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് നിയന്ത്രിക്കുന്നതിന് ദീർഘകാല നടപടികളുടെ ഭാഗമായാണു നടപടി.
വാഗമണ്ണിലെ കെഎസ്ഇബി ടണലിലെ മണൽ ജൂലൈ ആദ്യവാരം നീക്കം ചെയ്തിരുന്നു. വാഗമണ്ണിലെ അറപ്പുകാട്-കുളമാവ് ടണലിൽ അടിഞ്ഞ മണൽ മൂലം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട് ചെക്ക് ഡാം നിറഞ്ഞ് അധിക ജലം മീനച്ചിലാറ്റിലേക്ക് ഒഴുകുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതാണ് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നതിന് ഒരു കാരണമായി കെഎസ്ഇബി നിയോഗിച്ച പഠനസംഘം കണ്ടെത്തിയിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മണൽ നീക്കി ടണലിലെ വെള്ളമൊഴുക്ക് സുഗമമാക്കാൻ നടപടിയെടുത്തത്. പാലായിലും സമീപ പ്രദേശങ്ങളിലും മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണി ദീർഘകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാലായിലെ വ്യാപാരി വ്യവസായികൾ ജോസ് കെ. മാണി എംപിക്ക് നിവേദനം നൽകിയിരുന്നു. തുടർനടപടിയുടെ ഭാഗമായാണ് മണൽ നീക്കാൻ സാഹചര്യമുണ്ടായത്.
ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായേ വിലയിരുത്താനാകൂ എന്നും നാട്ടുകാർ പറയുന്നു. വെള്ളപ്പെക്ക ദുരിതം ഒഴിവാക്കണമെങ്കിൽ മണ്ണും ചെളിയും നീക്കുന്നതിന് ബൃഹത്തായ പദ്ധതി രൂപീകരിക്കേണ്ടതുണ്ട്. ഇതിന് അധികൃതർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.