കോട്ടയം നഗരസഭയില്‍ നിന്നു മൂന്നു കോടി മുക്കിയ അഖില്‍ കഴിഞ്ഞ മാസവും തട്ടിപ്പു തുടര്‍ന്നു. മുന്‍പു ജോലി ചെയ്തിരുന്ന നഗരസഭകളിലും തിരിമറി നടത്തി ? കൊല്ലത്തു സസ്‌പെന്‍ഷിലായെങ്കിലും തിരികെ കയറിയതു രാഷ്ട്രീയ പിന്‍ബലത്തില്‍ !

2020 മുതല്‍ അഖില്‍ കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സമയത്താണു തട്ടിപ്പു നടന്നതെന്നാണു കണ്ടെത്തിയിരിക്കുന്നത്. കോട്ടയം നഗരസഭയിലെ ധനകാര്യ വിഭാഗം വിരമിച്ച ജീവനക്കാരുടെ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണു വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്.

New Update
akhil c varghese

കോട്ടയം: കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തുക മൂന്നു കോടി രൂപ മുക്കിയ മുന്‍ ജീവനക്കാരന്‍ കഴിഞ്ഞ മാസവും നഗരസഭയില്‍ എത്തി തട്ടിപ്പ് തുടര്‍ന്നു. നിലവില്‍ വൈക്കം നഗരസഭയിലെ ക്ലാര്‍ക്കും കൊല്ലം മങ്ങാട് ആന്‍സി ഭവനില്‍ അഖില്‍ സി. വര്‍ഗീസിന്റെ തട്ടിപ്പു രീതികള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടത്തി സസ്‌പെന്‍ഷനിലായ അഖില്‍ സി. വര്‍ഗീസ് സര്‍വീസില്‍ തിരിച്ചു കയറിയതു രാഷ്ട്രീയ പിടിപാടിനെ തുടര്‍ന്നെന്നും ആരോപണം ഉയരുന്നുണ്ട്.

Advertisment

2020 മുതല്‍ അഖില്‍ കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സമയത്താണു തട്ടിപ്പു നടന്നതെന്നാണു കണ്ടെത്തിയിരിക്കുന്നത്. കോട്ടയം നഗരസഭയിലെ ധനകാര്യ വിഭാഗം വിരമിച്ച ജീവനക്കാരുടെ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണു വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്.


വിരമിച്ച ജീവനക്കാരുടെ അക്കൗണ്ട് വിവരങ്ങളില്‍ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്നു ധനകാര്യ വിഭാഗം ഓഡിറ്റിങ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഇതിലാണ് അഖിലിന്റെ അമ്മയുടെ അക്കൗണ്ടിലേക്കു ക്രമരഹിതമായ രീതിയില്‍ തുക ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്നു ധനകാര്യ വിഭാഗം പരിശോധന നടത്തിയപ്പോഴാണു മാസത്തില്‍ നാലു ലക്ഷം രൂപ വരെ അഖില്‍ അമ്മയുടെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നതായി കണ്ടെത്തിയത്.


കോട്ടയം നഗരസഭയില്‍ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പട്ടിക എക്‌സല്‍ ഷീറ്റിലാണു തയ്യാറാക്കിയിരുന്നത്. ഇതു സെക്രട്ടറിയെ കാണിച്ചു അംഗീകാരം വാങ്ങിയ ശേഷം ഈ എക്‌സല്‍ ഷീറ്റില്‍ ക്രമ വിരുദ്ധമായി പേരുകളും തുകയും എഴുതി ചേര്‍ത്താണ് അഖില്‍ ക്രമക്കേട് നടത്തിയിരുന്നത്.

എക്‌സല്‍ ഷീറ്റില്‍ ആകെയുള്ള പെന്‍ഷന്‍കാരുടെ നമ്പരിലും ആകെയുള്ള പട്ടികയിലുമാണ് അഖില്‍ ക്രമക്കേട് നടത്തിയിരുന്നത്.  നഗരസഭ ജീവനക്കാരി അല്ലാത്ത അമ്മയുടെ പെന്‍ഷന്‍ ഇനത്തിലും, ഫാമിലി പെന്‍ഷന്‍ ഇനത്തിലും അഖിൽ തുക മാറ്റിയിരുന്നു.

വൈക്കം നഗരസഭയിലേക്കു സ്ഥലം മാറ്റം ലഭിച്ചിട്ടും അഖില്‍ കോട്ടയം നഗരസഭയില്‍ എത്തി തട്ടിപ്പു തുടര്‍ന്നു എന്നാണു ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇത്തരത്തില്‍ കഴിഞ്ഞ മാസവും കോട്ടയം നഗരസഭയില്‍ എത്തി പെന്‍ഷന്‍ ബില്‍ തയാറാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പിന്റെ വിവരങ്ങള്‍ അന്വേഷിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് ആഭ്യന്തര വിജിലന്‍സ് സംഘം ഇന്നു കോട്ടയം നഗരസഭയില്‍ പരിശോധന നടത്തി. വൈക്കം നഗരസഭയില്‍ ജോലി ചെയ്തിരുന്ന അഖില്‍ കോട്ടയം നഗരസഭയിലെ ഇതേ വിഭാഗത്തില്‍ ജോലിചെയ്യുന്ന ക്ലര്‍ക്കിനെ സഹായിക്കാന്‍ എന്ന വ്യാജേനയാണ് ഇവിടെ എത്തിയിരുന്നത്.


മുന്‍പു കൊല്ലം നഗരസഭയില്‍ ജോലി ചെയ്യുന്നതിനിടെ 40 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതിന് അഖിലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അയാള്‍ തിരികെ സര്‍വീസില്‍ കയറുകയായിരുന്നു. നേരത്തെ ഈരാറ്റുപേട്ട നഗരസഭയില്‍ ജോലി ചെയ്യുന്ന സമയത്തും ഇയാള്‍ക്കെതിരെ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.


എന്നാല്‍, കാര്യമായ അന്വേഷണങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണു കോട്ടയത്തേക്കു സ്ഥലം മാറ്റം ലഭിച്ചതും മൂന്നു കോടിയുടെ തിരുമറി നടത്തിയതും. അഖിലിനെ ഇതു വരെ പോലീസിനു പിടികൂടാന്‍ സാധിച്ചിട്ടില്ല. അഖിലിനെ പിടികൂടി തട്ടിയെടുത്ത തുക തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ടു ഭരണകക്ഷിയായ യു.ഡി.എഫും പ്രതിപക്ഷമായ എല്‍.ഡി.എഫും ബി.ജെ.പിയും സമരം ആരംഭിച്ചിട്ടുണ്ട്.

Advertisment