/sathyam/media/media_files/9qhx61u5urSFckVN3uox.jpg)
കോട്ടയം: പാർലമെൻ്റ് തെരഞ്ഞെടുപ്പുപ്പിൽ കേരളത്തിൽ നിന്ന് ഒരു എം.പി, പിന്നാലെ പുതിയ ദൗത്യങ്ങളുടെ തുടക്കമായി കേന്ദ്ര മന്ത്രി സ്ഥാനവും, സുരേഷ് ഗോപി യിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ, കേന്ദ്ര മന്ത്രിയായ ശേഷം തുടർച്ചയായി ബി.ജെ.പിയെ വെട്ടിലാക്കുന്ന നടപടികളാണ് ഇതിനോടകം തന്നെ സുരേഷ് ഗോപിയിൽ നിന്നു വരുന്നത്.
തുടക്കം മുതൽ തന്നെ ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി സുരേഷ് ഗോപി കടുത്ത ഭിന്നതയിലാണ് മുന്നോട്ട് പോകുന്നത്. ഇതിനിടെയാണ് തുടർച്ചയായി വിവാദ പ്രസ്താവന നടത്തി പാർട്ടിയെ സുരേഷ് ഗോപി വെട്ടിലാക്കുന്നത്. സിനിമ ചെയ്യാനായി മന്ത്രി സ്ഥാനം പോയാൽ രക്ഷപെട്ടു എന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
അനുവാദം കിട്ടിയില്ലെങ്കിലും താൻ സിനിമചെയ്യുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറയുന്നു. സിനിമ തന്റെ പാഷനാണ്, സിനിമയില്ലാതെ തനിക്ക് പറ്റില്ല എന്നും അതില്ലെങ്കില്‍ താൻ ചത്തുപോകും. സിനിമ ചെയ്യാൻ അനുവാദം ചോദിച്ചിട്ടുണ്ട്. അതിന് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ചെയ്തു തീർക്കാൻ സിനിമകള്‍ കുറേയുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ചെയ്യാനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.
മുൻപ് ഉദ്ഘാടനത്തിനെത്തുക എം.പിയായിട്ടായിരിക്കില്ല, സിനിമാ നടനായിട്ടായിരിക്കുമെന്നും അതിനുള്ള പണം വാങ്ങുമെന്നും സുരേഷ് ഗോപി പറഞ്ഞത് ഏറെ വിവാദമായിരുന്നു. പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സുരേഷ് ഗോപിയെ വിമർശിച്ചും ആളുകൾ രംഗത്തെത്തി.
പിന്നാലെ വിഷയത്തില്‍ മാധ്യമങ്ങള്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ അഭിപ്രായം തേടിയെങ്കിലും തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറുന്ന സമീപനമായിരുന്നു സുരേന്ദ്രന്റേത്. ഇതു സംസ്ഥാന നേതൃത്വവും സുരേഷ് ഗോപിയും തമ്മിലുള്ള ഭിന്നതയുടെ സൂചനയായി പലരും വിലയിരുത്തിയിരുന്നു. സംഭവം ചർച്ചയായതോടെ വാണിജ്യസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനു പോകുന്നതിന് പണം വാങ്ങിക്കുമെന്നാണ് പറഞ്ഞതെന്നു സുരേഷ് ഗോപിക്കു തിരുത്തി പറയേണ്ടി വന്നു.
കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന നേതൃത്വം അത്രസ്വര ചേര്‍ച്ചയിലായിരുന്നില്ല. കൂടിയാലോചന ഇല്ലാതെയുള്ള സുരേഷ് ഗോപിയുടെ പല നിലപാടുകളും സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്കു കാരണമായിരുന്നു. ഇതിനിടെയാണ് തുടർച്ചയായി നടത്തുന്ന വിവാദ പ്രസ്ഥാവനകളും.
മന്ത്രിയുടെ പുതിയ പ്രസ്താവന ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. തൃശൂരിലെ ജനങ്ങളെ അധിക്ഷേപിക്കുന്നതിനു തുല്യമാണ് മന്ത്രിയുടെ വാക്കുകൾ എന്ന ആരോപണമാണ് സി.പി.എം - കോൺഗ്രസ് സൈബർ ഗ്രൂപ്പുകളിൽ നിന്നു ഉയർന്നു വരുന്നത്. അതേ സമയം ബി.ജെ.പി കേന്ദ്രങ്ങൾ മന്ത്രിയുടെ പ്രസ്താവനയെ പ്രതിരോധിക്കാൻ കാര്യമായി രംഗത്തു വരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ബി.ജെ.പി. - ക്രൈസ്തവ കൂട്ടുകെട്ടിൻ്റെ ഫലമായാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം എന്ന വിലയിരുത്തലാണ് ഉള്ളത്. സി.പി.എമ്മിനും മേൽക്കൈ ഉള്ള പല നിയമസഭാ മണ്ഡലങ്ങളിലും മുന്നേറ്റം നടത്താൻ ബി.ജെ.പിക്കായിരുന്നു. ഇതേ ട്രെൻഡ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്ന പ്രതീക്ഷയും അതിന് അനുസരിച്ചുള്ള പ്രവർത്ത നങ്ങളുമാണ് ബി.ജെ.പി ഇപ്പോൾ നടത്തുന്നത്.
ഇതിനിടെ സുരേഷ് ഗോപി തുടർച്ചയായി നടത്തുന്ന വിവാദ പ്രസ്താവനകൾ പൊതുജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്നു എന്നാണ് ബി.ജെ.പി സംസ്ഥാന നേതാക്കളുടെ വിലയിരുത്തൽ. വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിനെ പോലും ഇതു ബാധിക്കുമെന്ന ആശങ്ക നേതാക്കൾക്കുണ്ട്. ചേലക്കരയിലും പാലക്കാടും ബി.ജെ.പി പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളാണ്.