/sathyam/media/media_files/A7KcfBUNbcLpNFN9OpJB.jpg)
കോട്ടയം: ഒരു മാസത്തെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ വ്യാഴാഴ്ച നാട്ടിലെത്തും.
കഴിഞ്ഞ മാസം 15 -ന് യുഎസിലേയ്ക്ക് യാത്രതിരിച്ച മോന്‍സ് കൃത്യം ഒരു മാസക്കാലം അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവാസി സംഘടനകളുടെയും മറ്റും ആഘോഷ പരിപാടികളില്‍ സജീവമായിരുന്നു. ഈ വര്‍ഷത്തെ മൂന്നാമത്തെ അമേരിക്കന്‍ പര്യടനമാണ് ഇതോടെ മോന്‍സ് ജോസഫ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
കേരളം വിറങ്ങലിച്ച വയനാട് ദുരന്തത്തിന്‍റെ സമയത്ത് അമേരിക്കയിലായിരുന്ന മോന്‍സ് ജോസഫിനോട് നാട്ടില്‍ മടങ്ങിയെത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വയനാട് ദുരന്ത സമയത്ത് കേരളത്തിലെ ഒരു ജനപ്രതിനിധി വിദേശത്ത് ആഘോഷപരിപാടികളിലും മറ്റും പങ്കെടുത്ത് കറങ്ങി നടക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇടപെടല്‍.
എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അമേരിക്കന്‍ പര്യടനം നിശ്ചിത സമയപരിധിയും പൂര്‍ത്തിയാക്കിയാണ് അദ്ദേഹം നാളെ നാട്ടിലെത്തുക. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 മുതല്‍ എംഎല്‍എ സ്വന്തം മണ്ഡലമായ കടുത്തുരുത്തിയിലും സജീവമാകും.