സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍അസംബ്ലി ആഗസ്റ്റ് 22 മുതല്‍ 25 വരെ പാലായില്‍

New Update
syro malabar episcopal assembly pala

പാലാ: മേജർ ആര്‍ച്ച് ബിഷപ്പ് അധ്യക്ഷനായുള്ള സീറോ മലബാർസഭയുടെ ആലോചനായോഗമായ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി ആഗസ്റ്റ് 22 മുതല്‍ 25 വരെ പാലായില്‍. 

Advertisment

പാലാ രൂപതയാണ് ഇത്തവണത്തെ അസംബ്ലിയുടെ ആതിഥേയർ. പാലായിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിലും സെന്റ് തോമസ് കോളേജ് ക്യാമ്പസിലുമായി നടത്തും. ആഗസ്റ്റ് 22 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ചു 25 ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന രീതിയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്.

അഞ്ചുവർഷത്തിൽ ഒരിക്കൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി വിളിച്ചുചേർക്കണമെന്നതാണു സഭാനിയമം. സീറോമലബാർസഭ 1992ൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ടതിനുശേഷം ആദ്യത്തെ അസംബ്ലി നടന്നത് 1998ലാണ്. പിന്നീട് 2004, 2010, 2016 എന്നീ വർഷങ്ങളിലും സഭായോഗം കൂടുകയുണ്ടായി. 

2016നുശേഷം എട്ടു വർഷങ്ങൾ പിന്നിടുമ്പോഴാണ് 2024ൽ അഞ്ചാമത്തെ അസംബ്ലി നടക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വമാണ് 2021ൽ നടക്കേണ്ടിയിരുന്ന അസംബ്ലി ഇത്രയും വൈകാൻ കാരണമായത്.

സഭയിലെ മെത്രാൻമാരുടെയും, പുരോഹിത, സമർപ്പിത, അല്മായ പ്രതിനിധികളുടെയും സംയുക്തയോഗമാണിത്. കാലോചിതമായ വിഷയങ്ങൾ ചർച്ചചെയ്യുകയും സഭയുടെയും സമൂഹത്തിന്റെയും പൊതുനന്മ കണക്കിലെടുത്തു കർമപരിപാടികൾ രൂപീകരിക്കുന്നതിനു മെത്രാൻ സിനഡിനെ സഹായിക്കുകയും ചെയ്യുക എന്നതാണ് അസംബ്ലിയുടെ ദൗത്യം.

80 വയസിൽ താഴെ പ്രായമുള്ള 50 പിതാക്കന്മാരും 108 വൈദികരും146 അല്മായരും 37 സമർപ്പിത സഹോദരിമാരും 7 ബ്രദേഴ്സും പ്രാതിനിധ്യ സ്വഭാവത്തോടെ ഉൾപ്പെടുന്ന 348 അംഗങ്ങളാണ് പങ്കെടുക്കുന്നത്. 

ഈ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ പഠനവിഷയം: ‘കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സീറോമലബാര്‍സഭയില്‍’ എന്നതാണ്. സീറോമലബാര്‍സഭയിലെ വിശ്വാസപരിശീലന രൂപീകരണം, സുവിശേഷപ്രഘോഷണത്തില്‍ അല്മായരുടെ സജീവ പങ്കാളിത്തം, സീറോമലബാര്‍ സമുദായ ശാക്തീകരണം എന്നിങ്ങനെ മൂന്നു പ്രധാന പ്രമേയങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു:

23ന് രാവിലെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ അധ്യക്ഷതയിൽ ചേരുന്ന അസംബ്ലിയുടെ ഉദ്ഘാടനം ഇന്ത്യയുടെ അപ്പസ്റ്റോലിക്ക് നുൻസിയോ ആർച്ചുബിഷപ്പ് ലിയോപോൾദോ ജിറെല്ലി നിർവ്വഹിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും.

ഫാ. സെബാസ്റ്റ്യന്‍ പാലയ്ക്കല്‍, ഫാ. ഡോ. തോമസ് വേല്‍വെട്ടം, ഡോ. പിസി അനിയന്‍കുഞ്ഞ്, ഫാ. മാത്യു വാഴയില്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. സീറോ മലബാര്‍ സഭ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കുള്ള ആദരം സമര്‍പ്പിക്കും.

പ്രൊഫ. കെഎം ഫ്രാന്‍സിസ്, ഫോ. ഡോ. സിബിച്ചന്‍ ഒറ്റപ്പുരയ്ക്കല്‍, ഫാ. ജോമോന്‍ അയ്യങ്കനാല്‍, ഡോ. കൊച്ചുറാണി ജോസഫ് എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും.

24ന് സിസ്റ്റര്‍ ജോസിയ, ഫാ. ടോം ഓലിക്കരോട്ട്, ഡോ. എഫ് മേരി റെജീന, ഡോ. ചാക്കോ കാലാംപറമ്പില്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. 6.30ന് അസംബ്ലിയുടെ അന്തിമ പ്രസ്താവന പുറപ്പെടുവിക്കും.

സമാപന ദിവസമായ 25ന് രാവിലെ 9ന് നടക്കുന്ന സമ്മേളനത്തില്‍ സീറോ മലങ്കര സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കും. 10.50ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്‍റെ കാര്‍മികത്വത്തില്‍ കുര്‍ബാന.

മലങ്കര ഓര്‍ത്തഡ‍ോക്സ് സിറിയന്‍ സഭാ തലവന്‍ മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍, സിബിസിഐ പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കെആര്‍എല്‍സിബിസി പ്രസിഡന്‍റും കോഴിക്കോട് ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

Advertisment