/sathyam/media/media_files/malanad-karshakasree-award.jpg)
കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ ഏറ്റവും ഗുണനിലവാരമുള്ള പശുവിന്‍ പാല്‍ വിതരണക്കാരായ കാഞ്ഞിരപ്പള്ളി മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റി ക്ഷീരകര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡുകളുടെ വിതരണം ആവേശകരമായ അനുഭവമായി മാറി.
മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റിയ്ക്കു പാല്‍ നല്‍കുന്ന പതിനായിരത്തിലേറെ വരുന്ന ക്ഷീര കര്‍ഷകര്‍ക്കിടയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 13 കര്‍ഷകര്‍ക്ക് 4.75 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്.
അതിനു പുറമെ ക്ഷീര കര്‍ഷകരുടെ മക്കളില്‍ നിന്നും ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ 11 കുട്ടികള്‍ക്ക് 10000 രൂപ വീതവും പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടിക്ക് 25000 രൂപയുടെ ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.
മലനാട് ആസ്ഥാനത്തെ വിശാലമായ ഹാളില്‍ നടന്ന ചടങ്ങില്‍ രൂപതാ വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, മലനാട് ഡയറക്റ്ററും ഇന്‍ഫാം ദേശീയ ചെയര്‍മാനുമായ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
മലനാട് സ്ഥാപക ഡയറക്റ്റര്‍ ഫാ. മാത്യു വടക്കേമുറിയുടെ നാമധേയത്തില്‍ മലനാട് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം രൂപ സമ്മാനതുക ലഭിക്കുന്ന 'ഫാ. മാത്യു വടക്കേമുറി മെമ്മോറിയല്‍ മലനാട് ക്ഷീരശ്രീ സ്വര്‍ണ്‍ പതക് അവാര്‍ഡി' നു അര്‍ഹയായത് കൊച്ചറ കണയങ്കല്‍ സ്വദേശി റീജ ബിന്‍സനാണ്. 75,000 രൂപ സമ്മാനതുകയുള്ള 'മലനാട് ക്ഷീരശ്രീ രജത് പതക് അവാര്‍ഡി'നു കടുക്കാസിറ്റി ചിരട്ടവയലില്‍ ബാബു ജോസഫും അര്‍ഹനായി.
50,000 രൂപ സമ്മാനതുകയുള്ള 'മലനാട് ക്ഷീരശ്രീ കാന്‍സി പതക് അവാര്‍ഡ് ' മുരിക്കടി ഗണപതിപ്ലാക്കല്‍ ബേബി സെബാസ്റ്റ്യനും ലഭിച്ചു. നാലാം സമ്മാനമായ ' മലനാട് ക്ഷീരശ്രീ നക്ഷത്ര പതക് അവാര്‍ഡ് ' 10 പേര്‍ക്കാണ് സമ്മാനിച്ചത്. 25000 രൂപ വീതമാണ് ഇവര്‍ക്ക് സമ്മാനമായി നല്കിയത്.
'ഫാ. മാത്യു വടക്കേമുറി മെമ്മോറിയല്‍ മലനാട് മില്‍ക്ക് വിദ്യാശ്രീ' പുരസ്‌കാറിന് അര്‍ഹയായ പ്ലസ്ടുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയ കുട്ടിക്ക് 25000 രൂപയും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് 10000 രൂപ വീതവും ക്യാഷ് അവാര്‍ഡും പുരസ്‌കാരങ്ങളും നല്‍കി.
മികച്ച സംഘങ്ങള്‍ക്കുള്ള എവറോളിംഗ് ട്രോഫിയും, ക്ഷീര കര്‍ഷകര്‍ക്കുള്ള വേനല്‍ക്കാല ഇന്‍സെന്റീവും യോഗത്തില്‍ വിതരണം ചെയ്തു.
ഈ വര്‍ഷം മലനാടിന് പാല്‍ നല്കിയ കര്‍ഷകര്‍ക്ക് ലിറ്റര്‍ ഒന്നിന് 5 രൂപ വീതം ഇന്‍സെന്റീവ് വിതരണം ചെയ്തതും ക്ഷീര കര്‍ഷകര്‍ക്ക് ആവേശകരമായ അനുഭവമായി മാറി. മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെവാര്‍ഷിക പൊതുയോഗവും ഫാ. മാത്യു വടക്കേമുറിയില്‍ മെമ്മോറിയല്‍ അവാര്‍ഡുകളുടെ വിതരണവും ഉദ്ഘാടനം ചെയ്തത് വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലായിരുന്നു. മലനാട് ഡയറക്റ്റര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ അധ്യക്ഷത വഹിച്ചു.
കൈ നിറയെ സമ്മാനങ്ങളുമായി മനം നിറഞ്ഞായിരുന്നു കര്‍ഷകര്‍ മടങ്ങിയത്. പാലിന്‍റെ ഗുണനിലവാരം ഉയര്‍ത്താനും ഉത്പാദനം വര്‍ദ്ധിപ്പിക്കാനും വേണ്ട ശാസ്ത്രീയ അറിവും നിര്‍ദേശങ്ങളും കര്‍ഷകര്‍ക്ക് നല്‍കുന്നതിന് പുറമെ ഇത്തരത്തില്‍ പ്രോത്സാഹനവും നല്‍കിയാണ് മലനാടിനൊപ്പം കര്‍ഷകരെയും ഈ സ്ഥാപനം സംരക്ഷിക്കുന്നത്.