/sathyam/media/media_files/IO4LY5wFSMKtzpk56v7c.jpg)
കോട്ടയം: ചങ്ങനാശേരി അതിരൂപതയയ്ക്കു മാര്‍ തോമസ് തറയിയിലൂടെ ലഭിക്കുന്നതു യുവത്വത്തിന്റെ മുഖം. തന്റെ അന്‍പത്തി രണ്ടാം വയസിലാണു മാര്‍ തോമസ് തറയില്‍ പൗരാണിക രൂപതയായ ചങ്ങനാശേരി അതിരൂപതയുടെ തലപ്പത്തേയ്ക്കു എത്തുന്നത്. ഏഴു വര്‍ഷം മുന്‍പാണ് അദ്ദേഹം സഹായ മെത്രാനായി അഭിഷിക്തനാവുന്നത്.
റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്നു മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടിയിട്ടുള്ള മാര്‍ തറയില്‍ എന്നും ശക്തമായ നിലപാടുകളാല്‍ ശ്രദ്ധേയനായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതിയിലെ വിമത നീക്കം മുതല്‍ കാതല്‍ ദി കോര്‍ സിനിമയും പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനെ വരെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
വര്‍ഗീയ ശക്തികള്‍ക്കെതിരെയും അദ്ദേഹത്തിന്റെ പ്രസംഗം പലപ്പോഴും ചര്‍ച്ചയാക്കപ്പെട്ടിട്ടുണ്ട്. ഏതെങ്കിലുമൊരു ദുര്‍ബലനായ മനുഷ്യനെങ്കിലും ഭയപ്പെട്ടു ജീവിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അതു രാജ്യത്തിന്റെ പരാജയമാണെന്നു മണിപ്പൂര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞത്.
മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോടു ജാഗ്രത വേണം. ഏതു ന്യൂനപക്ഷങ്ങള്‍ക്കും ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. നമ്മുടെ അഭിപ്രായം എവിടെയും നിര്‍ഭയം പ്രകടിപ്പിക്കാന്‍ കഴിയണമെന്നും ദുഖവെള്ളി ആചരണത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലും അദ്ദേഹം പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു.
സീറോ മലബാര്‍ സഭയില്‍ പ്രാബല്യത്തില്‍ വരുത്തിയ ഏകീകൃത കുര്‍ബാന ക്രമത്തിനു വിരുദ്ധമായി നില്‍ക്കുന്നവരെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തുക്കൊണ്ടും അദ്ദേഹം രംഗത്തു വന്നിട്ടുണ്ട്. കുര്‍ബാനയുടെ സമയത്തു വെറും 15 മിനിട്ടു അച്ചന്‍ അള്‍ത്താരയിലേക്കു നോക്കി പ്രാര്‍ഥിച്ചാല്‍ എന്താണിത്ര പ്രശ്‌നം എന്ന് അന്ധാളിക്കുന്ന ലക്ഷക്കണക്കിനു ജനങ്ങളുണ്ട് സിറോ മലബാര്‍ സഭയില്‍.
15 മിനിട്ടു അള്‍ത്താരാഭിമുഖവും ബാക്കി സമയം ജനാഭിമുഖവും നില്‍ക്കാന്‍ പറയുന്നത് ഇത്ര വലിയ ഒരു 'വഞ്ചന'യാണോയെന്നും ബിഷപ്പ് ചോദിച്ചിരുന്നു. മാര്‍പാപ്പയോടൊപ്പമാണെന്നു പറയുകയും മാര്‍പാപ്പയ്ക്ക് ദുഃഖം ഉണ്ടാകുന്ന തരത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കുപ്പത്തൊട്ടിയില്‍ എറിയുകയും ചെയ്യുന്നതു വിരോധാഭാസമാണെന്നു അദ്ദേഹം പരസമായി പറയുകയും ചെയ്തു.
സഭാ വിഷയങ്ങള്‍ക്കൊപ്പം സമകാലിക വിഷയങ്ങളില്‍ ശക്തമായി ഇടപ്പെട്ടിരുന്ന തറയില്‍ മമ്മൂട്ടി - ജിയോ ബേബി കൂട്ടുകെട്ടില്‍ പിറന്ന കാതല്‍ ദി കോര്‍ സിനിമയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. കാതല്‍ സിനിമ സഭയെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വേദിയില്‍ ഈശോയുടെ തിരുവത്താഴം വികലമാക്കി അവതരിപ്പിച്ചതിനെയും മാര്‍ തോമസ് തറയില്‍ ശക്തമായി പ്രതികരിച്ചിരുന്നു. ഫ്രാന്‍സ് അന്ത്യ അത്താഴ ചിത്രത്തെ വളരെ മ്ലേച്ഛമായ രീതിയില്‍ ചിത്രീകരിച്ചു കയ്യടി വാങ്ങി എന്നു അദ്ദേഹം പറഞ്ഞു.
വിശുദ്ധ കുര്‍ബാനയെന്ന നമ്മുടെ ദിവ്യ രഹസ്യത്തെ തന്നെ ഒരു കോമാളിത്തത്തോടുകൂടി അവതരിപ്പിക്കുകയായിരുന്നു. അതിന്റെ പ്രസക്തി എന്തായിരുന്നു ഒളിമ്പിക്‌സില്‍ എന്ന് ഒരു പിടിയുമില്ല. മറ്റേതെങ്കിലും ഒരു മതത്തിന്റെ എതെങ്കിലും പ്രീതികത്തെകുറിച്ചു മിണ്ടാന്‍ അവര്‍ക്കു ധൈര്യമില്ല. ഉണ്ടാവുകയില്ല. പിന്നെ അവിടെ ഒളിമ്പിക്‌സ് നടക്കില്ല.
നമ്മള്‍ ക്രൈസ്തവര്‍ വചനാധിഷ്ഠിതമായി ജീവിക്കുന്നതുകൊണ്ടാണു നമ്മളെ ഒക്കെ ആക്ഷേപിച്ചാലും സാരമില്ല, കുഴപ്പമില്ല എന്നൊക്കെയുള്ള ഒരു രീതിയിലേക്കാണ് കാര്യങ്ങള്‍ വരുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.