/sathyam/media/media_files/eip1hEvXQjggk3yCKIlt.jpg)
കോട്ടയം: അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണു വയനാട് നേരിടുന്നതെന്ന കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ കഴമ്പുണ്ടോ ? 2018 ന് ശേഷം കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം താളംതെറ്റി എത്തുന്ന അതിതീവ്രമഴയും ദുരന്തങ്ങള്‍ക്കു വ്യാപകമായ ഘടകമാകുന്നുണ്ട്.
വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍. വരള്‍ച്ച. ഇടിമിന്നല്‍ ആഘാതം, കടലാക്രമണം, ചുഴലിക്കാറ്റ് എന്നിവ സമീപകാലങ്ങളില്‍ നമ്മുടെ സംസ്ഥാനത്തു വര്‍ധിച്ചുവരുന്നു എന്നതു വസ്തുതയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി 24 മണിക്കൂറില്‍ 200 മിറ്റിമീറ്റര്‍ മുതല്‍ 500 മിറ്റിമീറ്ററിനു മുകളില്‍ മഴയാണു വനമേഖലയില്‍ സംഭവിക്കുന്നത്.
വയനാട്ടില്‍ ദുരന്തത്തിനു വഴിവെച്ചതും കൂട്ടിക്കലും, പുത്തുമലയിലും 2018 ലെ പ്രളയവും എല്ലാം ഇത്തരം മഴയുടെ ഭാഗമായിരുന്നു. എന്നല്‍, കേന്ദ്ര മന്ത്രിയുടെ വാക്കുകളില്‍ ദുരന്തത്തിനിടയാക്കിയത് അനധികൃത നിര്‍മാണങ്ങളും ക്വാറി മാഫിയയ്ക്കു കൈയയച്ചു നല്‍കിയ സഹായങ്ങളെയുമാണ്. വയനാട് ദുരന്തത്തെ രാഷ്ട്രീയ പരമായി ഉപയോഗിക്കാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണു നീക്കം വിലയിരുത്തപ്പെടുന്നത്.
മുണ്ടക്കൈയും പരിസര പ്രദേശങ്ങളും ചുരുങ്ങിയ കാലം കൊണ്ടു റിസോര്‍ട്ടുകളുടെയും ഹോം സ്‌റ്റേയുടെയും പറുദീസയായി മാറിയിരുന്നു. പ്രകൃതിയുടെ മനോഹാരിത നുകരാന്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നിരവധി വിനോദ സഞ്ചാരികള്‍ ഇവിടേക്ക് എത്തിയിരുന്നു. ഇതോടെ കൂടുതല്‍ റിസോര്‍ട്ടുകളും ഇവിടെ വന്നു.
വെള്ളിരിമലയിലും ചേമ്പ്രമലയിലും അനിയന്ത്രിത നിര്‍മാണത്തിന് അനുമതി നല്‍കിയിരുന്നു. വയനാട്, ഇടുക്കി, മൂന്നാര്‍, വാഗമൺ തുടങ്ങി സംസ്ഥാനത്തെ ഒട്ടുമിക്ക മേഖലകളിലും വഴിവിട്ട നിര്‍മാണം നടക്കുന്നുണ്ടന്നതു വസ്തുതയാണ്.
പണമുള്ളവര്‍ക്കു നിയമം വിലക്കു വാങ്ങാന്‍ കഴിയുന്ന സ്ഥിതി സംസ്ഥാനത്തുണ്ട്. ടൂറിസം മേഖലയില്‍ മുതല്‍മുടക്ക് നടത്താനെത്തുന്നവര്‍ക്കായി പാരിസ്ഥിതിക നിയമങ്ങള്‍ അട്ടിമറിക്കുന്നു. ഇതൊന്നും പുനഃപരിശോധിക്കാതെ മുന്നോട്ടുപോയാല്‍ സര്‍ക്കാരിന് ഇനിയും വലിയ പാരിസ്ഥിതിക ദുരന്തങ്ങള്‍ നേരിടേണ്ടി വരുമെന്നാണു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
ഈ വാദമാണ് കന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ് വയനാട് വിഷയത്തില്‍ ഉന്നയിക്കുന്നത്. രക്ഷാ പ്രവര്‍ത്തനത്തിനു സൈന്യത്തെ നിയോഗിച്ചതല്ലാതെ വയനാട് പുനര്‍നിര്‍മാണത്തെക്കുറിച്ചോ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ചോ കാര്യമായ പ്രതികരണം ഇതുവരെ കേന്ദ്ര മന്ത്രിമാരുടെ പക്ഷത്തു നിന്നുണ്ടായിട്ടില്ല.
കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവര്‍ ദുരന്തഭൂമി സന്ദര്‍ശിച്ച് ഉചിതമായത് കേന്ദ്രം ചെയ്യുമെന്നു പറഞ്ഞതല്ലാതെ ആശ്വാസമാകുന്ന പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച് ഒരു നീക്കവും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഇതിനെ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ വിമര്‍ശിക്കുമ്പോഴാണ് ഉരുള്‍പൊട്ടല്‍ ദുരന്തം മുനഷ്യനിര്‍മിതമെന്ന വാദം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം പ്രവര്‍ത്തികള്‍ക്കു നിയമവിരുദ്ധ സംരക്ഷണം നല്‍കി. വളരെ സെന്‍സിറ്റീവായ പ്രദേശത്തിന് ആ പ്രാധാന്യം നല്‍കിയില്ല. നല്‍കിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുള്ള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ട്. പ്രാദേശിക രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ് ഇവിടെ നിയമവിരുദ്ധമായി മനുഷ്യവാസം നടത്തുന്നത്. തുടങ്ങി ഈ മേഖലയില്‍ കയ്യേറ്റങ്ങള്‍ അനുവദിച്ചു എന്നു കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തുമ്പോള്‍ വയനാട് പ്രകൃതി ദുരന്തം രാഷ്ട്രീയ ആരോപണങ്ങള്‍ക്കു ആയുധമാകുന്നു എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.