/sathyam/media/media_files/jrAHYdjNueahNy30N1dP.jpg)
ഏറ്റുമാനൂര്‍: നഗര ഹൃദയത്തില്‍ സ്ഥതി ചെയ്യുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കാതായിട്ട് പത്തു വര്‍ഷം. സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് കല്‍നട യാത്രക്കാരടക്കം ബുദ്ധിമുട്ടില്‍.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സിഗ്‌നല്‍ ലൈറ്റ് പ്രവര്‍ത്തിച്ചത് പരീക്ഷണാടിസ്ഥാനത്തില്‍ നാലു ദിവസം മാത്രം. നാളിതുവരെ സിഗ്‌നല്‍ ലൈറ്റ് പ്രവര്‍ത്തിപ്പിക്കുവാനോ, ഉപയോഗ ശൂന്യമെങ്കില്‍ ഇവിടെ നിന്നു മാറ്റുവാനോ അധികൃതര്‍ തയാറായിട്ടില്ല.
10 വര്‍ഷം മുമ്പു പഞ്ചായത്തായിരുന്ന കാലത്താണ് സെന്‍ട്രല്‍ ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചത്. ജില്ലയിലെ തന്നെ ഏറ്റവും തിരക്കേറിയ സ്ഥലമാണ് ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷന്‍.
എട്ടു ദിശകളില്‍ നിന്നായി നൂറു കണക്കിന് വാഹനങ്ങള്‍ ഇടതടവില്ലാതെ ഇതുവഴി കടന്നുപോകുന്നുണ്ട്. പകല്‍ സമയങ്ങളില്‍ ഗതാഗതക്കുരുക്കില്‍പ്പെടാതെ ഏറ്റുമാനൂര്‍ കടന്നുകിട്ടുക പ്രയാസകരമാണ്. തിരക്കേറിയ ദിവസങ്ങളില്‍ കുരുക്കില്‍പ്പെടുന്ന സമയം നീളൂം.
തിരക്കും കുരുക്കും രൂക്ഷമായതോടെയാണു സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പരീക്ഷണ അടിസ്ഥാനത്തില്‍ നാലു ദിവസം മാത്രമാണു ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തിപ്പിച്ചത്.അതിനുശേഷം നാളിതുവരെ ഈ ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തിച്ചിട്ടില്ല.
സിഗ്നല്‍ലൈറ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കാല്‍നട യാത്രക്കാരാണ്. സിഗ്‌നല്‍ ലൈറ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ മഴയെത്തും വെയിലത്തും സെന്‍ട്രല്‍ ജങ്ഷനില്‍ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ബുദ്ധിമുട്ടുന്നതു പതിവു കാഴ്ചയാണ്.
ഇതറിയാവുന്ന പോലീസും ശാശ്വതമായ നടപടി സ്വീകരിക്കുന്നില്ല. ഓണം വരുന്നതിനാല്‍ വരും ദിവസങ്ങളില്‍ നഗരത്തില്‍ തിരക്കേറും. ഈ സാഹചര്യത്തില്‍ സിഗ്‌നല്‍ ലൈറ്റ് പുനസ്ഥാപിക്കാന്‍ അടിയന്തിര നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.