/sathyam/media/media_files/QuWBgJpjyrwM8wUyzkj1.jpg)
കോട്ടയം: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനു ഗ്രീന്‍ സിഗ്നല്‍, ഇനി തടസമായ അവശേഷിക്കുന്നതു ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നു റദ്ദായ, സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കുന്നതും വ്യാമയാന ഡയറക്ടര്‍ ജനറലിന്റെ(ഡിജിസിഎ) അംഗീകാരം നേടിയെടുക്കുന്നതും.
പി.എം ഗതിശക്തിയില്‍ ഉള്‍പ്പെടുത്തിയതോടെ ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനു പ്രതീക്ഷയുടെ ചിറകു വിടരുന്നത്. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപന റദ്ദായതു പദ്ധതിക്കു കടുത്ത തിരിച്ചടിയായിരുന്നു.
ബിലീവേഴ്‌സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. 441 കൈവശക്കാരുടെ 1000.28 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, സാമൂഹികാഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദം പരിഗണിച്ചാണു നടപടികള്‍ സ്‌റ്റേ ചെയ്തത്.
ബിലീവേഴ്‌സ് ചര്‍ച്ചിനു കീഴിലുള്ള ചെറുവള്ളി എസ്‌റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്ക് എന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതേ സമയം സര്‍ക്കാരിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണു വിജ്ഞാപനമെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം.
കൂടാതെ സാമൂഹികാഘാത പഠനം നടത്തിയത് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റാണ്. ഇതു സര്‍ക്കാരിനു കീഴിലുള്ള ഏജന്‍സിയാണെന്നും കേന്ദ്രസംസ്ഥാന ചട്ടങ്ങള്‍ക്കു വിരുദ്ധമാണിതെന്നും ഹരജിക്കാര്‍ വാദിച്ചു. ഇതു പരിഗണിച്ചായിരുന്നു കോടതി ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം സ്‌റ്റേ ചെയ്തത്.
നിലവില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. ഇതിനു ചുരുങ്ങിയത് ആറു മാസമെങ്കിലും വേണ്ടി വരുമെന്നാണു കണക്കുകൂട്ടല്‍. നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും വേഗത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അധികൃതര്‍ പറയുന്നു.
നടപടികള്‍ക്കു വേഗത കൂട്ടുന്നതാണ് അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ക്കു കേന്ദ്രാനുമതി നല്‍കുന്ന പി.എം ഗതിശക്തി വകുപ്പും വിമാനത്താവള നിര്‍മാണത്തിനായി അനുമതി നല്‍കിയത്. ഇനി വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ(ഡി.ജി.സി.എ) അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്നാണു ലഭിക്കുന്ന വിവരം.
പദ്ധതിസ്ഥലം അംഗീകരിക്കല്‍, പരിസ്ഥിതി ആഘാതപഠനത്തിനുള്ള പരിഗണനാവ്യവസ്ഥകള്‍ എന്നിവയ്ക്ക് നേരത്തേ കേന്ദ്രാനുമതി ലഭിച്ചിരുന്നു. വിമാനത്താവളത്തിനായി കെ.എസ്.ഐ.ഡി.സി ആണു പദ്ധതി ശിപാര്‍ശ പി.എം ഗതിശക്തിക്കു സമര്‍പ്പിച്ചത്.
ശബരിമല തീര്‍ഥാടകര്‍ക്കു പ്രയോജനകരമായ പദ്ധതി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ സമ്പദ്ഘടനയ്ക്കും കുതിപ്പ് പകരും. 2570 ഏക്കറില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളം സംസ്ഥാനപാത 59ന് അരികിലാണ്. പമ്പയില്‍നിന്ന് 50 കിലോമീറ്ററും കോട്ടയം ടൗണില്‍നിന്ന് 40 കിലോമീറ്ററും മാത്രമാണ് ദൂരം.