ഓണക്കാലമെത്തി; ഉണർവിൽ കേരളത്തിലെ കാർ വിപണി. ഉപഭോക്താക്കളെ ആകർഷിക്കാൻ ഒരു ലക്ഷം രൂപയ്ക്കടുത്ത് ക്യാഷ്ബാക്ക് ഓഫറുകളും. വമ്പൻ ഓഫറുകൾക്ക് പിന്നിൽ രാജ്യത്തെ കാർ വിൽപ്പനയിൽ ഉണ്ടായ മാന്ദ്യം

ജനപ്രീയ ബ്രാൻഡുകളായ മാരുതി, റ്റാറ്റാ, ടൊയോട്ടാ, കിയ തുടങ്ങി നിരവധി വാഹനങ്ങൾ ഇതിനോടകം തന്നെ ഓണം ഓഫറുകൾ പുറത്തിറക്കി കഴിഞ്ഞു.

New Update
car market

കോട്ടയം: ഓണക്കാലമെത്തി, ഉണർവിൽ കേരളത്തിലെ കാർ വിപണി. ഓണത്തോടനുബന്ധിച്ച് മികച്ച ഓഫറുകളാണ് കാർ ഡീലർമാർ മുന്നോട്ട് വെയ്ക്കുന്നത്. ചിങ്ങം ഒന്നു മുതൽ വാഹന വിൽപ്പനയിൽ വർധനവ് ഉണ്ടായതായും ഡീലർമാർ പറയുന്നു.

Advertisment

രാജ്യത്തെ കാർ വിൽപ്പന രംഗത്ത് തുടരുന്ന ഇടിവിനെ മറികടക്കാനാണ് പല കമ്പനികളും ഇതിനോടകം മികച്ച ഓഫറുകൾ പ്രഖ്യാപിച്ചത്. ജനപ്രീയ ബ്രാൻഡുകളായ മാരുതി, റ്റാറ്റാ, ടൊയോട്ടാ, കിയ തുടങ്ങി നിരവധി വാഹനങ്ങൾ ഇതിനോടകം തന്നെ ഓണം ഓഫറുകൾ പുറത്തിറക്കി കഴിഞ്ഞു.

ഐ ഫോണും വിദേശ യാത്രയുമെല്ലാം ഓണ സമ്മാനങ്ങളുടെ പട്ടികയിൽ ഉണ്ട്. ഇതോടൊപ്പം ഒരു ലക്ഷം രൂപ വരെ ലാഭിക്കാനുള്ള അവസരവും പല കമ്പനികളും മുന്നോട്ട് വെക്കുന്നു. ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം എക്സ്ചേഞ്ച് ബോണസ്, കുറഞ്ഞ കാർ വായ്പ‌ാ പലിശ നിരക്ക്, എക്സ്റ്റൻഡഡ് വാറണ്ടി, സൗജന്യ സർവീസ് തുടങ്ങിയ പ്രത്യേക ഓഫറുകളുമുണ്ട്. ഇതോടൊപ്പം സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പനയും സജീവമാണ്.


ചിങ്ങം ഒന്നുമുതലാണ് കേരളത്തിലെ ഓണ വിപണി സജീവമാകുന്നത്. കോവിഡ് കാലത്തിനു ശേഷം കേരളത്തിൽ വാഹനം വാങ്ങുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇടക്ക് മങ്ങൽ ഉണ്ടായെങ്കിലും ഈ ട്രെൻഡ് തുടുകയാണെന്നാണ് ഡീലർമാർ പറയുന്നത്.


കോവിഡിനു ശേഷം വന്ന പൊതു ഗതാഗത സംവിധാനങ്ങളുടെ കുറവ് ചെറു വാഹനങ്ങളുടെ വർധനവിനും കാരണമായിട്ടുണ്ട്. ഇപ്പോഴും പല റൂട്ടുകളിലും സർവീസ് നടത്താൻ ബസ് ഇല്ലാത്ത അവസ്ഥ സംസ്ഥാനത്തുണ്ട്. ഇവ വാഹന വിപണിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു.

നിലവിലെ ഓണ ഓഫറുകളുടെ പിന്നിൽ രാജ്യത്തെ കാർ വിപണിയിൽ നിലനിൽക്കുന്ന ഇടിവുമുണ്ട്. ഫാക്ടറികളിൽ ഉത്പാദനം വർധിക്കുന്നുണ്ടെങ്കിലും ഡീലർഷിപ്പുകളിൽ നിന്നും പ്രതീക്ഷിച്ച വിൽപ്പന നടക്കാത്തതാണ് കമ്പനികൾക്ക് തിരിച്ചടിയായത്‌.


ഏതാണ്ട് 73,000 ലക്ഷം രൂപ വില വരുന്ന ഏഴുലക്ഷം യൂണിറ്റുകൾ വിവിധ ഷോറൂമുകളിലുണ്ടെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കിൽ പറഞ്ഞിരുന്നത്.


വിപണിയിലെ മെല്ലെപ്പോക്കിനെത്തുടർന്ന് ഉത്പാദനം വെട്ടിക്കുറയ്ക്കാൻ കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി-സുസുക്കി തീരുമാനിച്ചിരുന്നു. മറ്റു വാഹന നിർമാതാക്കളും ഇത്തരം നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. 

ലോക്സഭാ തെരഞ്ഞെടുപ്പും കടുത്ത ചൂടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ച അപ്രതീക്ഷിത മഴയുമാണ് വിൽപ്പന മാന്ദ്യത്തിന് കാരണമെന്നാണ് കരുതുന്നത്. ഇതോടൊപ്പം വാഹനം ഡീലറിൽ നിന്നും ഉപയോക്താവിന്റെ കൈകളിലെത്താനുള്ള ദിവസങ്ങൾ വർധിച്ചതും തിരിച്ചടിയായതായി കരുതുന്നവരുമുണ്ട്. ജൂണിൽ 62-67 ദിവസമെടുത്തിരുന്നെങ്കിൽ ഇപ്പോഴത് 70-75 ദിവസം വരെയായതായി വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Advertisment