മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്. പുതിയ ചുമതല മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ചതിനെ തുടര്‍ന്ന്. പൗരാണിക രൂപതയ്ക്കു ഇനി യുവത്വത്തിന്റെ മുഖം

75 വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ചതിനു പിന്നാലെയാണു പുതിയ മെത്രാനായി നിലവിലെ സഹായ മെത്രാനായിരുന്ന മാര്‍ തോമസ് തറയിലിനെ തെരഞ്ഞെടുത്തത്.

New Update
mar thomas tharayil

കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയിലിനെ തെരഞ്ഞെടുത്തു. 75 വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ചതിനു പിന്നാലെയാണു പുതിയ മെത്രാനായി നിലവിലെ സഹായ മെത്രാനായിരുന്ന മാര്‍ തോമസ് തറയിലിനെ തെരഞ്ഞെടുത്തത്.


Advertisment

കഴിഞ്ഞ ഏഴു വര്‍ഷമായി സഹായ മെത്രാനായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു. അന്‍പത്തി രണ്ടാം വയസിലാണു മാര്‍ തോമസ് തറയിലിനെ തേടി വലിയ ചുമതലയെത്തുന്നത്. സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു പ്രഖ്യാപനം.


ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ഇടവക തറയില്‍ പരേതനായ ടി.ജെ. ജോസഫിന്റെയും മറിയാമ്മയുടെയും ഏഴ് മക്കളില്‍ ഇളയവനാണു ബിഷപ് മാര്‍ തറയില്‍. 1972 ഫെബ്രുവരി രണ്ടിനാണു ജനനം. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനവും എസ് ബി കോളജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി.

1989 ല്‍ വൈദിക പരിശീലനത്തിനായി കുറിച്ചി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്നു വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്വശാസ്ത്ര പഠനവും ദൈവ ശാസ്ത്ര പഠനവും നടത്തി. 2000 ജനുവരി ഒന്നിന് ആര്‍ച്ച് ബിഷപ് മാര്‍ പവ്വത്തിലില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അതിരമ്പുഴ, നെടുംകുന്നം, എടത്വാ പള്ളികളില്‍ സഹ വികാരിയായും താഴത്തുവടകര പള്ളിയില്‍ വികാര്‍ അഡ്മിനിസ്‌ട്രേറ്ററായും ശുശ്രൂഷ ചെയ്തു.


2004ല്‍ ഉപരിപഠനത്തിനു റോമിലേക്കു പോയി. പ്രസിദ്ധമായ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മനശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. തുടര്‍ന്ന് പുന്നപ്ര ദനഹാലയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്യുന്നതിനിടെയാണ് സഹായ മെത്രാനായി ചുമതലയേറ്റെടുക്കുന്നത്.


മനശാസ്ത്ര സംബന്ധമായ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. വിവിധ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനാണ്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.

Advertisment