/sathyam/media/media_files/MaQyN1Z4DTKCJWhdEdvL.jpg)
കോട്ടയം: കോട്ടയം നഗരസഭയിലെ മൂന്നു കോടി രൂപയുടെ തിരിമറിയില്‍ മൂന്നു ജീവനക്കാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍. പെന്‍ഷന്‍ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, സെക്ഷന്‍ ക്ലര്‍ക്ക് കെ.ജി ബിന്ദു, അക്കൗണ്ട് വിഭാഗത്തിലെ ബില്‍ തയ്യാറാക്കുന്ന സന്തോഷ് കുമാര്‍ എന്നിവരെയാണു നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ സസ്‌പെന്‍ഡ് ചെയ്തത്.
കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന അഖില്‍ സി.വര്‍ഗീസ് പല തവണയായി മൂന്നു കോടി രൂപയുടെ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിരുന്നു. നേരത്തെ അഖിലിനെ തദ്ദേശസ്വയം ഭരണ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഒളിവില്‍ പോയ അഖിലിനെ ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
2020 മാര്‍ച്ചിലാണ് അഖില്‍ ഈരാറ്റുപേട്ടയില്‍ നിന്നു കോട്ടയം നഗരസഭയില്‍ എത്തുന്നത്. തുടര്‍ന്നാണു തട്ടിപ്പുകള്‍ക്കു തുടക്കമാകുന്നത്. അതുവരെ നഗരസഭ പെന്‍ഷന്‍ നല്‍കി വന്നിരുന്ന പി.ശ്യാമള എന്നയാള്‍ മരിച്ചതിനെത്തുടര്‍ന്നാണ് അതേ പേരുകാരിയായ അമ്മയുടെ അക്കൗണ്ടിലേക്കു പെന്‍ഷന്‍ വഴി തിരിച്ചുവിടുകയായിരുന്നു.
യഥാര്‍ഥ ആളുടെ മരണ വിവരം നഗരസഭാ രജിസ്റ്ററില്‍ ചേര്‍ക്കാതെയാണു തട്ടിപ്പു നടത്തിയിരുന്നത്. തുടക്കത്തില്‍ കാല്‍ ലക്ഷത്തോളം വരുന്ന പെന്‍ഷന്‍ തുക മാത്രമാണു മാറ്റിയിരുന്നതെങ്കില്‍ പിന്നീട് വന്‍ തുകയയിലേക്കു മാറി. ചില മാസങ്ങളില്‍ ഇതു നാലു ലക്ഷവും അഞ്ചു ലക്ഷവുമായി.
വലിയ തുക അയച്ച ശേഷം ഏതാനും മാസങ്ങളിലെ ഇടവേളയ്ക്കു ശേഷമാണു വീണ്ടും തുക അയച്ചിരുന്നത്. സെക്ഷനില്‍ നിന്നുമെത്തുന്ന പെന്‍ഷന്‍ വിവരങ്ങള്‍ ഉള്‍പ്പെടുന്ന രേഖയില്‍ സെക്രട്ടറി ഒപ്പു വച്ച ശേഷം, പണം ഓണ്‍ലൈനായി അയയ്ക്കുന്ന വേളയിലാണ് അമ്മയുടെ അക്കൗണ്ട് നമ്പര്‍ എഴുതി അഖില്‍ പണം അയച്ചിരുന്നതെന്നാണു വിവരം.
ഓണം അലവന്‍സായ 1,000 രൂപ വരെ ഇത്തരത്തില്‍ വകമാറ്റി. എന്നാല്‍, സ്വന്തം ഫണ്ടില്‍ നിന്ന് ഇത്തരത്തില്‍ അഞ്ചു ലക്ഷം രൂപ വരെ വകമാറ്റിയപ്പോഴും ഉദ്യോഗസ്ഥര്‍ അറഞ്ഞിരുന്നില്ലേയെന്നതു സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മറ്റു ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതക്കുറവുണ്ടായി എന്നടക്കം പോലീസും കണ്ടെത്തുകയും ചെയ്തു. ഓഡിറ്റിലും ഇതു കണ്ടുപിടിക്കപ്പെട്ടില്ലെന്നതു ദുരൂഹത വര്‍ധിപ്പിക്കുന്നു. വാര്‍ഷിക സാമ്പത്തിക കണക്കെടുപ്പിലാണു വിവരം പുറത്തറിയുന്നത്.
2020 മാര്‍ച്ചില്‍ കോട്ടയത്തെത്തിയ അഖില്‍ കഴിഞ്ഞ നവംബര്‍ വരെ കോട്ടയം നഗരസഭയിലുണ്ടായിരുന്നു. പിന്നീട് വൈക്കത്തേയ്ക്കു മാറിയ അഖില്‍, ജൂണിയറായ ഉദ്യോഗസ്ഥരെ സഹായിക്കാനെന്ന പേരില്‍ എത്തിയും തട്ടിപ്പു നടത്തിയിരുന്നു.
സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൂന്നു ജീവനക്കാരെക്കൂടി സസ്‌പെന്‍ഡ് ചെയ്തു അധ്യക്ഷ ഉത്തരവിറക്കിയത്. തട്ടിപ്പിന് ഉത്തരവാദികളായവര്‍ ഇപ്പോഴും നഗരസഭയില്‍ ഉണ്ടെന്നും ഇവര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും വീഴ്ച വരുത്തിയ മഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടായില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നു പ്രതിപക്ഷം പറഞ്ഞു.