കുമരകത്തിന്റെയും അയ്മനത്തിന്റെയും ശോഭ കെടുത്തി മാലിന്യം തള്ളല്‍. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ എത്തുന്നവര്‍ മാലിന്യം കണ്ടു മൂക്കു പൊത്തേണ്ട അവസ്ഥ. വലിച്ചെറിയല്‍ മുക്ത ക്യാമ്പയിനെ അധികൃതരും വലിച്ചെറിഞ്ഞു

കുമരകം അയ്മനം ഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച "വലിച്ചെറിയല്‍ മുക്ത കേരളം" ക്യാമ്പയിന് തുടക്കമായെങ്കിലും പദ്ധതിക്കായി പലയിടങ്ങളിലും മാലിന്യം നിക്ഷേപിക്കാനുള്ള സജ്ജീകരണങ്ങള്‍ പോലും ഒരുക്കിയിട്ടില്ല. 

New Update
kumarakom waste disposal

കോട്ടയം: ടൂറിസം കേന്ദ്രങ്ങളായി വളര്‍ന്നുകൊണ്ടിരിക്കുന്ന കുമരകത്തിന്റെയും അയ്മനത്തിന്റെയും ശോഭ കെടുത്തി മാലിന്യം തള്ളല്‍. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ എത്തുന്നവര്‍ മാലിന്യം കണ്ടു മൂക്കു പൊത്തേണ്ട അവസ്ഥയാണുള്ളത്. 

Advertisment

കുമരകം അയ്മനം ഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച "വലിച്ചെറിയല്‍ മുക്ത കേരളം" ക്യാമ്പയിന് തുടക്കമായെങ്കിലും പദ്ധതിക്കായി പലയിടങ്ങളിലും മാലിന്യം നിക്ഷേപിക്കാനുള്ള സജ്ജീകരണങ്ങള്‍ പോലും ഒരുക്കിയിട്ടില്ല. 

ഒരുക്കിയിട്ടുള്ളിടത്താകട്ടേ മാലിന്യം ഇതിനു ചുറ്റം വലിച്ചെറിയുന്ന നിലയിലുമാണ്. പലപ്പോഴും മാലിന്യം കുന്നുകൂടി കിടന്നാലും നീക്കം ചെയ്യില്ലെന്ന ആക്ഷേപവും നാട്ടുകാര്‍ ഉന്നയിക്കുന്നു. 


തദ്ദേശീയരേയും, സഞ്ചാരിക്കളെയും ഒരുപോലെ മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വലിച്ചെറിയല്‍ മുക്ത പദ്ധതിക്ക് തുടക്കം കുറിച്ചത്. കൃത്യമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം നാടിന്റെ സംസ്‌കാരമാക്കി മാറ്റണമെന്നായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി വി.എന്‍ വാസവന്റെ പ്രഖ്യാപനം. പക്ഷേ ഇതൊന്നും നടപ്പായില്ലെന്നു മാത്രം.


കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്ത് കായല്‍ സൗന്ദര്യം അസ്വദിക്കാന്‍ നിത്യേന നൂറു കണക്കിന് സഞ്ചാരികളാണ് വന്ന് പോവുന്നത്. കായല്‍ യാത്രയില്‍ കൈയില്‍ കരുതിയ മാലിന്യം വലിച്ചെറിയുമ്പോള്‍ ഇത് വലിയ മാലിന്യ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. 

കഴിഞ്ഞ ദിവസം അയ്മനം പഞ്ചായത്ത് 20-ാം വാര്‍ഡില്‍ ചീപ്പുങ്കല്‍ പാലത്തിന് സമീപം  സഹകരണ ബാങ്കിന്റെ എതിര്‍വശത്ത് റോഡിലും റോഡരികിലുമായി വലിയ ടാങ്കര്‍ ലോറികളിലെത്തിച്ച് കക്കൂസ് മാലിന്യം തള്ളിയിരുന്നു.

വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രധാന ഭാഗമായ ചീപ്പുങ്കലില്‍ മാലിന്യം തള്ളിയതോടെ പറഞ്ഞറിയിക്കാന്‍ കഴിയുന്നതിനപ്പുറത്തെ ദുര്‍ഗന്ധമാണ് ഇതുമൂലം സമീപവാസികളും ഇവിടെയെത്തുന്ന സഞ്ചാരികളും സഹിക്കുന്നത്.

ദുര്‍ഗന്ധം കാരണം വീടിന്റെ വാതിലുകളും ജനലുകളുമടച്ച് പുറത്തിറങ്ങാന്‍ പോലുമാകാത്ത അവസ്ഥയാണ് തങ്ങള്‍ക്കെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് സാംക്രമിക രോഗങ്ങള്‍ ഉള്‍പ്പടെ പടരുമോയെന്ന് ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് മാലിന്യം നീക്കം ചെയ്യണമെന്നും ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.


കഴിഞ്ഞ വര്‍ഷം പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ചു വിവരം നല്‍കിയാല്‍ മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനമോ പരമാവധി 2500 രൂപയോ പാരിതോഷികം ലഭിക്കുമായിരുന്നു. ഇതിനെക്കുറിച്ചു പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ബോധവല്‍ക്കരണവും പ്രചാരണവും ഒക്കെ നടത്തിയിരുന്നു. എന്നാല്‍, ഇന്ന് ഇതു സംബന്ധിച്ചുള്ള പ്രചാരണവും നിലച്ചമട്ടാണ്.


മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് വിവരം നല്‍കുന്നവര്‍ക്കായിരുന്നു പണം ലഭിക്കുക. വിവരം കൈമാറിയാല്‍ 7 ദിവസത്തിനകം തീര്‍പ്പുണ്ടാകും. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് പിഴ ഈടാക്കിയാല്‍ 30 ദിവസത്തിനകം വിവരം നല്‍കിയ ആളുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി പാരിതോഷിക തുക എത്തും.

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ കുറഞ്ഞത് 250 പിഴ. ജലാശയങ്ങളില്‍ 5,000 മുതല്‍ 50,000 വരെയും. 1000 പിഴ ഈടാക്കിയാല്‍ 250 ഉം 50,000 പിഴ ഈടാക്കിയാല്‍ പരമാവധി 2500 ഉം പാരിതോഷികമായി ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.

Advertisment