/sathyam/media/media_files/MaQyN1Z4DTKCJWhdEdvL.jpg)
കോട്ടയം: നഗരസഭയിലെ മൂന്നു കോടി രൂപയുടെ പെന്‍ഷന്‍ ഫണ്ട് തട്ടിപ്പില്‍ അഞ്ചാമത്തെ സസ്‌പെന്‍ഷന്‍. നഗരസഭാ സെക്രട്ടറിയുടെ പി.എ ടു ആയ ഡെപ്യൂട്ടി മുൻസിപ്പല്‍ സെക്രട്ടറി ഫില്ലിസ് ഫെലിക്‌സിനെയാണു സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.
നഗരസഭയിലെ പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന അഖില്‍ സി.വര്‍ഗീസ് നടത്തിയ തട്ടിപ്പിനു ഫില്ലിസിനു വ്യക്തിപരമായ ഉത്തരവാദിത്വമുണ്ടെന്നും, മേല്‍നോട്ട വീഴ്ചയുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇവരെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.
ഗുണഭോക്താക്കള്‍ മരണപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനുള്ള മസ്റ്ററിങ് നടത്തിയില്ല, വിതരണ ലിസ്റ്റുകളും ബാങ്ക് അക്കൗണ്ട് നമ്പരുകളും ക്രേസ് ചെക്കിങ് നടത്തിയില്ല, നഗസഭയ്ക്കു വന്‍ സാമ്പത്തിക നഷ്ടം വരുത്താനും അഖില്‍ സി. വര്‍ഗീസിനു കൂടുതല്‍ പണാപഹരണം നടത്തുന്നതിനു സാഹചര്യമൊരുക്കി തുടങ്ങിയ കണ്ടെത്തലുകളെ തുടര്‍ന്നാണ് ഫില്ലിസ് ഫെലിക്‌സിനെ സസ്‌പെന്‍ഡ് ചെയ്തത്.
അഖില്‍ സി. വര്‍ഗീസിനൊപ്പം കോട്ടയം നഗരസഭയിലെ സൂപ്രണ്ട് എസ്.കെ. ശ്യാം, നിവില്‍ സെക്ഷന്‍ കൈകാര്യം ചെയ്യുന്ന പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ.ജി ബിന്ദു, സീനിയര്‍ ക്ലര്‍ക്ക് വി.ജി. സന്തോഷ് കുമാര്‍ എന്നിവര്‍ സസ്‌പെന്‍ഷനിലാണ്.
സൂപ്രണ്ട് എസ്.കെ. ശ്യാം പെന്‍ഷന്‍ വിതണം സംബന്ധിച്ച രജിസ്റ്ററും, ഫയലുകളും പരിശോധിച്ചില്ല, ഗുണഭോക്താക്കള്‍ മരണപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കുന്നതിനുള്ള മസ്റ്ററിങ് നടത്തിയില്ല, വിതരണ ലിസ്റ്റുകളും ബാങ്ക് അക്കൗണ്ട് നമ്പരുകളും തമ്മിലുള്ള ക്രോസ് ചെക്കിങ് കൃത്യമായി ചെയ്തില്ല, സ്ഥലംമാറിപ്പോയ ജീവനക്കാരനു വീണ്ടും കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ ലിസ്റ്റുകള്‍ കൈകാര്യം ചെയ്തു ക്രമക്കേട് തുടരുന്നതിന് അവസരം ഒരുക്കി തുടങ്ങിയ കണ്ടെത്തലുകളെ തുടർന്ന് സുപ്രണ്ട് എസ്.കെ. ശ്യാമിനെ സസ്പെൻഡ് ചെയ്തത്.
അഖില്‍ സ്ഥലം മാറിപോയ 2023 ഓക്‌ടോബറിനു ശേഷവും നഗരസഭയില്‍ പെന്‍ഷന്‍ വിതരണം അഖിലിനു ചെയ്യാന്‍ അവസരം ഒരുക്കിയിതിനു സിവില്‍ സെക്ഷന്‍ കൈകാര്യം ചെയ്യുന്ന പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ.ജി ബിന്ദുവിനെയും
പെന്‍ഷന്‍ വിതരണ രജിസ്റ്ററും ബാങ്ക് അക്കൗണ്ട് നമ്പരുകളും തമ്മിലുള്ള ക്രോസ് ചെക്കിങ് നടത്താത്തതിനും സ്ഥലം മാറി പോയ ഉദ്യോഗസ്ഥനു വീണ്ടും തട്ടിപ്പിന് അവസരം ഒരുക്കി എന്നീ കാരണത്താൽ സീനിയര്‍ ക്ലര്‍ക്ക് വി.ജി. സന്തോഷ് കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നത്. കഴിഞ്ഞ ഏഴിനാണു തട്ടിപ്പു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്.
എന്നാല്‍ പി.എ ടുവിനെ സസ്‌പെന്‍ഡ് ചെയ്തിട്ടും സെക്രട്ടറിയെ സര്‍ക്കാര്‍ സംരക്ഷിച്ചു നിര്‍ത്തുന്നത് നഗരസഭ ഭരണം അട്ടിമറിക്കാനാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. 29ന് ആണ് നഗരസഭയില്‍ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. എല്‍.ഡി.എഫിന് അവിശവാസം വിജയിക്കാന്‍ ബി.ജെ.പി പിന്തുണ ആവശ്യമാണ്.