/sathyam/media/media_files/tbCKKI7ElQ8wLYj7xkzM.jpg)
കോട്ടയം: നഗരസഭയിലെ പെന്‍ഷന്‍ ഫണ്ടില്‍ നിന്നു മൂന്നു കോടി രൂപയുടെ തിരിമറിയില്‍ അന്വേഷണം ആരംഭിച്ചു ജില്ലാ ക്രൈം ബ്രാഞ്ച് സംഘം. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം നഗരസഭാ ഓഫീസില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു.
കോട്ടയം നഗരസഭ സെക്രട്ടറി ബി. അനില്‍കുമാറില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട ഫയലുകള്‍ ശേഖരിക്കുകയും, ഈ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോസ്ഥരുടെ വിവരങ്ങള്‍ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണു കോട്ടയം വെസ്റ്റ് പോലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. 2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ കൊല്ലം സ്വദേശിയും കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ക്ലര്‍ക്കുമായ അഖില്‍ സി. വര്‍ഗീസ് മൂന്നു കോടി രൂപ തിരുമറി നടത്തിയതായി ഓഡിറ്റിങ്ങില്‍ കണ്ടെത്തെിയതിനെ തുടര്‍ന്നു സെക്രട്ടറി ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്. തുടര്‍ന്നു ജില്ലാ പോലീസ് മേധാവി കേസ് വെസ്റ്റ് പോലീസിനു കൈമാറുകയും പ്രാഥമിക അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍, മൂന്നുകോടിയോളം വരുന്ന തട്ടിപ്പ് വിജിലന്‍സിനു കൈമറുമെന്നു സൂചനയും ഉണ്ടായിരുന്നെങ്കിലും പിന്നീട് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറാന്‍ ഉത്തരവിടുകയായിരുന്നു. കേസില്‍ അഖില്‍ സി. വര്‍ഗീസ് ഉള്‍പ്പടെ കോട്ടയം നഗരസഭയിലെ മൂന്നു ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലാണ്.
തട്ടിപ്പിനു കൂട്ടുനിന്ന കൂടുതല്‍ ഉദ്യോഗസ്ഥരും ഭരണസമിതി അംഗങ്ങളും ഉണ്ടെന്നും ഇതു പുറത്തു കൊണ്ടുവരുന്നതു വരെ സമരം തുടരുമെന്നു പ്രതിപക്ഷമായ എല്‍.ഡി.എഫ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള നീക്കമാണ് എല്‍.ഡി.എഫ്. നടത്തുന്നത്.
വിഷയത്തില്‍ ബി.ജെ.പിയുടെ പരോക്ഷ പിന്തുണ പോലും ഇടതുപക്ഷം തേടിയിരുന്നു. 52 അംഗങ്ങള്‍ ഉള്ള കോട്ടയം നഗരസഭയില്‍ അവിശ്വാസം പാസാകണമെങ്കില്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. എല്‍.ഡി.എഫിനാകട്ടെ 22 അംഗങ്ങളാണുള്ളത്. തുടര്‍ച്ചയായ മൂന്നാം തവണയാണു കോട്ടയം നഗരസഭയില്‍ യു.ഡി.എഫ് അവിശ്വാസം നേരിടുന്നത്.